ഭോപ്പാല്‍: മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പേരുകളാണ് ശിവരാജ് സിങ് ചൗഹാന്‍, ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍, കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ തന്നെയാകും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധാകേന്ദ്രങ്ങള്‍. അതേസമയം ഈ മൂന്ന് നേതാക്കന്മാരുടെ ഭാര്യമാരും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകും എന്നതാണ് മധ്യപ്രദേശില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.
ബി.ജെ.പിയില്‍ ദേശീയ രംഗത്ത് തന്നെ ഏറ്റവും ജനകീയരായ നേതാക്കന്മാരില്‍ ഒരാളായ ശിവരാജ് സിങ് ചൗഹാന്‍ തുടര്‍ന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കൈവിട്ടുപോയ മുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന ഭരണവും തിരിച്ചുപിടിക്കലാണ് ചൗഹാന്റെ ലക്ഷ്യം. അതിനാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായ വിദിഷയില്‍ ഭാര്യ സാധന സിങിനെ നിര്‍ത്താനാണ് ചൗഹാന്റെ നീക്കം. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് നിലവില്‍ വിധിഷയില്‍ നിന്നുള്ള ലോക്‌സഭാംഗം. സുഷമ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ സാധന സിങിന് മുന്നില്‍ മറ്റ് തടസ്സങ്ങളില്ല.
ഹിന്ദി ഹൃദയഭൂമികയില്‍ ബി.ജെ.പിക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചേക്കാവുന്ന സംസ്ഥാനം എന്ന നിലയില്‍ വലിയ രീതിയിലുള്ള പ്രചാരണമാണ് ബി.ജെ.പി മധ്യപ്രദേശില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവായ ശിവരാജ് സിങ് ചൗഹാന്‍ നയിക്കാതെ പ്രചരണം മുന്നോട്ട് പോവില്ല എന്ന് അറിയാവുന്ന ബി.ജെ.പി സാധനയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാനും സാധ്യതയില്ല. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുധ്‌നി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശിവരാജ് സിങ് ചൗഹാന് വേണ്ടി പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുത്തിരുന്ന സാധനയ്ക്ക് സ്ഥാനാര്‍ത്ഥിത്വം വലിയ വെല്ലുവിളിയുമാകില്ല.
ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യ ഗുണ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായികഴിഞ്ഞു. നിലവില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യ. പ്രിയദര്‍ശിനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടി തന്നെ ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകള്‍. നിലവില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും പ്രിയദര്‍ശിനി സജീവമാണ്. സിന്ധ്യ കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഗുണ.
കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ ഉറച്ച മണ്ഡലങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് രാജ്ഗഡ്. ഈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ ഭാര്യ അമൃത സിങിനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. രാജ്ഗഡിലെ നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും വിജയിച്ചത് കോണ്‍ഗ്രസാണ്. എങ്കിലും ബി.ജെ.പി ശക്തമായ പ്രചരണവുമായി രംഗത്ത് ഉള്ളതിനാല്‍ ശക്തയായ ഒരു സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്ക് വേണം എന്നതിനാലാണ് ചര്‍ച്ചകള്‍ അമൃത സിങില്‍ എത്തി നില്‍ക്കുന്നത്.
content highlights: Madhya Pradesh, 2019 lok sabha Elections, Shivraj Singh Chouhan, Digvijaya Singh, Jyotiraditya Scindia