പ്രതീകാത്മകചിത്രം| Photo: Mathrubhumi
ഉടുമ്പന്‍ചോലയില്‍ വീശിയത് ഇടതുകാറ്റ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ എം.എം.മണിയുടെ വമ്പന്‍ വിജയത്തിന്റെ ഞെട്ടലിലാണ് യു.ഡി.എഫും എന്‍.ഡി.എ.യും. വിജയസാധ്യത മണിയാശാന് തന്നെയായിരുന്നെങ്കിലും 38305 വോട്ടിന്റെ ഭൂരിപക്ഷം ഇടത് മുന്നണി പോലും പ്രതീക്ഷിച്ചിരുന്നില്ല. 2016-ല്‍ ലഭിച്ച വോട്ടില്‍നിന്നും പതിനായിരത്തിലേറെ വോട്ടിന്റെ കുറവാണ് യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഉടുമ്പന്‍ചോലയില്‍ ഇടത് തരംഗം വ്യക്തമായിരുന്നു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും എല്‍.ഡി.എഫാണ് ഭരണത്തില്‍. കോണ്‍ഗ്രസ് ഭരിച്ചിരുന്ന നെടുങ്കണ്ടം, ഇരട്ടയാര്‍, സേനാപതി, പാമ്പാടുംപാറ, വണ്ടന്‍മേട്, കരുണാപുരം പഞ്ചായത്തുകളും എല്‍.ഡി.എഫ്.പിടിച്ചെടുത്തിരുന്നു.
2016-ലെ തിരഞ്ഞെടുപ്പില്‍ 50,813 വോട്ടുകളാണ് എം.എം.മണിക്ക് ലഭിച്ചത്. ഇത്തവണ 26568 വോട്ടുകള്‍ വര്‍ധിച്ച് 77381 വോട്ടുകളിലേക്കെത്തി. ഇത് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ പകുതിയിലധികമാണ്. ശരാശരി 3500 വോട്ടിന്റെ ഭൂരിപക്ഷം എല്ലാ പഞ്ചായത്തുകളിലും ലഭിച്ചു. 2016-ല്‍ യു.ഡി.എഫിലെ സേനാപതി വേണുവിന് 49,704 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ ആഗസ്തിക്ക് വോട്ട് 39076 ആയി കുറഞ്ഞു. 193 ബൂത്തുകളില്‍ 129-എ, 188-എ, 191, 192 എന്നീ നാല് ബൂത്തുകളില്‍ മാത്രമാണ് ആഗസ്തിക്ക് ലീഡ് ലഭിച്ചത്. 2001-ന് ശേഷം ഉടുമ്പന്‍ചോലയുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ചിരുന്ന ആഗസ്തിയുടെ പെട്ടെന്നുള്ള സ്ഥാനാര്‍ഥിത്വവും യു.ഡി.എഫിന് വിനയായെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തവണത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സജി പറമ്പത്തിന് 21,799 വോട്ടുകളും ലഭിച്ചപ്പോള്‍ സന്തോഷ് മാധവന് അതിന്റെ മൂന്നിലൊന്ന് വോട്ടുകള്‍ മാത്രമാണ് നേടാനായത്.
പീരുമേട് മണ്ഡലത്തിലെ ഫലം
പഞ്ചായത്ത് തലത്തില്‍: ഏലപ്പാറ: യു.ഡി.എഫ്.(7103), എല്‍.ഡി.എഫ്. (6479), എന്‍.ഡി.എ. (725) ഭൂരിപക്ഷം (യു.ഡി.എഫ്.-624), ഉപ്പുതറ: യു.ഡി.എഫ്.(7626), എല്‍.ഡി.എഫ്. (6681), എന്‍.ഡി.എ. (1013) ഭൂരിപക്ഷം (യു.ഡി.എഫ്.-945), അയ്യപ്പന്‍കോവില്‍: യു.ഡി.എഫ്.(3877), എല്‍.ഡി.എഫ്. (3709), എന്‍.ഡി.എ. (562) ഭൂരിപക്ഷം (യു.ഡി.എഫ്.-168), ചക്കുപള്ളം: യു.ഡി.എഫ്.(5984)എല്‍.ഡി.എഫ്. (5177), എന്‍.ഡി.എ. (843) ഭൂരിപക്ഷം (യു.ഡി.എഫ്.-807), കുമളി: യു.ഡി.എഫ്.(10,267), എല്‍.ഡി.എഫ്. (9534), എന്‍.ഡി.എ. (1115) ഭൂരിപക്ഷം (യു.ഡി.എഫ്.-733),
കൊക്കയാര്‍: യു.ഡി.എഫ്.(3038), എല്‍.ഡി.എഫ്. (3264), എന്‍.ഡി.എ. (545) ഭൂരിപക്ഷം (എല്‍.ഡി.എഫ്-226), പെരുവന്താനം: യു.ഡി.എഫ്.(4491), എല്‍.ഡി.എഫ്. (3966), എന്‍.ഡി.എ. (493) ഭൂരിപക്ഷം (യു.ഡി.എഫ്.-525), പീരുമേട്: യു.ഡി.എഫ്.(6083), എല്‍.ഡി.എഫ്. (7427), എന്‍.ഡി.എ. (499) ഭൂരിപക്ഷം (എല്‍.ഡി.എഫ്.-1344), വണ്ടിപ്പെരിയാര്‍: യു.ഡി.എഫ്.(9132), എല്‍.ഡി.എഫ്. (13,281), എന്‍.ഡി.എ. (1289) ഭൂരിപക്ഷം (എല്‍.ഡി.എഫ്.-4149)
യു.ഡി.എഫ്. കോട്ടകളിലും റോഷിയുടെ തേരോട്ടം
കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു കോട്ടകളിലെ ലീഡ് നില നിര്‍ത്തുന്നതിനൊപ്പം യു.ഡി.എഫ്. കോട്ടകളിലും മുന്നേറിക്കൊണ്ടായിരുന്നു റോഷി അഗസ്റ്റിന്റെ വിജയം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോള്‍ പോലും ഒപ്പംനിന്ന കട്ടപ്പന നഗരസഭയില്‍ മികച്ച ലീഡ് ലഭിക്കുമെന്നായിരുന്നു യു.ഡി.എഫ്. ക്യാമ്പിന്റെ നിഗമനം. എന്നാല്‍ 1248 വോട്ടിന്റെ ലീഡാണ് റോഷി അഗസ്റ്റിന്‍ അവിടെനിന്നും നേടിയത്. യു.ഡി.എഫിന് ഒപ്പമുള്ള കഞ്ഞിക്കുഴി പഞ്ചായത്തില്‍നിന്നു 1135 വോട്ടിന്റെ ലീഡ് എല്‍.ഡി.എഫിന്. ഇത് റോഷി അഗസ്റ്റിന്റെ വിജയത്തില്‍ നിര്‍ണായകമായി.
കഞ്ഞിക്കുഴി,കൊന്നത്തടി,വാഴത്തോപ്പ്,കാമാക്ഷി,കാഞ്ചിയാര്‍ പഞ്ചായത്തുകളും കട്ടപ്പന നഗരസഭയിലും എല്‍.ഡി.എഫ്. വ്യക്തമായ ലീഡ് നേടിയപ്പോള്‍ വാത്തിക്കുടി,മരിയാപുരം, കുടയത്തൂര്‍ തുടങ്ങി യു.ഡി.എഫ്. കോട്ടകളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് കഴിഞ്ഞില്ല. അറക്കുളത്ത് മാത്രമാണ് യു.ഡി.എഫ്. ലീഡ് ചെയ്തത്.
10000-മുകളില്‍ വോട്ട് പ്രതീക്ഷിച്ചിരുന്ന എന്‍.ഡി.എയ്ക്ക് 9286 വോട്ടാണ് ഇടുക്കി മണ്ഡലത്തില്‍ നിന്നു ലഭിച്ചത്. വാഴത്തോപ്പ്, മരിയാപുരം,കാമാക്ഷി പഞ്ചായത്തുകളില്‍ ദയനീയമായ പ്രകടനമാണ് എന്‍.ഡി.എ. കാഴ്ചവെച്ചത്. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായ സംഗീത വിശ്വനാഥന് വേണ്ടി ബി.ഡി.ജെ.എസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പ്രവര്‍ത്തനം ഉണ്ടായില്ലെന്നും ഇത് വോട്ട് വിഹിതം കുറയാന്‍ കാരണമായെന്നുമുള്ള ആക്ഷേപം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ഇടയിലുണ്ട്. കഴിഞ്ഞ നിയമസഭ ഇലക്ഷന് 27403 വോട്ടുകള്‍ ലഭിച്ചിരുന്നു.
