Representational Image
എടപ്പാൾ: സംസ്ഥാനത്തെ കുടുംബശ്രീയിൽ ആധിപത്യമുറപ്പിക്കാൻ അണിയറ നീക്കങ്ങളുമായി കെ.പി.സി.സി.യും പോഷകസംഘടനകളും. കുടുംബശ്രീയുടെ വിവിധതലങ്ങളിൽ താത്‌പര്യം കാട്ടാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. തുടർന്നാണ് കെ.പി.സി.സി. കീഴ്ഘടകങ്ങൾക്ക് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളത്.
മാർച്ച് ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽവരുന്ന രീതിയിൽ കുടുംബശ്രീയുടെ വിവിധ തലങ്ങളിലുള്ള തിരഞ്ഞെടുപ്പിന് 25-ന് വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെയാണ് കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. മുരളി സർക്കുലർ അയച്ചിട്ടുള്ളത്.
അയൽക്കൂട്ട തിരഞ്ഞെടുപ്പ്, എ.ഡി.എസ്., സി.ഡി.എസ്. തിരഞ്ഞെടുപ്പുകൾ എന്നിവയിൽ സ്വാധീനമുണ്ടാക്കിയാൽ രാഷ്ട്രീയരംഗത്ത് വലിയ നേട്ടമാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. പ്രാദേശികമായി വലിയൊരു ജനവിഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി കുടുംബശ്രീ മാറിയിട്ടുണ്ടെങ്കിലും കോൺഗ്രസും പോഷകസംഘടനകളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനാധികാരികളും ഇക്കാര്യത്തിൽ കാര്യമായ താത്‌പര്യം കാണിക്കുന്നില്ല.
തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയുയർത്താൻ കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് മറ്റുപ്രസ്ഥാനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് മാറ്റിയെടുക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കുടുംബശ്രീയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ പാർട്ടിക്കാകുകയും വേണം. വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളും ജനപ്രതിനിധികളും ഇതിനായി ഇടപെടണമെന്നുമാണ് നിർദേശം.
ലക്ഷ്യം സി.പി.എം. ആധിപത്യം ഇല്ലാതാക്കൽ
കുടുംബശ്രീയിൽ സി.പി.എമ്മിനുള്ള ആധിപത്യം ഇല്ലാതാക്കലാണ് കെ.പി.സി.സി. ലക്ഷ്യമിടുന്നത്. കുടുംബശ്രീയിൽ കോൺഗ്രസ് ആഭിമുഖ്യമുള്ളവർ ധാരാളമുണ്ടായിട്ടും പാർട്ടിയുടെ ഇടപെടലില്ലാത്തതിനാൽ അവരെല്ലാം സി.പി.എം. പ്രവർത്തകർക്കൊപ്പം ചേരേണ്ട അവസ്ഥയാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്നതായിട്ടും കുടുംബശ്രീ സി.പി.എം. അനുബന്ധസംഘടനപോലെയാക്കി മാറ്റാൻ അവർക്കായതാണ് തിരഞ്ഞെടുപ്പുകളിൽ സ്ത്രീസാന്നിധ്യം വലിയതോതിലുണ്ടാക്കാൻ സഹായിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ
*തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർപട്ടിക പ്രസിദ്ധീകരണവും 25-ന്.
* അയൽക്കൂട്ടയോഗം ചേർന്ന് അധ്യക്ഷയെ തിരഞ്ഞെടുക്കൽ-26 മുതൽ 31 വരെ.
* അയൽക്കൂട്ട അധ്യക്ഷർക്കുള്ള പരിശീലനം- ഫെബ്രുവരി ഒന്നുമുതൽ ആറുവരെ.
* അയൽക്കൂട്ട തിരഞ്ഞെടുപ്പ്- ഫെബ്രുവരി ഒൻപതുമുതൽ 15 വരെ.
* എ.ഡി.എസ്. തിരഞ്ഞെടുപ്പ് ഫെബ്രുവരി 18 മുതൽ 22 വരെ.
* സി.ഡി.എസ്. തിരഞ്ഞെടുപ്പ്- ഫെബ്രുവരി 28.
* പുതിയ ഭരണസമിതി അധികാരത്തിലെത്തൽ മാർച്ച് ഒന്ന്.