വിജയം ഉറപ്പിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് ഇറങ്ങിവന്ന ഇടതു സ്ഥാനാർഥി വാഴൂർ സോമൻ മകൻ അഡ്വ. സോബിൻ സോമനുമായി കണ്ടുമുട്ടിയപ്പോൾ.
പീരുമേട്: വോട്ടെണ്ണലില്‍ ഉദ്വേഗവും ആകാംക്ഷയും നിറയെ കാത്തുവെച്ചിരുന്നു പീരുമേട് മണ്ഡലം. വിജയമുറപ്പിച്ച് മുന്നിലോടിയ സിറിയക് തോമസിനെ അവസാന ലാപ്പില്‍ വാഴൂര്‍ സോമന്‍ മറികടന്നത് എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു. കോണ്‍ഗ്രസ് ജില്ലയില്‍ ഉറപ്പിച്ച മണ്ഡലം ഇടത്തേക്ക് തന്നെ പിടിച്ചുകെട്ടി അദ്ദേഹം.
2016-ല്‍ സി.പി.ഐ. സ്ഥാനാര്‍ഥി ഇ.എസ്.ബിജിമോള്‍ ഹാട്രിക് മത്സരത്തില്‍ കാഴ്ചവെച്ച അതേ ഫോട്ടോ ഫിനിഷിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണയും. അന്നും ഇന്നും കോണ്‍ഗ്രസ് നേതാവ് സിറിയക് തോമസ് ആയിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥിയെന്നതും കൗതുകകരമാണ്. രണ്ടുതവണയും അവസാന നിമിഷംവരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ സിറിയക് തോമസ് 314 എന്ന നിസ്സാര വോട്ടുകള്‍ക്കാണ് ഇ.എസ്.ബിജിമോളോട് 2016-ല്‍ തോറ്റത്.
ഇത്തവണയും ആദ്യഘട്ടംമുതല്‍ സിറിയക് തോമസ് തന്നെയായിരുന്നു മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതുമുതല്‍ വോട്ടെണ്ണലിന്റെ അവസാന ഫലം പ്രഖ്യാപിക്കുന്നതുവരെ അത്യന്തം നാടകീയത നിറഞ്ഞ നിമിഷങ്ങളായിരുന്നു പീരുമേട്ടിലെ കൗണ്ടിങ് സ്റ്റേഷനില്‍.
ആകെ പതിനഞ്ചു റൗണ്ടുകളായാണ് വോട്ടെണ്ണിയത്. വോട്ടെണ്ണി 12-ാം റൗണ്ട് അവസാനിച്ചപ്പോള്‍ 3733 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു സിറിയക് തോമസ്. ഇതേസമയം എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ ശ്രീനഗരി രാജന് കാര്യമായ വെല്ലുവിളി ഒന്നുമുയര്‍ത്താന്‍ കഴിഞ്ഞില്ല.
പീരുമേട് പഞ്ചായത്ത് എണ്ണി പൂര്‍ത്തിയായപ്പോള്‍ ലീഡ് നില ആയിരത്തി അഞ്ഞൂറില്‍ ഒതുങ്ങി. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീര്‍ന്നപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ലീഡ് മാറി മറിഞ്ഞു. വാഴൂര്‍ സോമന്‍ 359 വോട്ട് ലീഡ് നേടി.
എല്‍.ഡി.എഫിന്റെ കോട്ടയായ വണ്ടിപ്പെരിയാര്‍ തന്നെയാണ് വാഴൂരിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്. രണ്ടാം റൗണ്ടും പൂര്‍ത്തിയാക്കിയപ്പോള്‍ അവസാന ലാപ്പില്‍ കുതിച്ചെത്തി ഫിനിഷിങ് ലൈന്‍ കടക്കുന്ന കായിക പ്രതിഭയെപ്പോലെ 1898 വോട്ട് നേടി വാഴൂര്‍ സോമന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
content highlights: vazhoor soman wins peerumedu seat