പാലാ: പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് കരുതുന്നില്ലെന്നും മറുപടികള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് മറുപടികള്‍ ഇപ്പോള്‍ പറഞ്ഞാല്‍ ആരെയാണ് സഹായിക്കുകയെന്ന തിരിച്ചറിവാണ് ശരിയായ പക്വതയെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും ജോസ് കെ മാണി എം.പി. പാലായിലെ യു ഡി എഫ് തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ അപക്വമായ പെരുമാറ്റമാണെന്ന പി.ജെ.ജോസഫിന്റെ പ്രസ്താവനക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായി. പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില എന്ന ചിഹ്നം ഇല്ലാതെയുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തില്‍ നടത്തിയ പ്രസ്താവനകള്‍ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാര്‍ത്ഥ്യം നമുക്കറിയാം.ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉടനീളം ഐക്യ ത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിര്‍ത്താന്‍ ജാഗ്രതയോടെയാണ് യുഡിഎഫ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.
ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെഏറ്റവും എളിമയോടെ സ്വീകരിക്കുന്നു.
ഈ ജനവിധിയെ മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വരും ദിവസങ്ങളില്‍ വിലയിരുത്തും. കണ്ടെത്തുന്ന ഓരോ വീഴ്ചകളും തിരുത്തി സമര്‍പ്പിത മനസ്സോടെ ജനങ്ങളുടെ വിശ്വാസം വീണ്ടും ആര്‍ജ്ജിക്കാന്‍ വരുംദിവസങ്ങളില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും. ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് അണി നിരന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുഡിഎഫിന്റെ ഏറ്റവും സീനിയര്‍ നേതാക്കന്മാരോടും താഴെ തട്ടിലുള്ള പ്രവര്‍ത്തകരുള്‍പ്പടെ ഒറ്റ മനസ്സോടുകൂടി ജോസ് ടോമിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിച്ച മുഴുവന്‍ പ്രവര്‍ത്തകരോടുമുള്ള കടപ്പാട് ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുകയാണ്. അങ്ങേയറ്റം സ്‌നേഹ ബഹുമാനങ്ങളോടെ നിങ്ങളെ ഓരോരുത്തരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുകയാണ്.
ഈ പരാജയത്തില്‍ നാം പതറാന്‍ പാടില്ല ഏതെങ്കിലും ഒരു തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോള്‍ പതറുന്നതും വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അമിതമായി ആഹ്ലാദിക്കുന്നതുമാണ് രാഷ്ട്രീയം എന്ന് ഞാന്‍ കരുതുന്നില്ല. ജനാധിപത്യത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ആത്യന്തികമായ വിധി ജനങ്ങളുടേതാണ്. ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങള്‍ നല്‍കുന്ന സന്ദേശവും തിരിച്ചറിഞ്ഞ് സ്വയം തിരുത്തലുകള്‍ക്ക് തയ്യാറാകുന്നതാണ് ശരിയായ പൊതുപ്രവര്‍ത്തനം എന്ന് ഞാന്‍ കരുതുന്നു.
മാണിസാര്‍ കാണിച്ചുതന്ന പാതയിലൂടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കഠിനമായി അധ്വാനിക്കും. ഏറെ സങ്കീര്‍ണ്ണമായ ഒരു തെരഞ്ഞെടുപ്പായിരുന്നു പാലായില്‍ ഉണ്ടായിരുന്നത്. ഒരു ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേത്.മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ശാസിക്കേണ്ടതായ് വന്നു.വോട്ട് കച്ചവടം ആരോപിച്ച ആളുകള്‍ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്.ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം.
ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ തുടര്‍ന്ന് നിരവധിയായ വിമര്‍ശനങ്ങളും വ്യക്തിപരമായ വേട്ടയാടലുകളുംഎനിക്കെതിരെ ഉയരുകയുണ്ടായി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഉയരുന്ന വിമര്‍ശനങ്ങള്‍ അതെത്ര നിശിതമാണെങ്കിലുംകൂടുതല്‍ ജാഗ്രത യോടെ പ്രവര്‍ത്തിക്കുവാന്‍ നമുക്ക് കരുത്ത് നല്കും എന്നാണ് ഞാന്‍ കരുതുന്നത്.എന്നാല്‍ അടിസ്ഥാനമില്ലാത്തതും വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിരവധി ആരോപണങ്ങളാണ്. മുന്‍കൂട്ടി തയ്യാറാക്കിയതെന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പ് സമയത്ത്, പ്രത്യേകിച്ച് നോമിനേഷന്‍ കൊടുത്ത ദിവസവും തെരഞ്ഞെടുപ്പ് ദിവസവും ഫല പ്രഖ്യാപനത്തിന് ശേഷവും വന്നുകൊണ്ടിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായി.പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില എന്ന ചിഹ്നം ഇല്ലാതെയുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തില്‍ നടത്തിയ പ്രസ്താവനകള്‍ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാര്‍ത്ഥ്യം നമുക്കറിയാം.ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉടനീളം ഐക്യ ത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിര്‍ത്താന്‍ ജാഗ്രതയോടെയാണ് യുഡിഎഫ് പ്രവര്‍ത്തിച്ചത്.എന്നാല്‍ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് ഞാന്‍ കരുതുന്നില്ല.
ഇത്തരം വേദനിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികള്‍ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ യുഡിഎഫിന്റെ ഐക്യത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കരുതെന്ന നിര്‍ബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കു പോലും മറുപടി പറയുന്നില്ല.
മറുപടികള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് മറുപടികള്‍ ഇപ്പോള്‍ പറഞ്ഞാല്‍ ആരെയാണ് സഹായിക്കുകയുള്ളുവെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ പക്വതയെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ഒരിക്കല്‍ കൂടി ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.
ജയ് യുഡിഎഫ്.
ജയ് കേരള കോണ്‍ഗ്രസ് എം
Content Highlights: Jose k mani against pj joseph on loss of udf in Pala By Election