ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സഖ്യത്തില്‍ മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് വാദി പാര്‍ട്ടി- രാഷ്ട്രീയ ലോക്ദള്‍ എന്നിവരുടെ ആദ്യ സംയുക്ത റാലി ഇന്ന്. സഹറന്‍പുറിലെ ദ്യോബന്ദിലാണ് റാലി.
ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും. ബിജെപിക്കെതിരായ സഖ്യം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് റാലി നടത്തുന്നത്.
സഹറന്‍പുറിലടക്കം പടിഞ്ഞാറന്‍ യുപിയിലെ ഏഴ് മണ്ഡലങ്ങളില്‍ ഏപ്രില്‍ 11-ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് റാലി. ഇതടക്കം 11 സംയുക്ത റാലികളാണ് യുപിയിലെ വിവിധ ഇടങ്ങളില്‍ പ്രതിപക്ഷ സഖ്യം സംഘടിപ്പിച്ചിരിക്കുന്നത്. അഖിലേഷ് യാദവും മായാവതിയും ഈ റാലികളില്‍ പങ്കെടുക്കും.
ജനുവരിയിലാണ് ഇവര്‍ സഖ്യം രൂപീകരിച്ചത്. 80 സീറ്റുകളുള്ള യുപിയില്‍ എസ്പി 37 ഇടങ്ങളിലും ബിഎസ്പി 38 ഇടങ്ങളിലും മത്സരിക്കും. മൂന്ന് സീറ്റില്‍ ആര്‍എല്‍ഡിയാണ് മത്സരിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും അമ്മ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും പ്രതിപക്ഷ സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2014-ല്‍ ഉത്തര്‍പ്രദേശ് തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ ബിഎസ്പി-എസ്പി സഖ്യം കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: SP-BSP-RLD alliance to begin joint campaign with rally in Deoband