സുധാകരനും ഐസക്കിനും ഇളവ് വേണമെന്ന് ജില്ലാനേതൃത്വം; കായംകുളം, മാവേലിക്കര സീറ്റുകളില്‍ തര്‍ക്കം


ആര്‍.ശ്രീജിത്ത് മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

ജി. സുധാകരൻ, തോമസ് ഐസക്ക് | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: ജി. സുധാകരനും തോമസ് ഐസക്കിനും ഇളവ് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അരൂരില്‍ സി.വി. ചന്ദ്രബാബു സ്ഥാനാര്‍ഥിയാകും. എന്നാല്‍ മാവേലിക്കരയില്‍ ആര്‍. രാജേഷിന് ഇളവ് നല്‍കുന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റില്‍ ഭിന്നതയുണ്ടായി. കായംങ്കുളത്ത് യു. പ്രതിഭയ്ക്ക് ഒപ്പം കെ.എച്ച്. ബാബുജാന്റെ പേരും പട്ടികയിലുണ്ട്.

മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും വീണ്ടും ഒരു അവസരം നല്‍കണമെന്ന് ആലപ്പുഴ ജില്ലാ സെകക്രട്ടറിയേറ്റ് ഏകകണ്‌ഠേന ആവശ്യപ്പെട്ടു. ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ആക്റ്റിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മറ്റിയാണെന്നും അദ്ദേഹം മറുപടി നല്‍കി.

അരൂര്‍ സീറ്റിര്‍ സി.ബി. ചന്ദ്രബാബു സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. അദ്ദേഹത്തിനൊപ്പം ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ പേരും പട്ടികയിലുണ്ടെങ്കിലും ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ളതിനാല്‍ മത്സരിച്ചേക്കില്ല. ചങ്ങന്നൂരില്‍ സിറ്റിങ് എംഎല്‍എ സജി ചെറിയാന്‍ മത്സരിക്കും.

കായംകുളം, മാവേലിക്കര സീറ്റുകളുടെ കാര്യത്തിലാണ് തര്‍ക്കമുണ്ടായത്. മാവേലിക്കരയില്‍ ആര്‍. രാജേഷ് രണ്ട് ടേം പൂര്‍ത്തിയാക്കിയ ആളാണ്. രാജേഷിന് ഒരു അവസരംകൂടി നല്‍കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവന്‍ അദ്ദേഹത്തിന് സീറ്റ് നല്‍കണമെന്ന ആവശ്യം സ്വയം മുന്നോട്ട് വെച്ചു. മൂന്നോ നാലോ ആളുകള്‍ അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചു.

കായംകുളത്ത് യു. പ്രതിഭയുടെ കാര്യത്തില്‍ കായംകുളത്ത് നിന്നുള്ള നേതൃത്വം ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു. കായംകുളത്ത് നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രതിഭയ്ക്ക് പകരം കെ.എച്ച്. ബാബുജാന്റെ പേരും നിര്‍ദേശിച്ചു. പ്രതിഭയ്ക്ക് ഒപ്പം കെ.എച്ച്. ബാബുജാന്റെ പേരും ചേര്‍ത്താണ് കായംകുളം മണ്ഡലത്തിന്റെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറുക.

Content Highlights: Thomas issac and G Sudhakaran may contest again in assembly election

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram