നെടുങ്കണ്ടത്തെ എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മക്കളോടും പ്രവർത്തകരോടുമൊപ്പം വിജയം ആഘോഷിക്കുന്ന എം.എം.മണി.
നെടുങ്കണ്ടം: നിയമസഭയിലേക്ക് ഒരുവരവ് കൂടി വരും എന്നായിരുന്നു ഉടുമ്പന്‍ചോലയില്‍ നിന്ന് പോരാട്ടത്തിനിറങ്ങുമ്പോള്‍ എം.എം മണിയുടെ പ്രഖ്യാപനം. ഒടുവില്‍ പെട്ടിപൊട്ടിച്ചപ്പോള്‍ വെറും പുലിയല്ല പുപ്പുലിയായിട്ടാണ് മുണ്ടും മടക്കിക്കുത്തിയുള്ള ആശാന്റെ രണ്ടാമൂഴത്തിലെ എന്‍ട്രി. കഴിഞ്ഞ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന അദ്ദേഹം നല്‍കിയ ഷോക്കില്‍ എതിരാളികള്‍ കത്തി ചാമ്പലായെന്ന് നിസംശയം പറയാം.
ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 38,305 വോട്ടിനാണ് മണിയാശാന്‍ ഇത്തവണ വിജയിച്ചുകയറിയത്. എം.എം.മണിക്ക് 1443 പോസ്റ്റല്‍ വോട്ടുകളടക്കം 77,381 വോട്ടുകള്‍ ലഭിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ എം.എം.മണിക്ക് കഴിഞ്ഞു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ശരാശരി 3500 വോട്ടിന്റെ ലീഡാണ് എം.എം.മണിക്ക് ലഭിച്ചത്. യു.ഡി.എഫിലെ അഡ്വ. ഇ.എം.ആഗസ്തിക്ക് 869 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 39,076 വോട്ടുകളാണ് ലഭിച്ചത്.
എന്‍.ഡി.എ.സ്ഥാനാര്‍ഥിയായ ബി.ഡി.ജെ.എസിലെ സന്തോഷ് മാധവന് 87 പോസ്റ്റല്‍ വോട്ടുകളടക്കം 7,208 വോട്ടുകളും ബി.എസ്.പി.യിലെ എ.സി.ബിജുവിന് ഒമ്പത് പോസ്റ്റല്‍ വോട്ടുകളടക്കം 867 വോട്ടുകളും ലഭിച്ചു. നോട്ടയ്ക്ക് എട്ട് പോസ്റ്റല്‍ വോട്ടുകളടക്കം 687 വോട്ടുകള്‍ കിട്ടി.
പോസ്റ്റല്‍ വോട്ടുകളില്‍ 252 എണ്ണം അസാധുവായി. 2016-ലെ തിരഞ്ഞെടുപ്പില്‍ 50,813 വോട്ടുകളാണ് എം.എം.മണിക്ക് ലഭിച്ചത്. ഇത്തവണ 27,711 വോട്ടുകളുടെ വര്‍ദ്ധനവാണ് മണിക്ക് ഉണ്ടായത്. 2016-ല്‍ യു.ഡി.എഫിലെ സേനാപതി വേണുവിന് 49,704 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി സജി പറമ്പത്തിന് 21,799 വോട്ടുകളും ലഭിച്ചു. എന്നാല്‍, ഇത്തവണ യു.ഡി.എഫിന് 10,631 വോട്ടുകളും എന്‍.ഡി.എ.ക്ക് 14,591 വോട്ടുകളും കുറഞ്ഞു. 2016-ല്‍ 1,109 വോട്ടുകളുടെ ഭൂരിപക്ഷമാണ് എം.എം.മണിക്ക് ലഭിച്ചത്.
content highlights:mm mani wins from udumbanchola assembly seat