തൊടുപുഴ: പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയില്‍ ജോസഫിന്റെ വീട്ടിലെത്തിയാണ് ജോസ് ടോം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്. തിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് ടോം പ്രതികരിച്ചു. പത്തുമിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്.
പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല. താഴെത്തട്ടുമുതല്‍ ജോസഫ്-ജോസ് കെ.മാണി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ കൂടിയാണ് ജോസ് ടോം മുന്നിട്ടിറങ്ങിയത്.
നേരത്തെ, പാലായില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫിനെതിരെ കൂക്കിവിളിച്ചതും പരിഹസിച്ചതും ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഈ പ്രശ്‌നം യു.ഡി.എഫ്. നേതൃത്വം ഇടപെട്ട് താത്കാലികമായി പരിഹരിച്ചിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ക്കിടയിലും ഭിന്നത അവസാനിച്ചിരുന്നില്ല. യു.ഡി.എഫ്. നേതൃയോഗത്തില്‍ ജോസ് ടോം പങ്കെടുക്കാതിരുന്നതും പി.ജെ.ജോസഫിനെ ചൊടിപ്പിച്ചിരുന്നു.
Content Highlights: udf candidate jose tom pulikkunnel visits pj joseph at his home in thodupuzha