വാളയാർ അമ്മ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ | ഫോട്ടോ: ശംഭു വി.എസ്|മാതൃഭൂമി
തല മുണ്ഡനം ചെയ്ത ഒരമ്മ രണ്ട് കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിക്കാട്ടി വിലപിച്ചുകൊണ്ട് അഭ്യര്‍ത്ഥിക്കുകയാണ്: എനിക്കൊരു വോട്ട് തരൂ... എന്നെ സഹായിക്കൂ.. തലശേരി നഗരത്തോടു ചേര്‍ന്നു കിടക്കുന്ന, ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ ചക്കരക്കല്ല് ടൗണിലാണ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ അന്ന് വോട്ട് ചോദിക്കാനിറങ്ങിയത്. കയ്യിലുള്ളത് രണ്ട് കുഞ്ഞുടുപ്പ് മാത്രം. പന്ത്രണ്ടും ഒമ്പതും വയസുള്ള, ദുരൂഹമരണത്തിന് ഇരയായ രണ്ട് കുഞ്ഞുങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന കുഞ്ഞുടുപ്പുകള്‍. കൂടെയുള്ളത് വളരെക്കുറച്ചു പേര്‍ മാത്രം. പേരിനൊരു അനൗണ്‍സ്‌മെന്റ് വണ്ടിയും ഒപ്പമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ച(25.03.2021)യാണ് നീതിനിഷേധത്തിന് മറുപടി ചോദിക്കാന്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ അമ്മ ആദ്യമായി പ്രചാരണത്തിന് ഇറങ്ങുന്നത്. അതിന് ഒരു മണിക്കൂര്‍ മുമ്പ് തലശേരിയിലെ ഒരു ഹോട്ടലില്‍ അവരോട് സംസാരം തുടങ്ങുമ്പോള്‍ മനസ് മടുത്തിരുന്നു. എന്താണ് ചോദിക്കുക, എങ്ങനെയാണ് അവരെ നേരിടുക എന്നറിയാതെ മണിക്കൂറുകളോളം മനസ്സിലുണ്ടായിരുന്ന സംഘര്‍ഷത്തിന്റെ അവസാനമായിരുന്നു അത്.
എല്ലാ സമരമുറകളും പയറ്റി നോക്കിയിട്ടും ലക്ഷ്യം കാണാതെ, എല്ലാ പ്രതീക്ഷകളും അസ്തമിച്ചിട്ടും മനസാക്ഷിയെ മാത്രം വിശ്വസിച്ച് വാളയാറില്‍നിന്ന് ധര്‍മ്മടത്തേക്ക് യാത്ര തിരിച്ച ഒരമ്മയെ തേടിയായിരുന്നു യാത്ര. വിജയിക്കാനല്ല ഈ അമ്മയ്ക്ക് സ്ഥാനാര്‍ഥിത്വം, മറിച്ച് ഒരു പ്രതിഷേധമാണ്. ചോരനിറം പുരണ്ട രണ്ട് കുഞ്ഞുടുപ്പുകള്‍ നീട്ടി അവര്‍ വോട്ട് ചോദിക്കുന്നത് രാഷ്ട്രീയം പറഞ്ഞല്ല, ജീവിതം പറഞ്ഞാണ്...
ധര്‍മ്മടത്തേക്കുള്ള യാത്രയ്ക്കിടെ ഓര്‍ത്തത് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളേയും നഷ്ടപ്പെട്ട അമ്മയുടെ മുഖത്ത് നോക്കി മക്കളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എന്ത്, എങ്ങനെ ചോദിക്കണമെന്നായിരുന്നു. ഞാനൊരമ്മയല്ലേ, എന്റെ കണ്ണീരിന് ഈ നാട്ടില്‍ വിലയില്ലേ എന്ന് അവര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഉത്തരമില്ലാതായിപ്പോയത് എനിക്ക് മാത്രമായിരുന്നില്ല, കേരളത്തില്‍ മനസ്സു മരവിച്ചിട്ടില്ലാത്ത ഓരോ മനസാക്ഷിക്കുമാണ്..
നാല് കൊല്ലത്തെ അനുഭവങ്ങള്‍ നല്‍കിയ കരുത്ത് മുഖത്ത് കാണാമെങ്കിലും തീരാവേദനയുടെ നിഴല്‍ ഇപ്പോഴുമുണ്ട് അവരുടെ കണ്ണില്‍. ഒരു മണിക്കൂറോളം നീണ്ട സംസാരത്തിനിടെ നിരവധി തവണ അവര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. സര്‍ക്കാര്‍ നീതി നല്‍കിയില്ലെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു. വാക്കുകള്‍ കിട്ടാതെ നിശബ്ദമായി, എന്ത് ചെയ്യണമെന്നറിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി.
മക്കളാണ് രാഷ്ട്രീയം, ധര്‍മം തേടിയാണ് ധര്‍മ്മടത്തേക്ക് വന്നത്
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടു കണ്ണുകളാണ് നഷ്ടപ്പെട്ടതെന്ന് പറയുകയാണ് വാളയാര്‍ അമ്മ. ജയിക്കുകയോ എം.എല്‍.എയാവുകയോ മന്ത്രിയാവുകയോ ഒന്നും വേണ്ട. പക്ഷെ തന്ന വാക്ക് എന്തുകൊണ്ട് പാലിച്ചില്ലെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. അതിനുള്ള അവസരമായാണ് ധര്‍മടത്തെ സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്. മത്സരത്തിലുപരി ഇതൊരു പ്രതിഷേധമാണ്, നീതിക്ക് വേണ്ടി തെരുവില്‍ അലയേണ്ടി വന്ന, തല മുണ്ഡനം ചെയ്യേണ്ടി വന്ന ഒരമ്മയുടെ പ്രതിഷേധം. ഈ മത്സരത്തില്‍ മക്കളേക്കാള്‍ വലിയൊരു രാഷ്ട്രീയവും തനിക്കില്ലെന്നും വാളയാര്‍ അമ്മ പറയുന്നു.
മക്കള്‍ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു. നീതി തേടി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തന്ന മൂന്ന് ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഇവരുടെ ആരോപണം. കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇനിയും കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായിട്ടില്ല. കേസ് അട്ടിമറിച്ചുവെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട് വന്നെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പകരം അവര്‍ക്ക് സ്ഥാനക്കയറ്റവും കൊടുത്തു. കുടുംബം ആവശ്യപ്പെട്ടാല്‍ ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷണം നടത്താമെന്ന് ഉറപ്പ് തന്നെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല.

'മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചിരുന്ന ഞങ്ങള്‍ പിന്നെ കേട്ടത് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം കൊടുത്തുവെന്നാണ്. ഈ വാര്‍ത്ത കേട്ട് ആകെ തകര്‍ന്നു. പണമോ സ്വാധീനമോ ഇല്ല. ആകെയുള്ളത് മൂന്നര സെന്റ് സ്ഥലവും അതിലൊരു കൂരയുമാണ്. അത് വിറ്റിട്ടാണെങ്കിലും കേസന്വേഷണം ആവശ്യപ്പെട്ട് സമരത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സമരം ചെയ്ത് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണ് കേസ് സി.ബി.ഐക്ക് സര്‍ക്കാര്‍ വിട്ടത്. പക്ഷെ, ഇന്നും സര്‍ക്കാര്‍ അതിന്റെ ഫയലൊന്നും സി.ബി.ഐക്ക് കൈമാറിയിട്ടില്ല. ഈ കേസില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല.'
'ഒക്ടോബറില്‍ വീടിന് രണ്ട് കിലോ മീറ്റര്‍ അപ്പുറം മദ്യദുരന്തം നടന്ന സ്ഥലത്ത് മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ വീട്ടില്‍ ഏഴ് ദിവസം സത്യാഗ്രഹസമരം നടത്തുകയാണ് ഞാന്‍. വാളയാറിലെ അമ്മ സമരം നടത്തുന്ന കാര്യം മാധ്യമസുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അമ്മ എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ലെന്നാണ് അന്ന് മന്ത്രി ബാലന്‍ പറഞ്ഞത്. പട്ടികജാതിക്കാരെ സംരക്ഷിക്കേണ്ട മന്ത്രി തന്നെയാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഈ സര്‍ക്കാരിനേയും മന്ത്രിമാരേയും ഞങ്ങള്‍ എങ്ങനെയാണ് വിശ്വസിക്കേണ്ടത്? പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി സര്‍ക്കാരും കോടതിയും സമ്മതിക്കുന്നു. എന്നിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.' അമ്മ പറഞ്ഞു.
അച്ഛനെ വിളിച്ചുവരുത്തി കുറ്റമേല്‍ക്കാന്‍ പറഞ്ഞ പോലീസ്
കേസ് നടക്കുന്നതിനിടെ ഡിവൈ.എസ്.പി. കുട്ടികളുടെ അച്ഛനെ വിളിച്ചുവരുത്തി കുറ്റമേറ്റെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും വാളയാര്‍ അമ്മ പറഞ്ഞു. ഒരുപാട് അച്ഛന്മാര്‍ ഇങ്ങനെ ചെയ്യുന്നുണ്ട്, കുറ്റമേറ്റെടുക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ഒമ്പതും പതിനൊന്നും വയസ്സുള്ള എന്റെ മക്കള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ശാരീരികമായി ബന്ധപ്പട്ടത് എന്നുവരെ പോലീസുകാര്‍ പറഞ്ഞതെന്ന് കരഞ്ഞുകൊണ്ടാണ് അവര്‍ പറഞ്ഞൊപ്പിച്ചത്. ഒരമ്മയ്ക്കും ഇതൊന്നും വിശ്വസിക്കാനാവില്ല, ഇതൊന്നും കേട്ടുനില്‍ക്കാനാവില്ലെന്ന് പറഞ്ഞതിനു പിന്നാലെ അമ്മ പൊട്ടിക്കരഞ്ഞു. നമ്മളൊക്കെ പെണ്ണുങ്ങളല്ലേ, ഏതെങ്കിലും അമ്മമാര്‍ ഇങ്ങനെയൊക്കെ ചിന്തിക്കുമോ എന്നവര്‍ തിരിച്ചുചോദിച്ചപ്പോള്‍ ഉണ്ടായ കണ്ണീരില്‍ ഈ നാല് വര്‍ഷങ്ങളായി അവര്‍ നേരിടുന്ന ആരോപണങ്ങളുടെ മുനകള്‍ അലിഞ്ഞുപോകുന്നതു പോലെയാണ് തോന്നിയത്.
(മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടികളുടെ അച്ഛനെ ഡിവൈ.എസ്.പി. വിളിപ്പിച്ച അന്ന് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈ.എസ്.പി. സോജന്‍ നിര്‍ബന്ധിച്ചതെന്ന് കുട്ടികളുടെ അച്ഛന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കേസ് എടുത്താല്‍തന്നെ രക്ഷിക്കാമെന്ന് സോജന്‍ ഉറപ്പ് നല്‍കിയെന്നായിരുന്നു ഷാജിയുടെ തുറന്നുപറച്ചില്‍. ഇളയ മകള്‍ മരിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് കസബ പോലീസ് സ്‌റ്റേഷനിലെത്തിച്ച് കുറ്റമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.)

ഞങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ദൈവം കൂലി കൊടുക്കട്ടെ
മക്കള്‍ പീഡനത്തിനിരയായ കാര്യം രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളോട് 'വേണ്ടാതീനം പറയുന്നവര്‍ക്ക് ദൈവം കൂലി കൊടുക്കട്ടേ എന്നായിരുന്നു വാളയാര്‍ അമ്മയുടെ പ്രതികരണം. ഒമ്പതും പതിനൊന്നും വയസ്സുവരെ ഞാന്‍ വളര്‍ത്തിയ കുട്ടികളാണത്. അവരെ ഇരയായി ഇട്ടുകൊടുക്കണം എന്നാണെങ്കില്‍ അവരെ ഇത്രയും വളര്‍ത്തേണ്ട കാര്യമുണ്ടോ എനിക്ക്, ജനിച്ചപ്പോള്‍ തന്നെ കൊലപ്പെടുത്താമായിരുന്നല്ലോ.
കൂലിപ്പണിയെടുത്താണ് ഞാന്‍ എന്റെ മക്കളെ വളര്‍ത്തിയത്. വീട്ടിലെ കഷ്ടപ്പാടുകൊണ്ട് മക്കളെ മഠത്തിലാക്കിയാണ് പഠിപ്പിച്ചത്. ആദ്യമായി ആര്‍ത്തവം തുടങ്ങിയപ്പോള്‍ തല്‍ക്കാലത്തേക്ക് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒന്നര വര്‍ഷം മാത്രമാണ് മക്കളെ സ്ഥിരമായി ഒപ്പം കിട്ടിയത്. അങ്ങനെ ഒരുദിവസം ഞങ്ങള്‍ വാര്‍ക്കപ്പണിക്ക് പോയപ്പോഴാണ് മക്കള്‍ പീഡനത്തിനിരയായത്. കേസിലെ ഒന്നാം പ്രതി ചെറിയച്ഛന്റെ മകനാണ്, രണ്ടാം പ്രതി ചേച്ചിയുടെ മകനാണ്. പണിക്ക് പോയി എത്താന്‍ വൈകിയാല്‍ മക്കളെ നോക്കേണ്ട സഹോദരന്മാരാണ് അവരെ ഇങ്ങനെ... ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നറിയാത്ത അവസ്ഥയാണ്.
മൂത്ത മകള്‍ മരിച്ച ദിവസം ഷെഡ്ഡില്‍നിന്നും രണ്ടു പേര്‍ മുഖം മൂടി പുറത്തേക്ക് പോകുന്നത് കണ്ടുവെന്ന് ഇളയ മകള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്റെ മടിയിലിരുന്ന് വിറച്ചുകൊണ്ടാണ് കുഞ്ഞ് പോലീസിന് മൊഴി നല്‍കിയത്. മോള്‍ക്ക് തോന്നിയതല്ലേ എന്നാണ് പോലീസുകാര്‍ തിരിച്ചുമറിച്ചും ഇളയമകളോട് ചോദിച്ചത്. അന്ന് കുഞ്ഞ് നല്‍കിയ മൊഴി ഗൗരവത്തിലെടുത്ത് സത്യസന്ധമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ എനിക്കെന്റെ രണ്ട് മക്കളേയും നഷ്ടപ്പെടില്ലായിരുന്നു...

'പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി ഒരു മാസം പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടുണ്ട്. മകള്‍ എങ്ങനെയാണ് മരിച്ചത് എന്നറിയാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. മൂത്തമകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പേ ഞങ്ങള്‍ക്ക് വീണ്ടും കൂലിപ്പണിക്ക് പോകേണ്ടിവന്നു. അത്രയും കടബാധ്യത ഉണ്ടായിരുന്നു. മാര്‍ച്ച് നാലിന് രാവിലെ മകളോട് റ്റാറ്റ പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ കണ്ടത് ജീവനറ്റ മോളെയാണ്. കട്ടിലിനോട് ചാരിനില്‍ക്കുന്ന നിലയിലായിരുന്നു അവള്‍. കഴുത്തില്‍ കെട്ടിയിട്ട പോലെ ഒരു മുണ്ടും. പക്ഷെ അച്ഛന്‍ വാരിയെടുത്തപ്പോഴേക്കും അവള്‍ മുണ്ടില്‍നിന്ന് അഴിഞ്ഞുവീണു. എന്റെ കുഞ്ഞിനെ ആരോ ഇല്ലാതാക്കിയതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത പറഞ്ഞിട്ടും ശരിയായ അന്വേഷണത്തിനുപോലും പോലീസ് തയ്യാറായില്ല. അറസ്റ്റിലായെങ്കിലും കേസിലെ പ്രതികള്‍ പുറത്തിറങ്ങി വന്നു.'
'എന്റെ മക്കള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ ഇങ്ങനെ.. അവര് എന്തെല്ലാം സ്വപ്‌നം കണ്ട് വളര്‍ന്നവരാണ്. ആ സ്വപ്‌നം തല്ലിത്തകര്‍ത്തവര്‍ ഇപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ ചൂളം വിളിച്ചുനടക്കുന്നു. അവരെ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ സര്‍വീസിലും തുടരുന്നു.'- കണ്ണീര്‍ മാറി രോഷത്തോടെയാണ് വാളയാര്‍ അമ്മ പിന്നീട് പ്രതികരിച്ചത്.
ഇനി ആര്‍ക്കും ഉണ്ടാവരുത് ഈ ഗതി
'കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ കൊടുക്കണം, അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.. കഴിഞ്ഞ നാല് വര്‍ഷമായി ഇതേ കാര്യമാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ എന്റെ ജീവിതം തന്നെ സമരമായി മാറിക്കഴിഞ്ഞു. ധര്‍മടത്ത് വന്ന് മത്സരിക്കുന്നത് തന്നെ ഒരു സമരമാണ്. നീതിക്ക് വേണ്ടി ഒരു അമ്മയ്ക്കും ഇനി തലമുണ്ഡനം ചെയ്ത് തെരുവിലൂടെ അലയേണ്ട ഗതി എന്നോടു കൂടി അവസാനിക്കണം. സര്‍ക്കാരിനെ വെല്ലുവിളിച്ചതിന്റെ പേരില്‍ നാളെ എന്നെ ആരെങ്കിലും കൊല്ലുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ ഇനി ഒരമ്മയ്ക്കും ഈ അവസ്ഥ വരരുത്. അതിനായാണ് നീതി കിട്ടുന്നതു വരെ ഈ സമരം ഞാന്‍ തുടരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും നീതിയും ഉറപ്പാക്കുമെന്നല്ലേ ഈ സര്‍ക്കാര് പറഞ്ഞത്, എന്നിട്ടിപ്പോള്‍ എവിടെയാണ് എനിക്ക് നീതി കിട്ടിയത്, എന്റെ മക്കള്‍ക്ക് കിട്ടാത്ത സുരക്ഷ ഏത് മക്കള്‍ക്ക് കൊടുക്കാനാണ് സര്‍ക്കാര്‍ എടുത്തുവെച്ചിരിക്കുന്നത്? ഞങ്ങള്‍ പട്ടികജാതിക്കാരായതു കൊണ്ടാണോ സര്‍ക്കാര്‍ ഇങ്ങനെ കാണിക്കുന്നത്? ഞങ്ങള്‍ കൂലിപ്പണിക്കാരായതു കൊണ്ടാണോ ഈ നീതികേട്? ഈ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നത് എന്തിനാണ്? മൂര്‍ച്ചയുണ്ടായിരുന്നു അമ്മയുടെ ചോദ്യങ്ങള്‍ക്ക്...
ഒരു മണിക്കൂറോളം നീണ്ട സംസാരത്തിനിടയിലെ കണ്ണീര്‍ ഉണങ്ങും മുന്‍പേയാണ് വാളയാര്‍ അമ്മ അന്ന് ആദ്യമായി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. രണ്ടു മക്കളെ നഷ്ടപ്പെട്ട, നീതി നിഷേധിക്കപ്പെട്ട ഒരമ്മയുടെ വേദന ധര്‍മ്മടത്തെ ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും വോട്ടര്‍മാര്‍ പിന്തുണയ്ക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
ആത്മവിശ്വാസം തരുന്ന കുഞ്ഞുടുപ്പ്
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫ്രോക്ക് ചിഹ്നമായി ചിഹ്നമായി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു. അത് തന്നെ അനുവദിച്ചു. ചെറുതല്ലാത്ത ആത്മവിശ്വാസമാണ് ഈ കുഞ്ഞുടുപ്പ് ചിഹ്നം പോലും നല്‍കുന്നത്. അവരുടേതായി ഇനി എനിക്ക് ബാക്കിയുള്ളത് പഴയ കുറച്ചുടുപ്പുകളും ചെരിപ്പും കൊലുസ്സുമൊക്കെയാണ്. അത് കാണുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്റെ മക്കള്‍ കൂടെയുള്ളത് പോലെ തോന്നുന്നു. മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച് ബൂത്തിലെത്തുന്നവര്‍ക്ക് ഈ കുഞ്ഞുടുപ്പ് ചിഹ്നം കാണുമ്പോള്‍ മനസ്സിളകണം. ഞാനെന്ന അമ്മയോട് ചെയ്ത ചതി ഓര്‍മവരണം. വഞ്ചനയുടെ പ്രതീകമാണ് ഈ ഉടുപ്പ്. അമ്മമാരുടേയു സ്ത്രീകളുടേയും അടുത്തേക്ക് ഈ ഉടുപ്പുമായി പോകുമ്പോള്‍ അവരുടെ കണ്ണില്‍ ഞെട്ടലും വേദനയും എനിക്ക് കാണാനാവും. എന്റെ വേദന മനസ്സിലാക്കുന്ന ഈ അമ്മമാരെങ്കിലും എന്നെ പിന്തുണയ്ക്കും. ഉറപ്പുണ്ട്.- വാളയാര്‍ അമ്മയുടെ വാക്കുകളില്‍ ആത്മവിശ്വാസമുണ്ടായിരുന്നു.

ചക്കരക്കല്ല് ടൗണിലും പരിസരത്തുമായിരുന്നു ആദ്യദിവസത്തെ പ്രചാരണം. വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ പ്രതീകമായ രണ്ട് കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് അമ്മയും കൂട്ടരും വോട്ട് ചോദിക്കുന്നത്. നീതിനിഷേധത്തിന്റെ വിവരണമുള്ള അനൗണ്‍സ്‌മെന്റും ഇവര്‍ക്കൊപ്പമുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേത് പോലെ ആളും ആരവവും ഒന്നും അമ്മയ്‌ക്കൊപ്പമില്ല. നീതിയുദ്ധത്തില്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്ന ഏതാനും പേര്‍ മാത്രമാണ് കൂടെയുളളത്. പൊരിവെയിലില്‍, അതിലേറെ പൊള്ളുന്ന മനസ്സോടെ അവര്‍ ഓരോരുത്തരേയും കണ്ട് കൈക്കൂപ്പുകയാണ്... ഈ അമ്മയുടെ കണ്ണീര് കാണണമെന്ന് കലങ്ങിയ കണ്ണോടെ അഭ്യര്‍ഥിക്കുകയാണ്.