ദേവികുളത്തെ പഞ്ചായത്തുകളില്‍ ഇടത് ആധിപത്യം
മൂന്നാര്‍: ദേവികുളം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഭൂരിഭാഗത്തിലും ഇടത് ആധിപത്യം വ്യക്തമായിരുന്നു. മറയൂര്‍ പഞ്ചായത്തില്‍ നിന്ന് വോട്ടെണ്ണിത്തുടങ്ങുമ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി.കുമാര്‍ മുന്നിലേക്ക് വന്നെങ്കിലും പിന്നീട് രാജ ആധിപത്യം നേടുന്ന കാഴ്ചയാണ് കണ്ടത്. ഒരുഘട്ടത്തില്‍ പോലും രാജ പിന്നിലേക്ക് പോയില്ല. 12 പഞ്ചായത്തുകളില്‍ പത്തിലും രാജയ്ക്കാണ് ലീഡ്. കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ചു പഞ്ചായത്തുകളില്‍ മറയൂരും വട്ടവടയിലും മാത്രമാണ് യു.ഡി.എഫ്. പിടിച്ചുനിന്നത്. ലീഡ് പ്രതീക്ഷിച്ച അടിമാലി, മൂന്നാര്‍ പഞ്ചായത്തില്‍ പോലും അവര്‍ പിന്നാക്കം പോയി.
തോട്ടം മേഖലയായ ദേവികുളം പഞ്ചായത്തില്‍ നിന്നാണ് രാജയ്ക്ക് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത്. 2186 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവിടെ.ഏറ്റവും കുറവ് ഇടമലക്കുടിയില്‍നിന്നും-26 വോട്ടുകളുടെ ഭൂരിപക്ഷം.എന്നാല്‍, എന്‍.ഡി.എ.സ്ഥാനാര്‍ഥിയായിരുന്ന ഗണേശന് എല്ലാ പഞ്ചായത്തുകളിലും നിസ്സാര വോട്ടുകളാണ് ലഭിച്ചത്. കാലങ്ങളായി യു.ഡി.എഫ്. ഭരിക്കുന്ന മറയൂര്‍ പഞ്ചായത്തില്‍ ഡി.കുമാറിന് 717 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 1500-ന് മുകളില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
യു.ഡി.എഫ്. ഭരിക്കുന്ന വട്ടവടയില്‍ വെറും 199 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. പിന്നീടിങ്ങോട്ട് യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളിലടക്കം രാജ മുന്നേറി. ഇടമലക്കുടിയില്‍ 26, മൂന്നാറില്‍ 68,ദേവികുളം-2186, ചിന്നക്കനാല്‍-688, മാങ്കുളം-769, അടിമാലി-709, പള്ളിവാസല്‍-914, വെള്ളത്തൂവല്‍-1351, ബൈസണ്‍വാലി-1357 എന്നിങ്ങനെയായിരുന്നു രാജയുടെ ലീഡ് നില. മൂന്നാറും അടിമാലിയും കൈവിട്ടപ്പോള്‍ തന്നെ യു.ഡി.എഫ്. വിജയപ്രതീക്ഷകള്‍ കൈവിട്ടിരുന്നു.
തൊടുപുഴയിലും, എല്‍.ഡി.എഫിന്റെ പഞ്ചായത്തുകളിലും പി.ജെ.
തൊടുപുഴ: മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും നഗരസഭയിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജെ.ജോസഫ് തന്നെ ലീഡ് നേടി.
ഒറ്റ സീറ്റിന്റെ ബലത്തില്‍ എല്‍.ഡി.എഫ്. ഭരിക്കുന്ന തൊടുപുഴ നഗരസഭയിലാണ് പി.ജെ.ജോസഫ് ഏറ്റവുമധികം ലീഡ് നേടിയത്.
6706 വോട്ടുകളാണ് എതിര്‍ സ്ഥാനാര്‍ഥി കെ.ഐ.ആന്റണിയേക്കാള്‍ കൂടുതല്‍ അദ്ദേഹം നേടിയത്. കൂടാതെ എല്‍.ഡി.എഫ്. ഭരിക്കുന്ന ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കരിങ്കുന്നം മണ്ഡലങ്ങളിലും പി.ജെ.ജോസഫ് ലീഡ് നേടി.എന്നാല്‍, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന്റെ പകുതിപോലും നേടാന്‍ ഇത്തവണ പി.ജെ.ജോസഫിന് കഴിഞ്ഞില്ല.
പഞ്ചായത്തിലെ ലീഡ്-കുമാരമംഗംലം-1034, കോടിക്കുളം-1317, വണ്ണപ്പുറം-436, കരിമണ്ണൂര്‍-2486, ഇടവെട്ടി-975, മണക്കാട്-1365, പുറപ്പുഴ-1505, കരിങ്കുന്നം-1679, മുട്ടം-1320, ആലക്കോട്-727, ഉടുമ്പന്നൂര്‍-514, വെള്ളിയാമറ്റം-506.
content highlights: idukki kerala assembly election panchayath wise vote