മന്ത്രി ആവണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കും- എം.എം. മണി പറയുന്നു


1 min read
Read later
Print
Share

എം.എം.മണി| Photo: Mathrubhumi

ജില്ലയിലെ ഏറ്റവും ഭൂരിപക്ഷം നേടിയത് ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.എം. മണിയാണ്. അദ്ദേഹം കൊണ്ടുവന്ന വികസന പ്രവര്‍ത്തനമാണ് ഹൈറേഞ്ചിലാകെ ഇടതുമുന്നണിക്ക് കരുത്തായത്. നാടിന് ഇനി എന്തുവേണമെന്ന് കൃത്യമായി അറിയാവുന്ന ആളുകൂടിയാണ് അദ്ദേഹം. അടുത്ത അഞ്ചുകൊല്ലം എന്താണ് പ്രതീക്ഷകള്‍. മണിയാശാന്‍ പ്രതികരിക്കുന്നു

വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നില്‍ ?

കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ഭൂരിപക്ഷം. വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണകരമായതിന്റെ സ്നേഹമാണ് അവര്‍ വോട്ടിലൂടെ എനിക്ക് നല്‍കിയത്. ഭൂരിപക്ഷം കൂടിയതുകൊണ്ട് എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ഉത്തരവാദിത്വവും ഇത്തവണ വലുതാണ്.

ഇനി ഉടുമ്പന്‍ചോലയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍?

കഴിഞ്ഞതവണ തുടങ്ങിവെച്ച ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. അത് പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണന. നെടുങ്കണ്ടം ജില്ലാ ആശുപത്രിയെ മിനി മെഡിക്കല്‍ കോളേജായി ഉയര്‍ത്തണം. ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജ്, നെടുങ്കണ്ടത്തെയും പച്ചടിയിലെയും സ്റ്റേഡിയങ്ങള്‍, നിര്‍മാണം നടക്കുന്ന റോഡുകള്‍, പുതിയതായി അനുവദിച്ചിരിക്കുന്ന കോളേജുകളുടെ കെട്ടിടങ്ങള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കും. കൂടാതെ ഒരുപിടി പുതിയ പദ്ധതികളും ഇത്തവണ ഉടുമ്പന്‍ചോലയില്‍ എത്തുമെന്ന് ഉറപ്പാണ്.

ഇത്തവണയും വൈദ്യുതിമന്ത്രി ആകുമോ?

മന്ത്രി ആവണോ വേണ്ടയോ എന്നൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ആ തീരുമാനം എന്തായാലും പൂര്‍ണമായി അംഗീകരിക്കും.

ജില്ലയിലെ ഭൂപ്രശ്നങ്ങള്‍?

ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അത് എത്രയും പെട്ടെന്ന് പരിഹരിക്കും. ഇടുക്കി പാക്കേജിന്റെ കാര്യങ്ങളും നടപ്പാക്കും. ഈ സര്‍ക്കാര്‍ എന്നും കര്‍ഷകര്‍ക്കൊപ്പമായിരിക്കും, അതില്‍ സംശയം വേണ്ട.

content highlights: mm mani on election victory and expectations

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram