ആലപ്പുഴയിലും അമ്പലപ്പുഴയിലും എല്‍.ഡി.എഫിനു വോട്ടുകുറഞ്ഞു


3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി

ആലപ്പുഴ: ഒന്‍പതു നിയോജകമണ്ഡലത്തില്‍ എട്ടിടത്തും ജയിച്ചിട്ടും എല്‍.ഡി.എഫിന് പലയിടത്തും വോട്ടുകുറഞ്ഞു. യു.ഡി.എഫിന്റെ വോട്ടുവിഹിതം ചില മണ്ഡലങ്ങളില്‍ ഉയരുകയും ചെയ്തു. എന്‍.ഡി.എ.യ്ക്ക് പലയിടത്തും വന്‍ തിരിച്ചടിയും നേരിട്ടു. വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായുള്ള നേട്ടമുണ്ടാക്കാന്‍ പലയിടത്തും മുന്നണികള്‍ക്കായില്ല.

ആലപ്പുഴ

ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജന്‍ 11,644 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും എല്‍.ഡി.എഫിനു കുത്തനെ വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ തോമസ് ഐസക്കിന് 83,211 വോട്ടാണു കിട്ടിയത്. ചിത്തരഞ്ജന് ഇത്തവണ കിട്ടിയത് 73,412 വോട്ടും. 9,799 വോട്ടിന്റെ കുറവ്.

അതേസമയം, തോറ്റിട്ടും യു.ഡി.എഫ്. ഇവിടെ വോട്ടുവിഹിതമുയര്‍ത്തി. കഴിഞ്ഞതവണ യു.ഡി.എഫ്.സ്ഥാനാര്‍ഥി ലാലി വിന്‍സെന്റ് 52,179 വോട്ടുനേടിയ സ്ഥാനത്ത് കെ.എസ്. മനോജ് ഇക്കുറി 61,788 വോട്ടുനേടി. 9,589 വോട്ടിന്റെ വര്‍ധന. എന്‍.ഡി.എ.യും ഇക്കുറി ഇവിടെ വോട്ടുവിഹിതമുയര്‍ത്തി. കഴിഞ്ഞതവണ 18,214 വോട്ടാണ് എന്‍.ഡി.എ.യ്ക്കു കിട്ടിയത്. ഇക്കുറി അത് 21,650 ആയി ഉയര്‍ന്നു.

അമ്പലപ്പുഴ

അമ്പലപ്പുഴയില്‍ എച്ച്. സലാം ജയിച്ചിട്ടും എല്‍.ഡി.എഫിന്റെ വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ ജി. സുധാകരന് 63,069 വോട്ടാണു ലഭിച്ചത്. സലാമിന് 61,365 വോട്ടേ ലഭിച്ചുള്ളൂ. 1704 വോട്ടിന്റെ കുറവ്. ഇവിടെയും യു.ഡി.എഫ്. വോട്ടുവിഹിതത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. 9,792 വോട്ടിന്റെ വര്‍ധനയാണ് യു.ഡി.എഫിനുണ്ടായത്.

ചേര്‍ത്തല

ചേര്‍ത്തലയില്‍ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം നേടാന്‍ പി. പ്രസാദിനായില്ലെങ്കിലും വോട്ടുവിഹിതം എല്‍.ഡി.എഫ്. ഉയര്‍ത്തി. കഴിഞ്ഞതവണ തിലോത്തമന് 81,197 വോട്ടാണു ലഭിച്ചത്. ഇക്കുറി പ്രസാദ് 83,702 വോട്ടുനേടി. 2,505 വോട്ടിന്റെ വര്‍ധന. യു.ഡി.എഫ്. ചേര്‍ത്തലയിലും വോട്ടുവിഹിതം ഉയര്‍ത്തി. കഴിഞ്ഞതവണ 74,001 വോട്ടുനേടിയ സ്ഥാനത്ത് ഇക്കുറി 77,554 വോട്ടുനേടി. 3,553 വോട്ടിന്റെ വര്‍ധന. എന്‍.ഡി.എ.യ്ക്ക് ഇവിടെ 5,052 വോട്ടിന്റെ കുറവുണ്ടായി. കഴിഞ്ഞതവണ 19,614 വോട്ടുകിട്ടിയ സ്ഥാനത്ത് ഇത്തവണ 14,562 വോട്ടിലൊതുങ്ങി.

ചെങ്ങന്നൂര്‍

31,984 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ ജയിച്ച ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെകൂടി. 18,413 വോട്ടാണ് വര്‍ധിച്ചത്. കഴിഞ്ഞതവണ 52,880 ആയിരുന്നു എല്‍.ഡി.എഫിനു ലഭിച്ച വോട്ടുകള്‍. ഇത്തവണ അത് 71,293 ആയി ഉയര്‍ന്നു. യു.ഡി.എഫിനും എന്‍.ഡി.എ.യ്ക്കും ഇവിടെ വന്‍ വോട്ടുചോര്‍ച്ചയുമുണ്ടായി. 44,897 വോട്ടുകിട്ടിയ യു.ഡി.എഫിന് ഇത്തവണ 39,309 വോട്ടേ കിട്ടിയുള്ളൂ. 42,682 വോട്ടുകിട്ടിയ എന്‍.ഡി.എ.യ്ക്ക് 34,493 വോട്ടില്‍ തൃപ്തിപ്പെടേണ്ടിവന്നു. 8,189 വോട്ടിന്റെ കുറവാണ് എന്‍.ഡി.എ.യ്ക്ക് ഇവിടെയുണ്ടായത്.

കുട്ടനാട്

കുട്ടനാട്ടില്‍ എല്‍.ഡി.എഫ്.വോട്ടുവിഹിതം ഉയര്‍ന്നു. കഴിഞ്ഞതവണ 50,114 വോട്ടുകിട്ടിയ സ്ഥാനത്ത് ഇക്കുറി 57,379 വോട്ടുലഭിച്ചു. എല്‍.ഡി.എഫിലെ തോമസ് കെ. തോമസാണ് ഇവിടെ ജയിച്ചത്. തോറ്റ യു.ഡി.എഫിനും ഇവിടെ വോട്ടുവിഹിതമുയര്‍ത്താനായി. കഴിഞ്ഞതവണ 45,223 വോട്ടുകിട്ടിയ സ്ഥാനത്ത് ഇക്കുറി 51,863 വോട്ടുകിട്ടി. എന്‍.ഡി.എ.യ്ക്ക് വന്‍ നഷ്ടമാണ് കുട്ടനാട്ടിലുണ്ടായത്. കഴിഞ്ഞതവണ സുഭാഷ് വാസു 33,044 വോട്ടുനേടിയ സ്ഥാനത്ത് ഇത്തവണ തമ്പി മേട്ടുതറയ്ക്ക് നേടാനായത് 14,946 വോട്ടുമാത്രമാണ്. 18,098 വോട്ടിന്റെ കുറവ്.

അരൂര്‍

ഷാനിമോള്‍ ഉസ്മാനില്‍നിന്ന് ദലീമയിലൂടെ എല്‍.ഡി.എഫ്. അരൂര്‍ തിരിച്ചുപിടിച്ചെങ്കിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകുറഞ്ഞു. 84,720 വോട്ടുകിട്ടിയ സ്ഥാനത്ത് 75,617 വോട്ടാണ് ഇത്തവണ കിട്ടിയത്. യു.ഡി.എഫ്. വോട്ടുവിഹിതത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 22,403 വോട്ടിന്റെ വര്‍ധനയുണ്ടാകുകയും ചെയ്തു. എന്‍.ഡി.എ.യ്ക്ക് ഇവിടെ തിരിച്ചടിയുണ്ടായി. 2016-ല്‍ 27,753 വോട്ടുലഭിച്ച സ്ഥാനത്ത് ഇത്തവണ 17,479 വോട്ടാണ് കിട്ടിയത്.

ഹരിപ്പാട്

ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചിട്ടും യു.ഡി.എഫിനു വോട്ടുകുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 3,212 വോട്ടിന്റെ കുറവാണുണ്ടായത്. എല്‍.ഡി.എഫ്. 57,359 വോട്ടില്‍നിന്ന് 59,102 വോട്ടായി വിഹിതം ഉയര്‍ത്തുകയുംചെയ്തു. എന്‍.ഡി.എ.യുടെ വോട്ടുവിഹിതവും ഉയര്‍ന്നു. 12,985 വോട്ടില്‍നിന്ന് 17,890 വോട്ടായാണുയര്‍ന്നത്.

മാവേലിക്കര

എം.എസ്. അരുണ്‍കുമാറിലൂടെ എല്‍.ഡി.എഫ്. മണ്ഡലം നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ വോട്ടുകുറഞ്ഞു. 74,555 വോട്ടുകിട്ടിയ സ്ഥാനത്ത് ഇത്തവണ 71,743 വോട്ടേ ലഭിച്ചുള്ളൂ. യു.ഡി.എഫ്.വോട്ടുകള്‍ 43,013-ല്‍നിന്ന് 47,026 ആയി ഉയരുകയുംചെയ്തു. എന്‍.ഡി.എ.യ്ക്ക് ഇവിടെ നഷ്ടമോ നേട്ടമോ ഉണ്ടായില്ല. കഴിഞ്ഞതവണ 30,929 വോട്ടുലഭിച്ചപ്പോള്‍ ഇക്കുറി 30,955 വോട്ടുകിട്ടി.

കായംകുളം

കായംകുളം സീറ്റ് യു. പ്രതിഭയിലൂടെ എല്‍.ഡി.എഫ്. നിലനിര്‍ത്തിയപ്പോള്‍ വോട്ടുവിഹിതം ഉയര്‍ന്നു. 72,956 വോട്ടുകിട്ടിയസ്ഥാനത്ത് ഇത്തവണ 77,348 വോട്ടുലഭിച്ചു. 4,392 വോട്ടിന്റെ വര്‍ധന. യു.ഡി.എഫിന്റെ വോട്ടുവിഹിതവും ഉയര്‍ന്നു. 61,099-ല്‍നിന്ന് 71,050 ആയാണ് യു.ഡി.എഫ്.വോട്ടുയര്‍ന്നത്. എന്‍.ഡി.എ.യ്ക്കാണ് തിരിച്ചടി നേരിട്ടത്. 20,000 വോട്ടുണ്ടായിരുന്ന എന്‍.ഡി.എ.യ്ക്ക് 11,413 വോട്ടായി കുറഞ്ഞു.

Content Highlights: Vote share of LDF in Alappuzha district

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram