മുംബൈ: പതിവുതെറ്റിക്കാതെ ശിവസേന പ്രവര്‍ത്തകനായ ധീരജ് മോറെ ഇത്തവണയും മുംബൈയില്‍ വോട്ട് ചെയ്യാനെത്തി. അതും അങ്ങ് ബ്രസീലില്‍നിന്ന്.
മുംബൈ സ്വദേശിയും ശിവസേന പ്രവര്‍ത്തകനുമായ ധീരജ് മോറെ 1998-ലാണ് വിദേശത്തേക്ക് പോയത്. ആദ്യം ഹോങ്കോങ്ങിലെത്തി. അവിടെ നിന്ന് ബ്രസീലിലെത്തി സ്ഥിരതാമസമാക്കി. സാവോപോളോയില്‍ താമസിക്കുന്ന ധീരജ് മോറെയ്ക്ക് ബ്രസീലിലെ പെര്‍മനന്റ് റെസിഡന്റ് കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും മുംബൈയിലെ വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടിയില്ല. അതിനാല്‍തന്നെ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ മുംബൈയിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങും.
ബ്രസീലിലെ തന്റെ വാഹനങ്ങളില്‍ ശിവസേനയുടെ ചിഹ്നവും സ്റ്റിക്കറും പതിച്ചാണ് മോറെയുടെ കറക്കം. പോര്‍ച്ചുഗീസ് അടക്കം ആറ് ഭാഷകള്‍ കൈകാര്യംചെയ്യുന്ന അദ്ദേഹം ബ്രസീലിലെ പല പ്രതിഷേധസമരങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. ശിവസേനയുടെ ഭാഗമായി ചെയ്ത സേവനങ്ങളും അനുഭവങ്ങളും ബ്രസീലില്‍ തനിക്ക് ഏറെ പ്രയോജനകരമായിട്ടുണ്ടെന്നാണ് ധീരജ് മോറെയുടെ അഭിപ്രായം.
Content Highlights: sivasena worker dheeraj more came from brazil to cast his vote