എം സ്വരാജ്, കെ ബാബു
കൊച്ചി: തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് പരാജയഭീതി ഉള്ളതിനാലാണ് തന്നെക്കുറിച്ച് ആര്‍എസ്എസ് നോമിനി എന്ന ആരോപണമുന്നയിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. സിപിഎം ജാഥയ്ക്ക് പോകുന്നവരുടെ വീട്ടിലുള്ളവരുടെ വോട്ടും തനിക്ക് കിട്ടാറുണ്ട്. ഇത്തരത്തില്‍ ബിജെപി അനുഭാവികളുടെ വോട്ടും കിട്ടുമെന്നാണ് താന്‍ പറഞ്ഞതെന്നും കെ ബാബു വിശദീകരിച്ചു. തൃപ്പൂണിത്തുറയില്‍ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന സ്വരാജിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി കെഎസ് രാധാകൃഷ്ണനെ പോലെ ഒരു പ്രമുഖ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിട്ട് അദ്ദേഹത്തെ ബലിയാടാക്കി എനിക്ക് വോട്ട് തരുമെന്ന് വിശ്വസിക്കാനുള്ള മൗഢ്യം ആര്‍ക്കെങ്കിലും ഉണ്ടോ?സിപിഎം ആദ്യം മറുപടി പറയേണ്ടത് ബാലശങ്കറിന്റെ ആരോപണത്തിനാണ്. കോടിയേരി ബാലകൃഷ്ണന്‍ ആദ്യം മക്കളെ നിലയ്ക്ക് നിര്‍ത്തിയിട്ട് വേണം പ്രതികരിക്കാനെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് എം സ്വരാജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 25 വര്‍ഷം എംഎല്‍എ ആയി ഇരുന്നൊരാള്‍ ബിജെപി വോട്ടിന് പ്രതീക്ഷ വെക്കുന്നതിന്റെ അര്‍ഥം നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നതാണെന്നും സ്വരാജ് പറഞ്ഞു.
Content Highlights: K Babu's explanations on M Swaraj's allegations regarding BJP=UDF alliance