Image|PTI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നൊരാള്‍ ഇടപെടേണ്ടതില്ലെന്ന് മോദിയെ പരിഹസിച്ചു കൊണ്ടുള്ള ഫവാദ് ഹുസൈന്റെ ട്വീറ്റിന് കെജ്രിവാള്‍ പ്രതികരിച്ചു.
യുദ്ധമുണ്ടായാല്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് പത്ത് ദിവസം മതിയാവുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് ഫവാദ് ഹുസൈന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുള്ള സമ്മര്‍ദത്തില്‍ മോദി പലതരം അവകാശവാദങ്ങളും ഭീഷണികളും മുഴക്കി രാജ്യത്തെ അപകടപ്പെടുത്തുകയാണെന്നും കശ്മീര്‍, പൗരത്വ നിയമം, സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എന്നിവയെത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് അടിതെറ്റിയെന്നും ഫവാദ് ഹുസൈന്‍ പരിഹസിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ #ModiMadness-നെ പരാജയപ്പെടുത്തണമെന്നും ഫവാദ് പറഞ്ഞു. ഇതിന് മറുപടിയുമായാണ് കെജ്രിവാള്‍ രംഗത്തുവന്നത്.
'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാകിസ്താന്‍ എത്രവേണമെങ്കിലും ശ്രമിച്ചോളൂ, എന്നാല്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ലെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയും ബിജെപിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ശക്തമാവുന്നതിനിടെയാണ് തന്റെ കടുത്ത വിമര്‍ശകനായ മോദിക്ക് പിന്തുണ അറിയിച്ച് ഫവാദ് ഹുസൈനെതിരെ കെജ്രിവാള്‍ രംഗത്തുവന്നത്.
Content Highlights: Narendra Modi My PM Too, says Arvind Kejriwal in Response To Pak Minister Fawad Hussain