പാലാ: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം. എന്നാല്‍ ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്‍ അറിയിച്ചു.
യു.ഡി.എഫ്.സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നത് ഞങ്ങള്‍ക്കേറ്റ മുറിവാണ്. യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും. പി.ജെ.ജോസഫിനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഭീഷണിപ്പെടുത്തി. ജോസഫിനെതിരേ തെറിയഭിഷേകം ഉണ്ടായി. യു.ഡി.എഫ്.നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കട്ടേയെന്നും സജി മഞ്ഞക്കടമ്പന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
ഞങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ട്. ഞങ്ങളെ അപമാനിക്കുകയും ചെയ്തു. പ്രചാരണ സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ചെയർമാനെ ചീത്തവിളിച്ചത് സ്ഥാനാർഥിയുടേയും ആ പാർട്ടിയുടേയും കഴിവുകേടായാണ് കാണുന്നതെന്നും ജോസഫ് വിഭാഗം കുറ്റപ്പെടുത്തി.
ചിഹ്നം അനുവദിക്കാമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അറിയിച്ചതാണ്. യു.ഡി.എഫിന്റെ നിര്‍ദേശമനുസരിച്ച് ഫോണ്‍ ചെയ്‌തോ ദൂതന്‍മുഖേന കത്ത് നല്‍കിയോ ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. ജോസ് ടോമിനെ പരാജയപ്പെടുത്താനുള്ള ശ്രമം ചിലര്‍ നടത്തുന്നതായാണ് തോന്നുന്നത്. അതുകൊണ്ടാകും രണ്ടില ചിഹ്നം നല്‍കാമെന്ന് പറഞ്ഞിട്ടും വാങ്ങിക്കാത്തത്. ജോസ് ടോമിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് സമ്മേളനം പോലും അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്.
പുറകില്‍ പമ്മി നിന്ന് തെറിവിളിക്കുകയായിരുന്നു. മാധ്യമസെല്‍ കണ്‍വീനറായ ജയകൃഷ്ണന്‍ പുളിയേടത്താണ് ഏറ്റവുമധികം ചീത്തവിളിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തിയ പ്രധാനകണ്ണിയും ഇയാളാണ്. യു.ഡി.എഫ്.നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. രേഖാമൂലമുള്ള പരാതി ഇന്ന് നല്‍കും. സംഭവത്തില്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ 12പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സജി മഞ്ഞക്കടമ്പന്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ പ്രവര്‍ത്തകര്‍ കൂകി വിളിക്കുകയും ജോസ് കെ.മാണിക്ക് ജയ് വിളിക്കുകയും ചെയ്തിരുന്നു.
Content Highlights: Pala By Election Joseph group will be not attending election campaign with UDF