ന്യൂഡല്‍ഹി: ജയിക്കാന്‍ ബുദ്ധിമുട്ടുള്ള സീറ്റ് തിരഞ്ഞെടുക്കണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വെല്ലുവിളി സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. താന്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുക ഭോപ്പാലില്‍ നിന്നായിരിക്കുമെന്ന് ദിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് ജയിക്കാത്ത ബി.ജെ.പി കോട്ടയാണ് ഭോപ്പാല്‍.
''അദ്ദേഹം എന്നോട് മണ്ഡലം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. ഭോപ്പാലില്‍ നിന്ന് മത്സരിക്കാനാണ് ഞാന്‍ പറഞ്ഞത്'' -മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ദിഗ്‌വിജയ് സിങ് ഭോപ്പാലില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു കമല്‍നാഥിന്റെ പ്രതികരണം.
1984ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയാണ് ഭോപ്പാലില്‍ നിന്ന് അവസാനം വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പിന്നീടിങ്ങോട്ട് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പോലും ഭോപ്പാലില്‍ നിന്ന് വിജയിച്ചുകയറിയിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ കമലും ദിഗ്‌വിജയ് സിങും അത്ര സുഖത്തിലായിരുന്നില്ല. നേരത്തെ തന്റെ നേതാവ് രാഹുല്‍ ഗാന്ധി പറയുന്ന ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്ന് ദിഗ്‌വിജയ് സിങ് വ്യക്തമാക്കിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദിഗ്‌വിജയ് സിങ് സംസ്ഥാനത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള സീറ്റില്‍ മത്സരിക്കണമെന്നായിരുന്നു ശനിയാഴ്ച കമല്‍നാഥ് പറഞ്ഞത്. കോണ്‍ഗ്രസ് 30-35 വര്‍ഷങ്ങളായി ജയിക്കാത്ത ചില സീറ്റുകള്‍ സംസ്ഥാനത്തുണ്ടെന്നും കമല്‍നാഥ് പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് കമല്‍നാഥ് ചിന്തിച്ചതില്‍ തനിക്ക് നന്ദിയുണ്ടെന്നായിരുന്നു പരിഹാസ രൂപേണെ ദിഗ്‌വിജയ് സിങിന്റെ മറുപടി.
ആകെ 29 മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ 27 സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം ലോക്‌സഭയിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
content highlights: Digvijaya Singh, Kamal Nath, Madhya Pradesh, Bhopal, Congress, BJP