ലോക്‌സഭയിലും തദ്ദേശത്തിലും ഇടതുചരിഞ്ഞ്; കായംകുളത്തെ രാഷ്ട്രീയമണ്ണ് ആര്‍ക്കൊപ്പം നില്‍ക്കും ?


രജിത്ത് ജെ. കുറുപ്പ്

2 min read
Read later
Print
Share

1957 ലെ ആദ്യതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വനിതകളെയാണ് മത്സരത്തിനിറക്കിയത്. അതിന്ശേഷം 2021 ലാണ് വീണ്ടും വനിതകള്‍ തമ്മില്‍ മത്സരത്തിനിറങ്ങുന്നത്.

അരിത ബാബു, യു.പ്രതിഭ, പി.പ്രദീപ് ലാൽ| ഫോട്ടോ: മാതൃഭൂമി

കായംകുളം: എക്കാലത്തും വ്യക്തമായ രാഷ്ട്രീയനിലപാടുള്ള മണ്ഡലമാണ് കായംകുളം. ഇതിനെയും വലതിനെയും ജയിപ്പിച്ച മണ്ഡലം പ്രമുഖരെ തോല്‍പ്പിച്ചിട്ടുമുണ്ട്. മിക്കപ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പിശുക്കു കാണിച്ചിട്ടുമുണ്ട്. എന്നാല്‍ കുറെനാളായി വലത്തുമാറാതെ ഇടത്തോട്ടു തന്നെയാണ് കായംകുളത്തെ രാഷ്ട്രീയചായ്വ്. മൂന്ന് ടേം തുടര്‍ച്ചയായി എല്‍.ഡി.എഫ്. വിജയിച്ചുകയറി. നിലനിര്‍ത്താനായി എല്‍.ഡി.എഫും തിരിച്ചുപിടിക്കാനായി യു.ഡി.എഫും അട്ടിമറിനടത്തായി എന്‍.ഡി.യെയും ഇറങ്ങിയതോടെ തീപാറും പോരാട്ടമാണ് കായംകുളത്ത്.

ജില്ലയില്‍ തന്നെ വലിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി കായംകുളം മാറി. സിറ്റിങ്ങ് എം.എല്‍.എ. യു.പ്രതിഭയെ തന്നെ എല്‍.ഡി.എഫ്. വീണ്ടും മത്സരത്തിനിറക്കി. പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ. എന്നീ നിലകളിലുള്ള സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തനമികവ് വോട്ടാകും എന്നുതന്നെയാണ് എല്‍.ഡി.എഫ്. വിലയിരുത്തല്‍. വികസനത്തിന് വോട്ട് വീണാല്‍ ഭൂരിപക്ഷം ഇരട്ടിയാക്കാം എന്നു തന്നെയാണ് എല്‍.ഡി.എഫ്. ക്യാമ്പിന്റെ പ്രതീക്ഷ.

ഉറച്ച കോട്ടയായിരുന്ന കായംകുളം യു.ഡി.എഫിന് എങ്ങനെയും തിരിച്ചു പിടിച്ചേമതിയാകും. അതിനായി തന്നെ മണ്ഡലത്തില്‍ സുപരിചതായ ഇളംതലമുറക്കാരി അരിതബാബുവിനെ യു.ഡി.എഫ്. കളത്തിലിറക്കി. 21-ാം വയസില്‍ ജില്ലപഞ്ചായത്തംഗമായ അരിതയ്ക്ക് തിരഞ്ഞെടുപ്പ് അങ്കം പുത്തരിയല്ല. ആഞ്ഞുപിടിച്ചാല്‍ കായംകുളം കൂടെപോരുമെന്ന് യു.ഡി.എഫ്. നേതൃത്വത്തിന് നല്ലവിശ്വാസവുമുണ്ട്. പലപ്പോഴും സംഘടയ്ക്കുള്ളിലെ വിഷയങ്ങളാണ് കായംകുളത്ത് യു.ഡി.എഫിന് വിനയാകുന്നതെന്നുള്ള തിരിച്ചറിവും നേതൃത്വത്തിനുണ്ട്. യു.ഡി.എഫ്. ഒറ്റകെട്ടായി നിന്നാല്‍ കായംകുളത്ത് വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവര്‍ത്തകരോട് പറഞ്ഞു കഴിഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ടു ഉയരുന്നത് എന്‍.ഡി.എ.യുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ബി.ഡി.ജെ.എസ്. ജില്ല വൈസ് പ്രസിഡന്റായ പി.പ്രദീപ് ലാലിനെയാണ് അങ്കത്തിനിറക്കിയിരിക്കുന്നത്. എസ്.എന്‍.ഡി.പി. യോഗം കായംകുളം യൂണിയന്‍ സെക്രട്ടറിയാണ് പ്രദീപ് ലാല്‍. മണ്ഡലത്തിലെ മുക്കാല്‍ ലക്ഷത്തോളം എസ്.എന്‍.ഡി.പി. വോട്ടുകളിലാണ് ബി.ഡി.ജെ.എസ്. കണ്ണ്.

അരനൂറ്റാണ്ടിന് ശേഷം വനിതകള്‍ നേര്‍ക്ക് നേര്‍

1957 ലെ ആദ്യതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വനിതകളെയാണ് മത്സരത്തിനിറക്കിയത്. അതിന്ശേഷം 2021 ലാണ് വീണ്ടും വനിതകള്‍ തമ്മില്‍ മത്സരത്തിനിറങ്ങുന്നത്.

ലോക്‌സഭയിലും തദ്ദേശത്തിലും ഇടതുചരിഞ്ഞ്

കേരളത്തില്‍ യു.ഡി.എഫ്. തരംഗം ഉണ്ടായ ലോക്‌സഭ തിരഞ്ഞെടുപ്പിലും തുടര്‍ന്നവന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍.ഡി.എഫിന് ലീഡ് നേടാനായി. പരമ്പരാഗതമായി കൂടെ നില്‍ക്കുന്ന പഞ്ചായത്തുകളോടൊപ്പം നഗരസഭയെയും കൂടെ നിര്‍ത്താന്‍ കഴിയുന്നതുകൊണ്ടാണ് എല്‍.ഡി.എഫിന് മേല്‍കൈ നേടാന്‍ കഴിയുന്നത്.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ചെട്ടികുളങ്ങര പഞ്ചായത്തുകൂടി മണ്ഡലത്തോട് ചേര്‍ന്നത് യു.ഡി.എഫിന് വിനയായി. ഇവിടെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പോയി. നഗരസഭയില്‍ അനായാസം ലീഡ് ഉയര്‍ത്താന്‍ കഴിയുമെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ പ്രതീക്ഷ.

ഭരണിക്കാവ്, കണ്ടല്ലൂര്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ എന്‍.ഡി.എ.യ്ക്കാവുന്നുണ്ട്. നഗരസഭയില്‍ വോട്ട് വിഹിതം കാര്യമായി ഉയരുന്നുമില്ല. മൂന്ന് മുന്നണികളും കളത്തില്‍ ഇറങ്ങിയതോടെ പ്രചാരണം കടുത്തു.

വലിയ മുന്നേറ്റം നടത്തും

നിയമസഭ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് യു.ഡി.എഫ്. വലിയ മുന്നേറ്റം നടത്തും. ഇക്കുറി സ്വന്തം നാട്ടില്‍ നിന്ന് തന്നൊരു എം.എല്‍.എ.യെ കായംകുളത്തിന് ലഭിക്കും. സാധാരണക്കാരുടെ ഇടയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.- ചേലക്കാട് രാധാകൃഷ്ണന്‍ (യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മറ്റികണ്‍വീനര്‍)

വിജയപ്രതീക്ഷയിലാണ്

എന്‍.ഡി.എ. കായംകുളത്ത് വിജയിക്കുമെന്നും തന്നെയാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എന്‍.ഡി.എ.യ്ക്ക് മണ്ഡലത്തില്‍ വോട്ട് കൂടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഇക്കുറി വോട്ടായിമാറും- കൃഷ്ണകുമാര്‍രാംദാസ് (എന്‍.ഡി.എ.തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍)

ഭൂരിപക്ഷം ഇരട്ടിയാകും

എല്‍.ഡി.എഫിന്റെ വിജയം ഉറപ്പാണ്. സ്ഥാനാര്‍ഥിയുടെ മികവും, വികസപ്രവര്‍ത്തനങ്ങളും വോട്ടായിമാറും. കഴിഞ്ഞതവണ ലഭിച്ചതിന്റെ ഇരട്ടിഭൂരിപക്ഷം നേടിയാകും ഇക്കുറി എല്‍.ഡി.എഫ്. കായംകുളത്ത് വിജയിക്കാന്‍ പോകുന്നത്. അതിനായി ചിട്ടയായപ്രവര്‍ത്തനമാണ് നടക്കുന്നത്. - എന്‍.സുകുമാരപിള്ള (എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ്)

നിയമസഭാ ഫലം-2016

 • എല്‍.ഡി.എഫ്. 72956
 • യു.ഡി.എഫ്. 61099
 • എന്‍.ഡി.എ.20,000
 • എല്‍.ഡി.എഫ്. ഭൂരിപക്ഷം 11857
ലോകസഭ ഫലം 2019

 • എല്‍.ഡി.എഫ്. 62370
 • യു.ഡി.എഫ്.58073
 • എന്‍.ഡി.എ. 31660
 • എല്‍.ഡി.എഫ്. ഭൂരിപകഷം 4297
തദ്ദേശതെരഞ്ഞെടുപ്പ് 2020

 • എല്‍.ഡി.എഫ് 69463.
 • യു.ഡി.എഫ് 56964.
 • എന്‍.ഡി.എ 32748.
 • എല്‍.ഡി.എഫ്. ഭൂരിപക്ഷം 12499
Content Highlights: Kayamkulam Assembly Constituency, assembly election 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram