
കണ്ണൂര്‍: സൈക്കിള്‍സവാരിക്കാര്‍ക്ക് സന്തോഷവാര്‍ത്ത. സൈക്കിളിനെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തി. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലാണ് സൈക്കിള്‍ ഇടംപിടിച്ചത്. പ്രകടനപത്രികയുടെ 37-ാം ഭാഗമായ പരിസ്ഥിതി സൗഹൃദത്തിലാണ് സൈക്കിളിനെക്കുറിച്ച് പറയുന്നത്. സൈക്കിള്‍സവാരിക്കാര്‍ ആഗ്രഹിച്ചതും നടപ്പാക്കേണ്ടതുമായ പ്രധാന കാര്യങ്ങള്‍ ഇതില്‍ ഉണ്ട്. സൈക്കിള്‍ വിട്ട് ഒരു യാത്രയില്ലെന്ന് കരുതുന്ന സ്ഥിരം സവാരിക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണിത്. സൈക്കിളിനെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം 'മാതൃഭൂമി' മുന്നണികളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു.
പ്രകടനപത്രികയില്‍
സൈക്കിള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും. ഒഴിവുദിവസങ്ങളില്‍ ചില റോഡുകള്‍ സൈക്കിളിനും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി റിസര്‍വ് ചെയ്യും. സൈക്കിള്‍ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സൈക്കിള്‍ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. വര്‍ഷത്തില്‍ ഒരുദിവസം സൈക്ലിങ് ദിനമായി ആചരിക്കും. കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ വിപുലമായ റിലേ സൈക്‌ളിങ് സംഘടിപ്പിക്കും.
വിജിന്‍, കല്യാശ്ശേരി ടു ലണ്ടന്‍
കല്യാശ്ശേരി നിയമസഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി എം. വിജിന്‍ സൈക്കിള്‍ ഓടിച്ചത് കല്യാശ്ശേരിയില്‍ മാത്രമല്ല, ലണ്ടനിലും കൂടിയാണ്. അതുകൊണ്ടുതന്നെ സൈക്കിള്‍സവാരി ഇടത് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയതിന്റെ ആവശ്യകത വിജിനെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് വ്യക്തമായി അറിയാം.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരിക്കെ 2016-ല്‍ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യയിലെ 10 വിദ്യാര്‍ഥിനേതാക്കളില്‍ ഒരാളായിരുന്നു വിജിന്‍. ബ്രിട്ടീഷ് എംബസിയാണ് ഇവരെ തിരഞ്ഞെടുത്തത്. 14 ദിവസം ലണ്ടനിലെ വിവിധ സര്‍വകലാശാല കാമ്പസുകളില്‍ ഉള്‍പ്പെടെ സൈക്കിളില്‍ കറങ്ങിയിരുന്നു. അവിടെ കൂടുതലായി ഉപയോഗിക്കുന്നത് സൈക്കിള്‍ ആയിരുന്നു. ഈ യാത്രയ്ക്ക് അവര്‍ അഭിമാനം കാണുന്നു. നഗരങ്ങളില്‍ സൈക്കിള്‍വഴികളുണ്ട്.
ഓരോ സ്ഥലത്ത് സൈക്കിള്‍ ഹബ്ബുകള്‍ ഉണ്ടാക്കി ഓണ്‍ലൈന്‍, കാര്‍ഡുകള്‍ വഴി സൈക്കിള്‍ എടുക്കാനും വെക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് നമ്മുടെ നാട്ടിലും കൂടുതലായി വരണം. പെട്രോളിനും ഡീസലിനും അടിക്കടി വില വര്‍ധന വരുന്ന സാഹചര്യത്തില്‍ ചെറിയ ദൂരങ്ങളിലേക്ക് ഏറ്റവും നല്ല വാഹനം സൈക്കിള്‍ ആണ്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം യാത്രയോടൊപ്പം വ്യായാമവും നടക്കും. എം.എല്‍.എ. ആയാല്‍ മാടായി-മാട്ടൂല്‍ തീരദേശ റോഡിനോടനുബന്ധിച്ച് സൈക്കിള്‍ ട്രാക്ക് ഉണ്ടാക്കുമെന്ന് വിജിന്‍ മാതൃഭൂമിയോട് പറഞ്ഞു.
അഭിമാനം, ആഹ്‌ളാദം
- ഷാഹിന്‍ പള്ളിക്കണ്ടി, കാനന്നൂര്‍ സൈക്ലിങ് ക്ലബ്ബ് പ്രസിഡന്റ്
സൈക്കിളും സൈക്കിള്‍സവാരിയും ഇടത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനം. സമൂഹത്തിന്റെ ആരോഗ്യം കാക്കാനുള്ള സൈക്കിളിനെ പരിഗണിച്ചതില്‍ ആഹ്‌ളാദം ഉണ്ട്. വിദ്യാര്‍ഥികള്‍തൊട്ട് മുതിര്‍ന്നവര്‍വരെ ആശ്രയിക്കുന്ന സൈക്കിള്‍സവാരിയുടെ അടിസ്ഥാന സൗകര്യം റോഡുകളില്‍ വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കട്ടെ.