ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി കോട്ടയായ ഭോപ്പാലില്‍ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം ബി.ജെ.പി ക്യാമ്പില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ കോട്ട പിടിച്ചെടുക്കാന്‍ വരുന്ന കോണ്‍ഗ്രസ് കരുത്തനെ നേരിടാന്‍ തുല്യ ശക്തിയുള്ള സ്ഥാനാര്‍ഥിയെ ഇറക്കാനാണ് ബി.ജെ.പി നീക്കം. ദിഗ്‌വിജയ് സിങിന് സമാനമായ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരേ ഒരു ബി.ജെ.പി നേതാവ് എന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാകും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും ശിവരാജ് സിങ് ചൗഹാന്റ ജനകീയതയ്ക്ക് സംസ്ഥാനത്ത് കുറവ് വന്നിട്ടില്ലെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവല്ലെങ്കിലും കമല്‍നാഥ്സര്‍ക്കാരിനെ രൂക്ഷ വിമര്‍ശകനായി സംസ്ഥാന രാഷ്ട്രീത്തില്‍ സജീവവുമാണ് ചൗഹാന്‍. സംസ്ഥാനത്തെ മറ്റൊരു ബി.ജെ.പി കോട്ടയായ വിധിഷ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ 15 വര്‍ഷം വിജയിച്ചിട്ടുണ്ട് ചൗഹാന്‍.
എന്നാല്‍ സന്യസിനിയായ സാധ്വി പ്രജ്ഞ സിങ് ഠാക്കൂറും ഭോപ്പാലില്‍ ദിഗ്‌വിജയ് സിങിനെതിരെ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മാലഗോവ് സ്‌ഫോടന കേസിലെ പ്രതിയായിരുന്ന സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിനെ കോടതി പിന്നീട് വെറുതെവിട്ടിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബി.ജെ.പിയുടെ കോട്ടയാണ് ഭോപ്പാല്‍ മണ്ഡലം. 1984ല്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയാണ് ഭോപ്പാലില്‍ നിന്ന് വിജയിച്ച് കയറിയ അവസാന കോണ്‍ഗ്രസുകാരന്‍.
എന്നാല്‍ ദിഗ്‌വിജയ് സിങിന്റെ സ്ഥാനാര്‍ഥിത്വം തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി ഘടകത്തിന്റെ നിലപാട്. പാര്‍ട്ടിക്കുള്ളിലെ കലാപം മൂലമാണ് ദിഗ്‌വിജയ് സിങ് ഭോപ്പാലില്‍ മത്സരിക്കാനൊരുങ്ങുന്നതെന്ന് ബി.ജെ.പി വക്താവ് രാഹുല്‍ കോത്താരി ആരോപിച്ചു. കമല്‍നാഥും ദിഗ്‌വിജയ് സിങും തമ്മിലുള്ള തര്‍ക്കങ്ങളാണ് ഇതിന് കാരണമെന്നും കോത്താരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ നീക്കത്തില്‍ ആശങ്കയ്ക്ക് വകയുണ്ടെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് കഴിഞ്ഞ തവണ വിജയിച്ചിരുന്നു.
content highlights: Digvijaya Singh, Shivraj Chouhan, Bhopal, Madhya Pradesh, Congress, BJP