ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ അങ്കം മുറുകും. കോണ്‍ഗ്രസും എന്‍.ആര്‍. കോണ്‍ഗ്രസുമാണ് ചേകവന്‍മാരായി അങ്കം വെട്ടുന്നതെങ്കിലും കളരിഗുരുക്കന്‍മാര്‍ ?െലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയും മുഖ്യമന്ത്രി വി. നാരായണസാമിയുമാണ്. ?െലഫ്റ്റനന്റ് ഗവര്‍ണറായി ബേദി സ്ഥാനമേറ്റതിനുശേഷം രണ്ട് വര്‍ഷത്തിലധികമായി പുതുച്ചേരിയില്‍ ഭരണം അവതാളത്തിലാണെന്നാണ് നാരായണസാമിയുടെ പരാതി. അതേസമയം സര്‍ക്കാരിനെ കയറൂരിവിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍നിന്ന് ബേദി വ്യതിചലിക്കാന്‍ തയ്യാറല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറായതിനാല്‍ കോണ്‍ഗ്രസ് ബേദിയോട് കൃത്യമായ അകലം പാലിക്കുന്നു. എന്നാല്‍ എന്‍.ആര്‍. കോണ്‍ഗ്രസും എ.ഐ.എ.ഡി.എം.കെ.യും പ്രാദശേിക ബി.ജെ.പി. നേതൃത്വവും ബേദിയെ താങ്ങിനിര്‍ത്തുന്നുണ്ട്. ആശയക്കുഴപ്പം മുഴുവന്‍ ജനങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ പുതുച്ചേരിയിലെ വോട്ടര്‍മാര്‍ രണ്ടുവട്ടം ആലോചിച്ചുറപ്പിച്ചായിരിക്കും ഇത്തവണ പോളിങ് ബൂത്തിലേക്ക് ചുവടുവെക്കുക. ഏപ്രില്‍ പതിനെട്ടിനാണ് ഇവിടെ വോട്ടെടുപ്പ്.
കോണ്‍ഗ്രസും എന്‍.ആര്‍. കോണ്‍ഗ്രസും
പുതുച്ചേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്‍മുഖ്യമന്ത്രി വി. വൈദ്യലിംഗമാണ്. മാഹിക്കാരനായ മുന്‍ മന്ത്രി ഇ. വത്സരാജിന്റെയും നിലവിലെ മുഖ്യമന്ത്രി വി. നാരായണസാമിയുടെയും പേരുകള്‍ സ്ഥാനാര്‍ഥികളായി ചര്‍ച്ചയിലെത്തിയിരുന്നു. നറുക്കു വീണത് വൈദ്യലിംഗത്തിനായിരുന്നു. ലാളിത്യവും സൗമ്യതയുമാണ് മുഖമുദ്ര. വിജയപ്രതീക്ഷയോടെയാണ് പ്രചാരണത്തട്ടിലുള്ളത്. മുന്‍ മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ നേതൃത്വത്തിലുള്ള എന്‍.ആര്‍. കോണ്‍ഗ്രസില്‍ മനക്കുളാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമയായ കെ. നാരായണസാമിയാണ് വൈദ്യലിംഗത്തിന്റെ പ്രധാന എതിരാളി. രംഗസാമിക്കുള്ള ജനപിന്തുണ വിജയത്തിലേക്ക് നയിക്കുമെന്നാണ് നാരായണസാമിയുടെ പ്രതീക്ഷ. നാട്ടുമ്പുറത്തുകാരനെപ്പോലെ ജീവിക്കുന്ന രംഗസാമിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗമുണ്ട്. മുരടിച്ചുനില്‍ക്കുന്ന പുതുച്ചേരിയുടെ വികസനമാണ് എന്‍.ആര്‍. കോണ്‍ഗ്രസിന്റെ വാഗ്ദാനം. കിരണ്‍ബേദിക്കെതിരേയുള്ള ആരോപണങ്ങള്‍ ചെറുക്കാനും പ്രചാരണത്തെ പ്രയോജനപ്പെടുത്തുന്നു.
എന്നാല്‍ കിരണ്‍ബേദിക്കെതിരേയുള്ള കുറ്റാരോപണങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രചാരണായുധം. അതില്‍ പിടിച്ചുകയറി ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. കേന്ദ്ര സഹായധനം തടഞ്ഞും വികസനപദ്ധതികള്‍ക്ക് ഇടങ്കോലിട്ടും ബേദി പുതുച്ചേരിയെ തവിടുപൊടിയാക്കുന്നുണ്ടെന്ന ആരോപണമാണ് വൈദ്യലിംഗത്തിന്റെ പ്രചാരണത്തില്‍ നിറയുന്നത്. കൊണ്ടും കൊടുത്തും മുന്നോട്ടുനീങ്ങുമ്പോഴും രണ്ടു സ്ഥാനാര്‍ഥികള്‍ക്കും വിജയപ്രതീക്ഷയില്‍ കുറവില്ല. എ.ഐ.എ.ഡി.എം.കെ. സഖ്യത്തില്‍ ബി.ജെ.പി., പി.എം.കെ., ഡി.എം.ഡി.കെ. തുടങ്ങിയ കക്ഷികളുണ്ട്. ഡി.എം.കെ. സഖ്യത്തില്‍ കോണ്‍ഗ്രസിനു പുറമെ സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളാണ് അണിനിരക്കുന്നത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയിട്ടുണ്ട്.
മാഹിയുടെ ശക്തി ചെറുതല്ല
കാരയ്ക്കല്‍, യാനം, മാഹി എന്നീ മേഖലകളടക്കം പുതുച്ചേരിയില്‍ മൊത്തം പത്തുലക്ഷത്തോളം വോട്ടര്‍മാരുണ്ട്. മാഹിയില്‍മാത്രം മുപ്പതിനായിരത്തോളം വോട്ടര്‍മാരുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി സി.പി.എം. സ്വതന്ത്രസ്ഥാനാര്‍ഥി വിജയിച്ച മണ്ഡലമാണ് മാഹി. മാഹിയില്‍ ബി.ജെ.പി.ക്ക് സ്വാധീനം കുറവാണ്. എ.ഐ.എ.ഡി.എം.കെ.യ്‌ക്കോ പി.എം.കെ.യ്‌ക്കോ സ്വാധീനവുമില്ല. സി.പി.എമ്മിന് സ്വാധീനമുള്ള മാഹിയില്‍ പക്ഷേ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി സി.പി.എം. പരസ്യപ്രചാരണത്തിനുണ്ടാവില്ല. മാഹിയില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് സി.പി.എം. കണ്ണൂര്‍ നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ പുതുച്ചേരി മണ്ഡലത്തില്‍ മുഴുവന്‍ ഇത്തരമൊരു നിലപാട് പുതുച്ചേരിയിലെ പാര്‍ട്ടിനേതൃത്വം പറഞ്ഞിട്ടില്ല. ഡി.എം.കെ. മുന്നണിക്കൊപ്പമാണെന്നാണ് അവരുടെ നിലപാട്.
പുതുച്ചേരിയില്‍ 1967-ലാണ് ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെയായി കോണ്‍ഗ്രസ് ഒമ്പതുതവണ വിജയം ഉറപ്പിച്ചു. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും പി.എം.കെയും ഓരോതവണ വീതം ജയിച്ചു. 2011 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിനോട് പിണങ്ങി എന്‍. രംഗസാമി എന്‍.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി രൂപവത്കരിച്ചതോടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പം കൂടി. 2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി. നാരായണസാമി 49.41 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുതുച്ചേരിയില്‍ വിജയിച്ചത്. എന്നാല്‍ 2014 -ല്‍ നാരായണസാമിയുടെ വോട്ടുകള്‍ 26.35 ശതമാനമായി കുറഞ്ഞു. പകരം 34.57 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി എന്‍.ആര്‍. കോണ്‍ഗ്രസിന്റെ ആര്‍. രാധാകൃഷ്ണന്‍ വിജയിച്ചു. അതോടെ വര്‍ഷങ്ങളായി കോണ്‍ഗ്രസും ചുരുക്കം അവസരങ്ങളില്‍ ദ്രാവിഡ കക്ഷികളുംമാത്രം വിജയം വരിച്ച പുതുച്ചേരി മണ്ണില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടി നിര്‍ണായകസാന്നിധ്യമായി മാറുകയായിരുന്നു.
Content Highlights: puduchherry loksabha election 2019