To advertise here, Contact Us



കണക്കുതെറ്റിക്കുന്ന വോട്ടുചോര്‍ച്ച


ബിജു പരവത്ത്

2 min read
Read later
Print
Share

ചോര്‍ന്നുപോയ വോട്ടുബാങ്കുകള്‍ ഏറെയുണ്ട് മൂന്ന് മുന്നണികള്‍ക്കും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വോട്ടുകണക്കുകളില്‍ വോട്ടര്‍മാരുടെ മനസ്സ് പിടികിട്ടാത്ത അവസ്ഥയിലാണ് മുന്നണികള്‍. വിജയംകൂടെപ്പോന്നുവെന്ന് അഭിമാനിക്കുമ്പോഴും ചോര്‍ന്നുപോയ വോട്ടുബാങ്കുകള്‍ ഏറെയുണ്ട് എല്‍.ഡി.എഫിന്. പരാജയം കടുത്തതാണെന്ന് അംഗീകരിച്ച് ആഭ്യന്തരകലാപത്തിന് ഒരുങ്ങുന്ന യു.ഡി.എഫിന് അത്ര അശുഭകരമായ വാര്‍ത്തകളല്ല വോട്ടര്‍മാര്‍ നല്‍കിയത്. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് വിലയിരുത്തി ബി.ജെ.പി.യില്‍ നേതാക്കള്‍ പരസ്പരം പഴിചാരിത്തുടങ്ങിക്കഴിഞ്ഞു.

To advertise here, Contact Us

പരിശോധനയ്ക്ക് എല്‍.ഡി.എഫ്.

ജില്ലാപഞ്ചായത്തുകളും കോര്‍പ്പറേഷനുകളും കൈയടക്കിയ വിജയമാണ് എല്‍.ഡി.എഫിന്റെ ആധിപത്യം പ്രഖ്യാപിക്കുന്നത്. അതേസമയം, ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ്. പിന്നാക്കംപോയി എന്നതാണ് തിരഞ്ഞെടുപ്പുഫലം നല്‍കുന്ന വൈരുധ്യം. കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറുജില്ലകളിലെ മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് കഴിഞ്ഞതവണ നേടിയതിനെക്കാള്‍ സീറ്റുകള്‍ എല്‍.ഡി.എഫിന് ലഭിച്ചത്. 24 ഗ്രാമപ്പഞ്ചായത്തുകളിലെ ഭരണംമുന്നണിക്ക് നഷ്ടമായി. ഈ ചോര്‍ച്ചയുടെ കാരണം പരിശോധിക്കാന്‍ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നാല് മുനിസിപ്പാലിറ്റികളിലായി ഏഴുവാര്‍ഡുകളാണ് എല്‍.ഡി.എഫിനെ കൈവിട്ടത്. വര്‍ക്കലയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടായി. എറണാകുളത്ത് 180 നഗരസഭാവാര്‍ഡുണ്ടായിരുന്നത് 123 ആയി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാപഞ്ചായത്തുകള്‍ ഇടത്തോട്ട് മറിഞ്ഞപ്പോഴും മുനിസിപ്പാലിറ്റികളില്‍ അതിനൊത്ത വോട്ടുലഭിച്ചില്ല. മധ്യകേരളത്തില്‍ കഴിഞ്ഞതവണത്തെക്കാള്‍ നഗരവോട്ടുകളില്‍ നിലമെച്ചപ്പെടുത്തിയത് കോട്ടയത്തുമാത്രമാണ്. ഇതെല്ലാം പരിശോധിക്കാനാണ് സി.പി.എം. തീരുമാനം.

പതറിനില്‍ക്കുന്ന യു.ഡി.എഫ്.

രണ്ടുപ്രധാന ഘടകകക്ഷികള്‍ മുന്നണിയില്‍നിന്ന് പടിയിറങ്ങിപ്പോയതിനുശേഷം നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു യു.ഡി.എഫിന്റേത്. അതിന്റെ ആഘാതം വോട്ടുകണക്കില്‍ പ്രകടമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. സീറ്റുനില ഉയര്‍ത്തിയപ്പോള്‍ അതിന്റെ നഷ്ടം യു.ഡി.എഫായിരുന്നു. എന്നാല്‍, മുനിസിപ്പാലിറ്റികളില്‍ ഇടതുമുന്നണിക്കുള്ള നഷ്ടം യു.ഡി.എഫിനുണ്ടായില്ല.

കഴിഞ്ഞതവണ 39 എണ്ണം നേടിയപ്പോള്‍ ഇത്തവണ 38 നിലനിര്‍ത്തി. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ പിന്തുണ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടതുപക്ഷത്തിന് വലിയ പിന്തുണയാണുണ്ടാക്കിയത്.

അതിന്റെ കുറവ് നഗരവോട്ടുകളിലും പ്രകടമാണെങ്കിലും കേരളകോണ്‍ഗ്രസ് നേരത്തേ പ്രകടിപ്പിച്ച ശക്തിക്കനുസരിച്ചുള്ള കുറവ് യു.ഡി.എഫിനുണ്ടാക്കിയിട്ടില്ല.

ചിതറിപ്പോയ ബി.ജെ.പി.

ആറുപാര്‍ട്ടികളുള്ള മുന്നണിയാണ് എന്‍.ഡി.എ. എങ്കിലും ബി.ജെ.പി. തനിച്ച് പോരാടുന്നതാണ് തിരഞ്ഞെടുപ്പില്‍കണ്ടത്. പ്രധാനഘടകകക്ഷിയായി മുന്‍നിരയിലുണ്ടായിരുന്ന ബി.ഡി.ജെ.എസിനെ വോട്ടുകണക്കില്‍പ്പോലും എവിടെയും കാണാതായി. ഒരുഗ്രാമപ്പഞ്ചായത്ത് വാര്‍ഡില്‍ ജയിച്ചുവെന്നതാണ് ബി.ഡി.ജെ.എസിന്റെ തിരഞ്ഞെടുപ്പ്ഫലത്തിലെ പങ്കാളിത്തം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുള്ള ലക്ഷ്യം പാളിപ്പോയതോടെ ബി.ജെ.പി.യെ നിരാശബാധിച്ചു.

എന്നാല്‍, നഗരമേഖലയില്‍ ബി.ജെ.പി. സ്വാധീനം ഉറപ്പിച്ചുതുടങ്ങുന്നുവെന്നതാണ് വോട്ടുകണക്കുകള്‍. ഇടതിനും വലതിനും ചോര്‍ന്നുപോയ വോട്ടുകള്‍ ബി.ജെ.പി. അക്കൗണ്ടിലേക്കാണ് വീണത്. പന്തളം ഇടതുമുന്നണിയില്‍നിന്ന് ബി.ജെ.പി. പിടിച്ചെടുത്തു. കണ്ണൂര്‍ കോര്‍പ്പറേഷനിലും അങ്കമാലി, നിലമ്പൂര്‍ മുനിസിപ്പാലിറ്റികളിലും അക്കൗണ്ട് തുറന്നു. പാലക്കാട് നഗരസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കുകയും ഷൊര്‍ണൂരിലും ചെങ്ങന്നൂരിലും മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ഇടുക്കി, വയനാട് ജില്ലകളിലൊഴികെ മറ്റ് 12 ജില്ലകളിലും നഗരവോട്ടുകളില്‍ ബി.ജെ.പി.ക്ക് നേട്ടമുണ്ടായിട്ടുണ്ട്. അതേസമയം, പ്രതീക്ഷപുലര്‍ത്തിയിരുന്ന തിരുവനന്തപുരം, കാസര്‍കോട്, തൃശ്ശൂര്‍, കോര്‍പ്പറേഷനുകളില്‍ പരാജയം നേരിടുകയും ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us