
തൊടുപുഴ: ജില്ലയില്‍ എല്‍.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ വോട്ടുകച്ചവടമാരോപിച്ച് യു.ഡി.എഫ്. എല്‍.ഡി.എഫ്. വിജയിച്ച പല മണ്ഡലങ്ങളിലും എന്‍.ഡി.എയുടെ വോട്ടു കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. ജില്ലയില്‍ അവിശുദ്ധ വിജയമാണ് ഇടതുമുന്നണി നേടിയതെന്ന് യു.ഡി.എഫ്. ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്.അശോകനും കണ്‍വീനര്‍ പ്രൊഫ. എം.ജെ. ജേക്കബും പറഞ്ഞു.
ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ 27,403 വോട്ടുകളാണ് എന്‍.ഡി.എയ്ക്ക് ലഭിച്ചത്. ഇത്തവണ പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് കിട്ടിയത്. പതിനേഴായിരത്തില്‍പരം ബി.ജെ.പി. വോട്ടുകള്‍ ഇടതുപാളയത്തില്‍ എത്തി. ദേവികുളത്ത് കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തി. രണ്ടു പേര്‍ക്കും കൂടി ഇരുപതിനായിരത്തില്‍പരം വേട്ടുകള്‍ കിട്ടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കിട്ടിയതാകട്ടെ നാലായിരം മാത്രമാണ്. പതിനേഴായിരത്തോളം വോട്ടുകള്‍ ഇടതുപാളയത്തിലേക്ക് ഒഴുകി.
2016-ല്‍ പീരുമേട് എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് കിട്ടിയത് 11,200 വോട്ടുകളാണ്. ഇത്തവണ അത് ഏഴായിരമായി കുറഞ്ഞു. നാലായിരത്തില്‍പരം വോട്ടുകള്‍ ഇടതു മുന്നണിയിലേക്ക് ചോര്‍ന്നു. 2016-ല്‍ തൊടുപുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് ഇരുപത്തി എണ്ണായിരത്തില്‍പരം വോട്ടു ലഭിച്ചെങ്കിലും ഇത്തവണ ആ ഏഴായിരത്തില്‍പരം വോട്ടുകള്‍ ഇടതു പാളയത്തിലേക്ക് ഒഴുകി. ഉടുമ്പന്‍ചോലയില്‍ 2016-ല്‍ 21000 വോട്ടുകളാണ് എന്‍.ഡി.എയ്ക്ക് ലഭിച്ചതെങ്കില്‍ അത് ഇത്തവണ ഏഴായിരത്തില്‍ ഒതുങ്ങി. പതിനയ്യായിരത്തോളം വോട്ടുകളാണ് ബി.ജെ.പിക്ക് കുറഞ്ഞതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
content highlights: udf alleges vote trade in idukki district