Photo: Mathrubhumi
തൊടുപുഴ: കഴിഞ്ഞ തവണ മൂന്ന് സീറ്റുകളോടെ ജില്ലയില്‍ മേല്‍ക്കൈ നേടിയെങ്കിലും എല്‍.ഡി.എഫിന്റെ വോട്ടുവിഹിതം യു.ഡി.എഫിനേക്കാള്‍ 7.02 ശതമാനം കുറവായിരുന്നു. അന്ന് എല്‍.ഡി.എഫിന് 36.76, യു.ഡി.എഫിന് 43.78.
എന്നാല്‍, ഇത്തവണ കഥമാറി. എം.എം.മണിയുടെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എല്‍.ഡി.എഫ്. 47.7 ശതമാനം വോട്ടുകള്‍ നേടിയെടുത്തു. 10.94 ശതമാനം വോട്ടാണ് കൂടിയത്. യു.ഡി.എഫിന് 42.52 ശതമാനം വോട്ടുകിട്ടി. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 1.26 ശതമാനം കുറവ്. എല്‍.ഡി.എഫ് 5.18 ശതമാനം വോട്ടുകളാണ് ഇത്തവണ യു.ഡി.എഫിനേക്കാള്‍ കൂടുതല്‍ നേടിയത്.
ഇത്തവണ ജില്ലയിലാകെ 3,06,175 വോട്ടുകളാണ് എല്‍.ഡി.എഫ്.നേടിയത്. യു.ഡി.എഫിന്-2,72,873 വോട്ടുകളും എന്‍.ഡി.എ.യ്ക്ക് 49,600വോട്ടും.
എന്‍.ഡി.എ.യുടെ വോട്ടുകള്‍ കുറഞ്ഞു
ഇത്തവണ ഏറ്റവുമധികം നഷ്ടം പറ്റിയത് എന്‍.ഡി.എ.യ്ക്കാണ്. 2016-ലെ തിരഞ്ഞെടുപ്പില്‍ 99,472 വോട്ടുകളാണ് എന്‍.ഡി.എ. ജില്ലയില്‍ നേടിയത്. 15.2 ആയിരുന്നു വോട്ടുവിഹിതം.
ഇത്തവണ വോട്ട് 49,600 ആയി കുറഞ്ഞു. ശതമാനം പറഞ്ഞാല്‍ 7.72. 49,872 വോട്ടുകളാണ് ഇത്തവണ നഷ്ടപ്പെട്ടത്. ദേവികുളത്തും പീരുമേട്ടിലും കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെ. നേടിയ വോട്ടുകള്‍ കൂടി പരിഗണിച്ചാല്‍ നഷ്ടം ഇനിയും കൂടും.
മണിയാശാന്റെ വിജയയാത്ര
ഇത്തവണ എം.എം.മണി സ്വന്തമാക്കിയത് കൂറ്റന്‍ വിജയമാണ്. 60.31 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടി. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 20 ശതമാനത്തോളം കൂടുതല്‍. യു.ഡി.എഫിന് 9.87 ശതമാനവും എന്‍.ഡി.എ.യ്ക്ക് 11.7 ശതമാനവും വോട്ട് കുറഞ്ഞു.
റോഷിയുടെ വോട്ടുവിഹിതം കൂടി
ഭൂരിപക്ഷം കുറഞ്ഞെങ്കിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ വോട്ടുവിഹിതം കൂടി. 2016-ല്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് ഇടുക്കി. എന്നാല്‍, ഇത്തവണ പോളിങ് കുത്തനെ കുറഞ്ഞു. പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് ഉണ്ടായത്. എന്നാല്‍, പോള്‍ ചെയ്തതിലെ 47.34 ശതമാനം വോട്ടുകളും റോഷി നേടി. കഴിഞ്ഞ തവണ യു.ഡി.എഫ്.ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ 42.86 ശതമാനം വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫിനും വോട്ടുവിഹിതം കൂടിയിട്ടുണ്ട്. എന്നാല്‍, എന്‍.ഡി.എ.യുടെ വോട്ടുകള്‍ 19.04 ശതമാനത്തില്‍ നിന്ന് 7.05 ആയി കുറഞ്ഞു.
തൊടുപുഴയില്‍ 2016-ല്‍ 54.08 ശതമാനം വോട്ടുകളാണ് പി.ജെ.ജോസഫിന് ലഭിച്ചത്. ഇത്തവണ അത് 48.78 ശതമാനമായി കുറഞ്ഞു.
content highlights: idukki ldf, udf, nda vote share