
തൊടുപുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ജില്ലയില്‍ യു.ഡി.എഫ്. ഭൂപ്രശ്‌നമാണ് പ്രചാരണ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വന്നതെങ്കിലും അത് എവിടെയും ഏശിയില്ല. ഇടയ്ക്കിടയ്ക്ക് വിവാദങ്ങള്‍ പൊട്ടിമുളച്ചെങ്കിലും അതും എല്‍.ഡി.എഫിന്റെ വിജയത്തെ സ്വാധീനിക്കാന്‍ തക്കതായിരുന്നില്ല. ഇതിനിടയിലുണ്ടായ പടലപ്പിണക്കങ്ങളും, സംഘടനാ സംവിധാനത്തിലെ വീഴ്ചകളും യു.ഡി.എഫിന് തിരിച്ചടിയായി. ജില്ലയിലെ മൂന്നുമണ്ഡലങ്ങളിലൂടെ പ്രയാണം നടത്തിയ രാഹുല്‍ ഇഫക്ടും ഫലം ചെയ്തില്ല. മറുവശത്ത് മുന്നണിയിലെ പിണക്കങ്ങളെല്ലാം പരിഹരിച്ച് എല്‍.ഡി.എഫ്. ചിട്ടയായി മുന്നേറി. ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളെയും കൃത്യമായി പ്രതിരോധിക്കാന്‍ എല്‍.ഡി.എഫിനായി.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഗുണമായി
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും തോട്ടം മേഖലയിലടക്കം വോട്ടുനേടുന്നതിന് സഹായകരമായി. ഭൂപതിവ്ചട്ടം ഭേദഗതി ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനെതിരേ ഇടുക്കിയിലെ ജനം വിധിയെഴുതണമെന്ന പ്രചാരണമാണ് യു.ഡി.എഫ്. പ്രധാനമായും ഉയര്‍ത്തിക്കൊണ്ടുവന്നത്.
ഇതിനായി പ്രചാരണം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്നതിനിടെ ഹര്‍ത്താല്‍ പോലും പ്രഖ്യാപിച്ചു. മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കി പ്രചാരണ രംഗത്തും ഒപ്പത്തിനൊപ്പമെത്തിയെന്ന പ്രതീതി ജനിപ്പിച്ചു. ഇതിനു പിന്നാലെ രാഹുല്‍ഗാന്ധി കൂടി എത്തിയതോടെ ആവേശത്തിലായിരുന്നു യു.ഡി.എഫ്.ക്യാമ്പ്.
എന്നാല്‍, താഴേത്തട്ടില്‍ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍ അത് നേതൃത്വം കണ്ടില്ലെന്ന് നടിച്ചത് വിനയായി. ഇതിനിടെ രാഹുല്‍ഗാന്ധിക്കെതിരേ ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശവും, എം.എം.മണിയുടെ പ്രസ്താവനകളും വന്നെങ്കിലും അതൊന്നും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ യു.ഡി.എഫിനായില്ല.
താഴേത്തട്ട് മുതലുള്ള സംഘടനാ സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതാണ് എല്‍.ഡി.എഫിന്റെ വിജയത്തിനു പിന്നിലെ ഘടകം.
content highlights: idukki ldf victory kerala assembly election 2021