പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ജോസ് കെ മാണിക്കും ജോസ് ടോമിനുമെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പി.ജെ.ജോസഫ്. ഒരു പാരഗ്രാഫ് ചിലര്‍ അംഗീകരിക്കാന്‍ തയാറാകാത്തതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. മാണിസാറിന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനില്‍ അധികാരങ്ങള്‍ നിക്ഷിപ്തമാകും. എന്നാല്‍ ജോസ് കെ മാണി അത് അംഗീകരിക്കാന്‍ തയാറാകാത്തതും പക്വതയില്ലാത്ത തീരുമാനവുമാണ് തോല്‍വിക്ക് കാരണമായതെന്ന് പി.ജെ.ജോസഫ് കുറ്റപ്പെടുത്തി.
ജയസാധ്യതയും സ്വീകാര്യനുമായ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നതായിരുന്നു തീരുമാനം. മാണിസാറിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അതിനെ ചോദ്യം ചെയ്ത വ്യക്തിയെ തന്നെ സ്ഥാനാര്‍ഥിയാക്കി. എന്നാല്‍ പിന്നീട് സ്ഥാനാര്‍ഥി തന്നെ ചിഹ്നം വേണ്ടെന്നും പറയുകയായിരുന്നു. പക്ഷേ ചിഹ്നം ഉണ്ടായിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്ന് ഇപ്പോൾ ജോസ് കെ മാണി പറയുകയുണ്ടായി. അതിന് ഉത്തരവാദി താന്‍ അല്ല. പക്വതയില്ലായ്മയാണ്.- അദ്ദേഹം പറഞ്ഞു.
സ്ഥാനങ്ങള്‍ നികത്തുന്നതിനുള്ള സാഹചര്യമുണ്ടായപ്പോള്‍ പലരും മധ്യസ്ഥത്തിന് ഇടപെട്ടു, ഇതില്‍ കേരള കോണ്‍ഗ്രസിന്റെ ഭരണഘടന അംഗീകരിക്കാന്‍ തയാറായില്ല. അത് പിന്നീട് മറ്റ് പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ജയസാധ്യതയുള്ള മറ്റ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അവരെ അംഗീകരിക്കാനും തയാറായില്ല.
മാണിസാറിന്റെ മരണത്തിന് ശേഷം കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റതില്‍ കടുത്ത ദുഃഖമുണ്ട്. തോല്‍വിയുടെ ഉത്തരവാദികള്‍ ആരാണെന്ന് നിക്ഷ്പക്ഷ വാദികള്‍ വിലയിരുത്തട്ടെ. മീനച്ചില്‍, പടവനം പഞ്ചായത്തിലടക്കം ജോസ് പക്ഷത്തിനകത്തുണ്ടായ വിഭാഗീയതയും തോല്‍വിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ പാലായിലെ പരാജയം മറ്റ് ഉപതിരഞ്ഞെടുപ്പുകളിലെ ഫലത്തെ ബാധിക്കില്ല- അദ്ദേഹം വ്യക്തമാക്കി.
Content Highlights: PJ joseph against jose k mani on loss of UDF in Pala By Election