അസദുദ്ദീൻ ഒവൈസി | Photo: PTI
ന്യൂഡല്‍ഹി : മുകള്‍ത്തട്ടില്‍ വികസനം ചര്‍ച്ചയായപ്പോഴും ബിഹാറിന്റെ താഴെത്തട്ടില്‍ ഇക്കുറിയും രാഷ്ട്രീയം നിര്‍ണയിച്ചത് ജാതിസമവാക്യങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതും വികസനത്തില്‍ അതിപിന്നാക്കാവസ്ഥയിലുള്ളതുമായ സീമാഞ്ചല്‍ മേഖല ഇക്കുറി ആര്‍.ജെ.ഡി.യെ കൈവിട്ടത് മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.
അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള മജ്ലിസ് പാര്‍ട്ടിയുടെ കടന്നുകയറ്റമാണ് ഇവിടെ വോട്ട് ഭിന്നിക്കാന്‍ കാരണമായത്. ബി.ജെ.പി.യും ഒവൈസിയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് മഹാസഖ്യം തുടക്കംമുതല്‍ത്തന്നെ ആരോപണമുന്നയിച്ചിരുന്നു.
മുന്‍തിരഞ്ഞെടുപ്പുകളില്‍ ലാലുവിന്റെ ശക്തികേന്ദ്രമായിരുന്നു സീമാഞ്ചല്‍. ഈ മേഖലയിലെ മുസ്ലിം ഭൂരിപക്ഷം പരമ്പരാഗതമായി ആര്‍.ജെ.ഡി.ക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. 24 മണ്ഡലങ്ങളില്‍ നേരിട്ടും ഇരുപതോളം മണ്ഡലങ്ങളില്‍ പരോക്ഷമായും മുസ്ലിം-യാദവ സമവാക്യം ആര്‍.ജെ.ഡി.യെ പിന്തുണച്ചിരുന്നു. എന്നാല്‍, അസദുദ്ദീന്‍ ഒവൈസിയും ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും ബി.എസ്.പി.യും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുമടങ്ങുന്ന വിശാല ജനാധിപത്യ മതേതര സഖ്യം ഇക്കുറി ഇവിടെ ഇറങ്ങി പ്രവര്‍ത്തിച്ചു. പ്രചാരണ വേളകളിലുടനീളം എന്‍.ഡി.എ. സഖ്യത്തെ കാര്യമായി തൊടാതെ മഹാസഖ്യത്തെയാണ് ഒവൈസി ആക്രമിച്ചത്. മേഖലയുടെ വികസനമില്ലായ്മയ്ക്ക് ആര്‍.ജെ.ഡി.യും ലാലുവുമാണ് ഉത്തരവാദിയെന്നായിരുന്നു പ്രചരണം.
Content Highlights: All India Majlis-e-Ittehadul Muslimeen Asaduddin Owaisi Bihar Assembly Election 2020