കുഞ്ഞുടുപ്പുമേന്തിയുള്ള വോട്ട് ചോദിക്കലിനോട് ജനങ്ങള്‍ പലതരത്തിലാണ് പ്രതികരിക്കുന്നത്. ചിലരുടെ മുഖത്ത് സഹതാപം നിഴലിക്കുന്നത് കാണാം, എന്തിനാണ് ഈ മത്സരമെന്ന് ചിലര്‍ തിരിച്ചുചോദിക്കുന്നുണ്ട്. അവജ്ഞയോടെ തള്ളിക്കളയുന്നവരും കുറവല്ല. വളരെ അപൂര്‍വം ചിലരെങ്കിലും കൂപ്പി നില്‍ക്കുന്ന കൈ ചേര്‍ത്തു പിടിച്ചും ആലിംഗനം ചെയ്തും അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്. ചിലര്‍ മുഖം കൊടുക്കാന്‍ പോലും നില്‍ക്കാതെ വഴിമാറി നടന്നു. മറ്റു ചിലരാവട്ടെ അമ്മ നല്‍കിയ നോട്ടീസ് നിമിഷങ്ങള്‍ക്കുള്ളില്‍ കീറിക്കളഞ്ഞു.
വാളയാര്‍ അമ്മയ്ക്ക് പിന്തുണ നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ പോലും അനുകൂലമായി മറുപടി നല്‍കിയില്ലെന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ അമ്പരിപ്പിച്ചത്. ഉത്തരേന്ത്യയില്‍നിന്നും പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ക്ക് രോഷം കൊള്ളുകയും മെഴുകുതിരി കത്തിച്ച് നീതിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ജനതയാണ് ഈ കണ്ണീരിനോട് മുഖം തിരിച്ചുനില്‍ക്കുന്നത്.. പക്ഷെ എല്ലാവരോടും കൈക്കൂപ്പിക്കൊണ്ട് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മടങ്ങുന്ന ഓരോ തവണയും അമ്മ പറയുന്നത് ഏറ്റവും ഒടുവില്‍ തനിക്ക് നീതി കിട്ടുമെന്ന് തന്നെയാണ്... കലങ്ങിയ കണ്ണുകളില്‍ ആ ആത്മവിശ്വാസവും കാണാനുണ്ടായിരുന്നു..

വാളയാര്‍ കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ
2017 ജനുവരി 13-നാണ് 12 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ഇവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പത് വയസ്സുകാരിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ആദ്യ മരണത്തിന്റെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഈ പെണ്‍കുട്ടി. രണ്ട് പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് കേസിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
2017 മാര്‍ച്ചില്‍ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്.ഐ. പി.സി. ചാക്കോയെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് കേസ് ചുമതല നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജന് കൈമാറിയത്. കേസില്‍ ആദ്യം നാല് പ്രതികളാണുണ്ടായിരുന്നത്. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു, പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരായിരുന്നു പ്രതികള്‍. പിന്നീട് കേസില്‍ ഒരു പതിനാറുകാരനെ കൂടി അറസ്റ്റ് ചെയ്തു.

സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയ കുറ്റപത്രമാണ് 2017 ജൂണില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പതിനാറുകാരന്‍ ഒഴികെയുള്ള നാലാളുടെ പേരിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ, ആത്മഹത്യ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലായിരുന്നു കേസ്. 2019 ഒക്ടോബറില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടാന്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഉത്തരവിടുകയായിരുന്നു. പ്രതികളെ വെറുതെ വിട്ടതിനു ശേഷം 2019-ല്‍ ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ രൂപീകരിച്ചു.
കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി റിട്ട. ജഡ്ജി പി.കെ. ഹനീഫ അധ്യക്ഷനായ കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ മുന്‍ എസ്.ഐ. പി.സി.. ചാക്കോ ഗുരുതര അലംഭാവം കാണിച്ചു. മൂത്ത പെണ്‍കുട്ടിയുടെ മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇളയ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ ദുരൂഹമരണ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി വേണമെന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ വീഴ്ച കാണിച്ച എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും സി.ഐക്കും ഡിവൈ.എസ്.പിക്കും എതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
Content Highlights: Mother of Walayar rape case Victims contesting from Dharmadam assembly constituency