ഇരിക്കൂറിന് പകരം ഡി.സി.സി. പ്രസിഡന്റ് സ്ഥാനം വേണമെന്ന് എ വിഭാഗം, സമവായത്തിന് ഉമ്മന്‍ ചാണ്ടി എത്തും


2 min read
Read later
Print
Share

ഇരക്കൂറിൽ സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഇന്ദിരഭവനിൽ ഉയർന്ന പ്രതിഷേധ പോസ്റ്ററുകൾ

കണ്ണൂര്‍: ഇരിക്കൂര്‍ സീറ്റ് കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍നിന്ന് പിടിച്ചെടുത്ത് കെ.സി. വേണുഗോപാല്‍ വിഭാഗത്തിലെ സജീവ് ജോസഫിന് നല്‍കിയതിനെതിരായ രോഷം തണുപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച ഉച്ചയ്ക്ക് കണ്ണൂരിലെത്തും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന എ വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും രംഗത്തിറക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ഉമ്മന്‍ ചാണ്ടി എത്തുന്നത്.

എ.കെ. ആന്റണിയടക്കമുള്ള നേതാക്കളുടെ അഭ്യര്‍ഥനയുടെ സാഹചര്യത്തില്‍, റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നീക്കത്തില്‍നിന്ന് എ ഗ്രൂപ്പ് പിന്‍വാങ്ങി. എന്നാല്‍ നാലുപതിറ്റാണ്ടായി എ ഗ്രൂപ്പ് കൈവശംവെക്കുന്ന സീറ്റ് പിടിച്ചെടുത്തത് വലിയ നഷ്ടമാണെന്നും അതിന് ചെറിയ പരിഹാരമെങ്കിലും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ പ്രവര്‍ത്തനരംഗത്ത് സജീവമാകാനാകില്ലെന്നുമാണ് മണ്ഡലത്തിലെ നേതാക്കള്‍ പറയുന്നത്. സതീശന്‍ പാച്ചേനി കണ്ണൂരില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഇപ്പോള്‍ത്തന്നെ ഒഴിയണമെന്നും പകരം എ ഗ്രൂപ്പ് നോമിനിക്ക് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നുമാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ എ വിഭാഗം ആവശ്യപ്പെടുക. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും എ വിഭാഗത്തിന്റെ പ്രമുഖനേതാവുമായ സോണി സെബാസ്റ്റ്യനാണ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കപ്പെട്ട് ഒടുവില്‍ തഴയപ്പെട്ടത്. ഡി.സി.സി. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് വിട്ടുകിട്ടിയാല്‍ ആരെ നിയോഗിക്കണമെന്ന് എ ഗ്രൂപ്പ് തീരുമാനിക്കുമെന്നാണ് ധാരണ.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് എ ഗ്രൂപ്പ് നേതാവും യു.ഡി.എഫ്. കണ്ണൂര്‍ ജില്ലാ ചെയര്‍മാനുമായ പി.ടി. മാത്യു പറഞ്ഞു. ഉമ്മന്‍ ചാണ്ടി പറയുന്നത് കോണ്‍ഗ്രസുകാര്‍ അനുസരിക്കും. എ ഗ്രൂപ്പിന്റെ അപരിഹാര്യമായ നഷ്ടത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തും. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പാര്‍ട്ടിക്ക് ദോഷമുണ്ടാക്കാനല്ല ശ്രമം. ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഇപ്പോള്‍ത്തന്നെ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ഉമ്മന്‍ ചാണ്ടി ഇടപെട്ട് വ്യക്തമായ ഉറപ്പുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചാല്‍ പിന്‍വലിക്കും- മാത്യു പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് ഉമ്മന്‍ ചാണ്ടി വന്ന് ചര്‍ച്ച നടത്തുന്നതോടെ പ്രശ്നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷയെന്ന് ഇരിക്കൂര്‍ മണ്ഡലം എ ഗ്രൂപ്പ് കര്‍മസമിതി കണ്‍വീനര്‍ മുഹമ്മദ് ബ്ലാത്തൂര്‍ പറഞ്ഞു. വ്യക്തമായ ഉറപ്പുകള്‍ ലഭിച്ചാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വപ്രശ്‌നത്തില്‍ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂ. വ്യക്തമായ പാക്കേജ് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ. അതോടെ പൂര്‍വാധികം ശക്തമായി പ്രവര്‍ത്തകര്‍ പ്രചാരണരംഗത്തിറങ്ങും- ഇരിക്കൂര്‍ പ്രശ്‌നത്തില്‍ എ ഗ്രൂപ്പ് രൂപവത്കരിച്ച 15 അംഗ സമിതിയുടെ കണ്‍വീനറായ മുഹമ്മദ് ബ്ലാത്തൂര്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram