ജി വേണുഗോപാൽ | ഫോട്ടോ: മാതൃഭൂമി
ഗായകൻ ജി.വേണുഗോപാലിന്റെ 60-ാം പിറന്നാൾ ദിനത്തിൽ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ തിരഞ്ഞെടുപ്പ് കാഴ്ചകൾ ആ ഗാനങ്ങളിലൂടെ വിലയിരുത്തുമ്പോൾ...
രാരീ രാരിരം രാരോ....
പൂമിഴികൾ പൂട്ടിമെല്ലേ... ചായുറങ്ങീ നീയുറങ്ങീ...യെന്ന് ഒ.എൻ.വി. എഴുതിവെച്ചപ്പോൾ ആ താരാട്ട് മനസ്സിലൂടെ തഴുകിയിറങ്ങി. കാലം മലയാളിക്കായി കരുതിവെച്ചൊരു താരാട്ടായിരുന്നു. അഭയദേവ് കാലത്തിനുശേഷം പിറന്ന ഇൗ മനോഹരഗാനം കോട്ടയത്തെ തിരഞ്ഞെടുപ്പ് വേദിയിൽ ഒരു സ്ഥാനാർഥിയുടെ മനസ്സിൽ ഇങ്കുലാബിനേക്കാൾ മുഴക്കമുള്ള ശബ്ദമായി തിരഞ്ഞെടുപ്പുതലേന്ന് അച്ഛനായ ടി.എസ്.ശരത്തിന്. വെള്ളൂർ ഡിവിഷനിലെ ഇടത് സ്ഥാനാർഥി ടി.എസ്.ശരത്ത് ആശുപത്രിയിൽ പോയി കുഞ്ഞിനെ കണ്ട ശേഷം കായംകുളത്ത് നിന്ന് പോളിങ് സ്ഥലത്തേക്ക് പാഞ്ഞെത്തി.
ശരത്തിന്റെ മനം പാടിക്കൊണ്ടിരുന്നു... “രാരീ രാരിരം രാരോ...."
ശ്യാമവാനിൽ പൂത്ത കണിക്കൊന്നകൾ
ജനാധിപത്യം വരും മുമ്പ് രാജാക്കൾ നാട് ഭരിക്കും കാലം. കേരളത്തെ കെട്ടുവള്ളങ്ങളിലൂടെ പുറംലോകവുമായി കെട്ടിയിട്ട കടവ്. ചങ്ങനാശേരി ബോട്ടുജെട്ടിയിലൂടെ പോകുമ്പോൾ കാലം ഒരു നൂറ്റാണ്ട് പിന്നിലേക്ക് മടക്കിവിളിക്കും. നൂറ് വള്ളമടുത്താലും ഇടം ബാക്കിവെച്ച കടവ്. കാറ്റ് കായൽ കടന്ന് വരുമ്പോൾ ചങ്ങനാശേരിയിലേക്ക് പായ തുറന്നുപിടിച്ച് കോള് വരും. കീശ നിറയും കാലം. വിഷുക്കാലമല്ലെങ്കിലും ഇവിടെ കണിക്കൊന്ന പൂത്തുനിൽപ്പുണ്ട്. ചങ്ങനാശേരി നഗരസഭയുടെ 33-ാം വാർഡിൽ നേരത്തെ വന്ന വസന്തമാണ് തീരത്തെ കണിക്കൊന്നക്കാലം. ഇതിന്റെ കരയിലാണ് തങ്കച്ചന്റെ സർബത്ത് കട. 90 വർഷം പഴക്കമുള്ള ഇൗ കട രാജഭരണവും ജനാധിപത്യവും തട്ടി തുറന്നുവെച്ച് കണ്ടു. അപ്പൻ ദേവസ്യ കണ്ടെത്തിയ നറുനീണ്ടി സർബ്ബത്തിന്റെ രഹസ്യം ആരോടും പറയാതെ മകൻ തങ്കച്ചൻ. മധുരം നുണയും ജലം ഒരു ജാലവിദ്യപോലെ അദ്ദേഹം വിരിയിച്ചെടുക്കും. അതിരാവിലെ ഏഴിന് വോട്ടിട്ട് വന്ന ഇൗ മനുഷ്യൻ പറയും. ഏത് കെട്ട കാലത്തും വോട്ട് വിട്ടൊരു ജീവിതമില്ല. ആ വാക്കുകൾ ജനാധിപത്യത്തിന്റെ വാനിലുയർന്നുനിൽക്കുന്ന മലയാളിയുടെ അടയാളമാകുന്നു. കോട്ടയത്തിന്റെ ജയ്സൺ ജെ.നായരുടെ സംഗീതം. വരികൾ വിരിയിച്ചത് പി.സി.അരവിന്ദനും.
“ ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ..
സ്വർണമല്ലിപൂവിതിർന്നുവോ...”
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി...
തലേന്ന് ഉറങ്ങാതിരുന്നത് ജനാധിപത്യത്തിന്റെ ഉണർത്തുപാട്ട് മനസിൽ നിറയുമ്പോഴാണ്. വയസ് 88. കുറുമ്പനാടം കൊട്ടാരംകുന്നിൽ അന്നമ്മ ജോസഫിന് നടക്കാൻ പ്രയാസം. കാഴ്ചയും അത്ര പോരാ.. പക്ഷേ വോട്ടുദിനം കേട്ട് കേട്ട് 10 എന്ന് മനസിലുറപ്പിച്ചെന്ന് കൊച്ചുമകൻ അനിയും ഭാര്യ രഞ്ജിനിയും. അമ്മച്ചിക്ക് വോട്ടെന്ന് കേട്ടാൽ ഉണർവ്വാണെന്ന് കൊച്ചുമക്കൾ. കോവിഡൊക്കെ പറഞ്ഞെങ്കിലും വിടാതെ കാത്തിരിക്കുകയായിരുന്നു ഇൗ അമ്മ. മക്കളുടെ സ്നേഹസാഗരത്തിലേറി ആ അമ്മ വോട്ടിന് വരുമ്പോൾ ജയിക്കുന്നത് നാടാകുന്നു. ജനാധിപത്യത്തിനോടുള്ള അനുരാഗത്തിലേറി വോട്ടിനെ മാത്രം തേടി വന്ന അമ്മയ്ക്ക് അഭിവാദ്യം. പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ മനോഹരരാഗം തൂവാനത്തുമ്പിയായി പാറുന്നു.
“ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ (ഇന്ന്) നീ...”
Content Highlight: G venugopal 60th birthday | Local Body Election 2020