പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എന്‍.ഡി.എ.യ്ക്ക് നഷ്ടക്കണക്കുകള്‍ മാത്രം. എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകുറഞ്ഞു. തൊടുപുഴയില്‍ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താനായത്.
വലിയ കുറവ്
കഴിഞ്ഞ തവണ തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ടുകളാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ നേടിയത്. മൂന്നിടത്തും ബി.ഡി.ജെ.എസാണ് മത്സരിച്ചത്. ഇത്തവണ തൊടുപുഴയില്‍ ബി.ജെ.പിയും ബാക്കി രണ്ടിടത്ത് ബി.ഡി.ജെ.എസും മത്സരിച്ചു. തൊടുപുഴയില്‍ മാത്രമാണ് ഇരുപതിനായിരം കടന്നത്. മറ്റ് രണ്ടിടങ്ങളില്‍ വോട്ട് പതിനായിരത്തിലും താഴെപ്പോയി.
2016-ലെ ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ഥി ബിജു മാധവന്‍ 27403 വോട്ടുകളാണ് നേടിയത്. ഇത്തവണ ബി.ഡി.ജെ.എസിന്റെ സംഗീതാ വിശ്വനാഥന് 9286 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. 18117 വോട്ടിന്റെ കുറവ്. ഉടുമ്പന്‍ചോലയില്‍ സജി പറമ്പത്ത് 2016-ല്‍ 21799 വോട്ടുകള്‍ നേടി. ഇത്തവണ സന്തോഷ് മാധവന് 7208 വോട്ടുകളേ നേടാനായുള്ളൂ. കുറഞ്ഞത് 14591 വോട്ടുകള്‍. തൊടുപുഴയില്‍ ഇത്തവണ പി.ശ്യാംരാജിന് 21263 വോട്ടുകള്‍ ലഭിച്ചു. പക്ഷേ, കഴിഞ്ഞ തവണത്തേക്കാള്‍ 7582 വോട്ടുകള്‍ കുറഞ്ഞു.
സഖ്യം ഗുണം ചെയ്തില്ല
എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യവും എന്‍.ഡി.എയ്ക്ക് ഗുണം ചെയ്തില്ല. 2016-ല്‍ ബി.ജെ.പി. 9592 വോട്ടുകളും എ.ഐ.എ.ഡി.എം.കെ. 11613 വോട്ടുകളും നേടിയിരുന്നു. ഇത്തവണ എ.ഐ.ഡി.എം.കെയുടെ ധനലക്ഷ്മിയെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പത്രിക തള്ളിപ്പോയി. തുടര്‍ന്ന് സ്വതന്ത്രനായ എസ്.ഗണേശന് എന്‍.ഡി.എ., പ്രത്യേകിച്ച് എ.ഐ.എ.ഡി.എം.കെ. പിന്തുണ നല്‍കി.
എന്നാല്‍, ഗണേശന് 4717 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും വെവ്വേറെ നേടിയ വോട്ടുകള്‍ കൂട്ടിയാല്‍ 16491 വോട്ടുകളുടെ കുറവ്. പീരുമേട്ടിലും 2016-ല്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെ.യും വെവ്വേറെ മത്സരിച്ചിരുന്നു.
ബി.ജെ.പിയുടെ കെ.കുമാറിന് 11833 വോട്ടുകളും എ.ഐ.എ.ഡി.എം.കെയുടെ അബ്ദുല്‍ ഖാദറിന് 2862 വോട്ടും കിട്ടി. ഇത്തവണ ബി.ജെ.പിയുടെ ശ്രീനഗരി രാജന്‍ നേടിയത് 7126 വോട്ടുകള്‍. ഇരു പാര്‍ട്ടികളുടേയും കഴിഞ്ഞ തവണത്തെ വോട്ടുകള്‍ തമ്മില്‍ കൂട്ടിയാല്‍, കുറഞ്ഞത് 7569 വോട്ടുകള്‍.
പീരുമേട്ടിലും പിന്നിലായി
പീരുമേട്: എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പീരുമേട് മണ്ഡലത്തില്‍ മത്സരം നടന്നതെങ്കിലും എന്‍.ഡി.എ. പിടിക്കുന്ന വോട്ട് മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുമെന്ന് തിരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടം മുതല്‍ ഉണ്ടായിരുന്നു.
ദേശീയ സഖ്യത്തിന്റെ ഭാഗമായി ഇത്തവണ പീരുമേട് സീറ്റ് എ.ഐ.എ.ഡി.എം.കെ. ബി.ജെ.പി.ക്ക് വിട്ടുനല്‍കിയതോടെ എന്‍.ഡി.എ.യുടെ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിനായി മുതിര്‍ന്ന ബി.ജെ.പി. നേതാവായ ശ്രീനഗരി രാജനെയാണ് മണ്ഡലത്തില്‍ ജനവിധി തേടാന്‍ ഇറക്കിയിരിക്കുന്നത്.
ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പക്ഷേ, ശ്രീനഗരി രാജന് കഴിഞ്ഞില്ല. 2016-ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ കുമാര്‍ 11,833 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ ശ്രീനഗരി രാജന് 7126 വോട്ടുകളാണ് നേടാനായത്.
തോട്ടം തൊഴിലാളി മേഖലകളില്‍നിന്ന് കൂടുതല്‍ വോട്ട് നേടാനാകുമെന്ന പ്രതീക്ഷ എന്‍.ഡി.എ. പുലര്‍ത്തിയിരുന്നെങ്കിലും ഈ മേഖലകളില്‍ നേട്ടമുണ്ടാക്കാനായില്ല.
content highlights: nda's perfomance in idukki kerala assembly election 2021