ദേവികുളത്തെ തോല്‍വിക്കു കാരണം CPM-NDA ധാരണ, 10 ലക്ഷം ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചു- ഡി.കുമാര്‍


1 min read
Read later
Print
Share
d kumar
ഡി.കുമാര്‍| Photo: Mathrubhumi Library

മറയൂര്‍: ജനവിധി പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നതായി പരാജയപ്പെട്ട ദേവികുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി.കുമാര്‍. തോല്‍വിക്ക് കാരണം സി.പി.എം. എന്‍.ഡി.എ.യുമായി ഉണ്ടാക്കിയ ധാരണയാണ് എന്ന് ദേവികുളം നിയമസഭാ സ്ഥാനാര്‍ഥി ഡി.കുമാര്‍ പറഞ്ഞു.

ചില സമുദായസംഘടനാ പ്രതിനിധികള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായി ഡി.കുമാര്‍ പറഞ്ഞു. പണം നല്‍കി വോട്ട് വാങ്ങേണ്ട എന്ന നിലപാടുള്ളതിനാല്‍ സ്‌നേഹപൂര്‍വ്വം അവരെ തിരിച്ചയക്കേണ്ടിവന്നു. ഇവരെല്ലാം തനിക്ക് എതിരെ നിലപാട് എടുത്തതായി ഡി.കുമാര്‍ പറയുന്നു.

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വീണ വോട്ടുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ.യുടെ സ്ഥാനാര്‍ഥി ധനലക്ഷ്മി മാരിമുത്തുവും ബി.ജെ.പി. സ്ഥാനാര്‍ഥിയായി എന്‍.ചന്ദ്രനും മത്സരിച്ചിരുന്നു. ധനലക്ഷ്മി 11,613 വോട്ടും ചന്ദ്രന്‍ 9592 വോട്ടും നേടിയിരുന്നു.

എന്നാല്‍ ഇത്തവണ 4717 വോട്ടാണ് എന്‍.ഡി.എ. മുന്നണിയില്‍ നിന്ന് മത്സരിച്ച അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി എസ്.ഗണേശന്‍ വാങ്ങിയത്. കഴിഞ്ഞ തവണ ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും ചേര്‍ന്ന് വാങ്ങിയത് 21,205 വോട്ടാണ്. ബാക്കി 16,488 വോട്ട് എവിടെ പോയി എന്ന് എന്‍.ഡി.എ. നേതൃത്വം പറയണമെന്ന് ഡി.കുമാര്‍ ആവശ്യപ്പെട്ടു. പല ബൂത്തുകളിലും എന്‍.ഡി.എ. പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. എന്‍.ഡി.എ.യുടെ പ്രവര്‍ത്തന ഫണ്ട് പോലും പല നേതാക്കളും വീതംവെച്ച് എടുത്തതിനാല്‍ ഭൂരിഭാഗം സ്ഥലത്തും പ്രവര്‍ത്തനമേ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

content highlights: udf candidate d kumar on devikulam defeat alleges nda-cpm alliance

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram