മെയിന്‍പുരി: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കാല്‍നൂറ്റാണ്ടോളം നീണ്ട വൈരത്തിനു വിരാമമിട്ട് ബി.എസ്.പി നേതാവ് മായാവതി എസ്.പി നേതാവ് മുലായം സിങ് യാദവിനു വേണ്ടി വോട്ടു ചോദിച്ചു വന്ന ദിവസമായിരുന്നു 2019 ഏപ്രില്‍ 19, വെള്ളിയാഴ്ച. രണ്ടു ധ്രുവങ്ങളില്‍ തമ്മില്‍ കണ്ടാല്‍ കടിച്ചുകീറുന്ന വീറോടെ നിന്ന രണ്ടു നേതാക്കള്‍ ഒരു വേദിയില്‍ ഒന്നിച്ചിരിക്കുന്നതു കാണാന്‍ മെയിന്‍പുരി ക്രിസ്ത്യന്‍ കോളേജ് മൈതാനത്തേയ്ക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.
ബി.ജെ.പിയെ താഴെയിറക്കാന്‍ ബി.എസ്.പി, എസ്.പി, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികള്‍ കൈകോര്‍ത്ത മഹാസഖ്യത്തിന്റെ അടയാളമായിരുന്നു വേദി. മായാവതി, മുലായം, അഖിലേഷ് യാദവ്, അജിത് സിങ്ങ് ചിത്രങ്ങള്‍ സമ്മേളന നഗരിയില്‍ നിറഞ്ഞു. മൂന്നു പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പു ചിഹ്നം പ്രസംഗപീഠത്തില്‍ ആളുകള്‍ കാണ്‍കെ പ്രദര്‍ശിപ്പിച്ചിരുന്നു.
ഒപ്പം, ഈ പാര്‍ട്ടികളുടെയെല്ലാം ആരാധ്യപുരുഷന്മാരുടെ പടങ്ങളും സമ്മേളനനഗരിയെ ചരിത്രത്തോടു കൂട്ടിച്ചേര്‍ത്തു. ജ്യോതിബാ ഫുലെ, സാ ഹുജി മഹാരാജ്, ശ്രീനാരായണഗുരു, ബാബാ സാഹിബ് അംബേദ്കര്‍, കന്‍ഷിറാം, ചൗധരി ചരണ്‍ സിങ്ങ്, റാം മനോഹര്‍ ലോഹ്യ എന്നിവരായിരുന്നു ആ യുഗപുരുഷന്മാര്‍.
വേദിയില്‍ ആദ്യമെത്തിയത് മായാവതി. അല്പനേരത്തിനുള്ളില്‍ മുലായവും എത്തി. പിന്നാലെ അഖിലേഷ് യാദവും. മൂവരുടെയും വരവില്‍ ജനക്കൂട്ടം ആര്‍ത്തിരമ്പി.
മുദ്രാവാക്യങ്ങള്‍ അലകടലായി. ചുവപ്പു തൊപ്പിയണിഞ്ഞ എസ്.പി പ്രവര്‍ത്തകരും നീല തലപ്പാവണിഞ്ഞ ബി എസ്.പി പ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു. സമ്മേളന വേദിയില്‍ സിംഹാസനം കണക്കെ മൂന്നു വലിയ കസേരകള്‍. അടുത്തടുത്ത് മായാവതിയും മുലായവും ഇരുന്നെങ്കിലും പരസ്പരം അഭിവാദ്യത്തിനപ്പുറം കുശലാന്വേഷണങ്ങളൊന്നുമില്ല. പക്ഷെ, അവരുടെ വാക്കുകളില്‍ മഹാസഖ്യത്തിനു വേണ്ടി ഒത്തുചേര്‍ന്ന മഹാമനസ്‌കത പ്രകടമായി. ആദ്യം പ്രസംഗിച്ചത് മുലായമായിരുന്നു.
മായാവതിയെ മെയിന്‍പുരിയിലേക്കു സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. നമുക്കിടയിലേയ്ക്ക് അവരെത്തിയതില്‍ വലിയ സന്തോഷം. ഈ സന്ദര്‍ഭം ഞാനൊരിക്കലും മറക്കില്ല. തന്നെ മുമ്പത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.
നേതാജി (മുലായത്തിന്റെ വിളിപ്പേര്)യെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് മായാവതി പ്രസംഗം ആരംഭിച്ചു.
എല്ലാ വിഭാഗക്കാരെയും ഒന്നിപ്പിച്ച നേതാവാണ് മുലായം. പിന്നാക്ക വിഭാഗക്കാരും അദ്ദേഹത്തെ നേതാവായി അംഗീകരിക്കുന്നു. നരേന്ദ്ര മോദിയെപ്പോലെ വ്യാജമായ പിന്നോക്ക മേല്‍വിലാസമുള്ളയാളല്ല. ഗുജറാത്തില്‍ ഭരണസംവിധാനം ദുരുപയോഗിച്ച് പിന്നോക്കക്കാരെ ദ്രോഹിച്ചയാളാണ് മോദി. പിന്നോക്കക്കാരുടെ പേരു പറഞ്ഞ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. എന്നാല്‍, പറഞ്ഞ വാക്കൊന്നും മോദി പാലിച്ചില്ല. അതുപോലെ വ്യാജനല്ല, യഥാര്‍ഥ നേതാവാണ് മുലായം. മോദിയെപ്പോലെ വ്യാജ ജനസേവകനല്ല, നല്ല ജനസേവകനാണ് നേതാജി.
വ്യാജമായതും യഥാര്‍ഥത്തിലുള്ളതും തിരിച്ചറിഞ്ഞു വേണം ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെന്നും മായാവതി പറഞ്ഞു. എന്തു വില കൊടുത്തും മോദിയെ താഴെയിറക്കാനാണ് മെയിന്‍ പുരിയില്‍ കൂടിയിരിക്കുന്ന ജനക്കൂട്ടമെന്നും മായാവതി പറഞ്ഞു.
അഖിലേഷ് യാദവും സംസാരിച്ചു തീര്‍ന്ന ശേഷം മൂവരും മടങ്ങുമ്പോള്‍ വേദിയില്‍ നിന്നും മഹാസഖ്യത്തിന്റെ പശ്ചാത്തലസംഗീതം മുഴങ്ങി. 'ഗഡ് ബന്ധന്‍... ഗഡ്ബന്ധന്‍... മന്‍ ബല്‍ സേ ആയാ ബന്ധന്‍...' (മനോബലത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് ഈ മഹാസഖ്യം).
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ യു.പിയില്‍ ഹിന്ദുത്വരാഷ്ട്രീയം വേരുറച്ചപ്പോള്‍ അതിനെ നേരിടാന്‍ 1993ല്‍ ബി.എസ്.പിയും എസ്.പിയും ആദ്യമായി കൈകോര്‍ത്തു. കന്‍ഷിറാമും മുലായവും ചേര്‍ന്നുണ്ടാക്കിയതാണ് ഈ സഖ്യം. മിലേ മുലായം കന്‍ഷിറാം, ഹവാ മേ ഉഡ് ഗയേ ജെയ് ശ്രീറാം (മുലായവും കന്‍ഷിറാമും ഒന്നിച്ചു, ജെയ് ശ്രീറാം കാറ്റില്‍ പറന്നു എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. അന്ന് അവിഭക്ത യു.പിയായിരുന്നു.
നിയമസഭയിലെ 425 സീറ്റുകളില്‍ എസ്.പി 256 സീറ്റിലും ബി.എസ്.പി 164 മണ്ഡലങ്ങളിലും മത്സരിച്ചു. എസ്.പി 109 സീറ്റിലും ബി.എസ്.പി 67 സീറ്റിലും വിജയിച്ചു. സഖ്യം സര്‍ക്കാരുണ്ടാക്കി. എന്നാല്‍, യാദവ-ദളിത് പോരില്‍ സഖ്യം തകര്‍ന്നു. 1995 ജൂണ്‍ രണ്ടിന് ലക്വി മീരാബായ് ഗസ്റ്റ് ഹൗസില്‍ എസ്.പി പ്രവര്‍ത്തകര്‍ മായാവതിയെ ബന്ദിയാക്കുന്നതു വരെ കാര്യങ്ങളെത്തി.
പിന്നീട്, മായാവതി ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കി. മൂന്നു തവണ യു.പി ഭരിച്ചു. 2003 ല്‍ ആ സഖ്യവും തകര്‍ന്നു. പിന്നീട്, ബി.എസ്.പിയിലെ വിമത എം.എല്‍.എമാരെ കൂട്ടി എസ്.പി സര്‍ക്കാരുണ്ടാക്കി. 2007 ല്‍ മായാവതി വീണ്ടും ഭരണത്തില്‍ വന്നു. 2012 ല്‍ എസ്.പിയും അധികാരം പിടിച്ചു. എന്നാല്‍, 2014ലെ മോദി തരംഗം ഇരുപാര്‍ട്ടികളെയും ഉലച്ചു. 80 ലോക്‌സഭാസീറ്റില്‍ 73 എണ്ണം എന്‍.ഡി.എ പിടിച്ചു.
എസ്.പി അഞ്ചിലൊതുങ്ങിയപ്പോള്‍ ബി.എസ്.പി സീറ്റൊന്നും കിട്ടാതെ പിഴുതെറിയപ്പെട്ടു. 2017ല്‍ ബി.ജെ.പി സംസ്ഥാന ഭരണവും പിടിച്ചതോടെ ഇരുപാര്‍ട്ടികള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. അതിജീവനത്തിനായുള്ള ഒത്തുചേരല്‍ 2018ലെ കൈറാന ഉപതിരഞ്ഞെടുപ്പില്‍ വീണ്ടുമുണ്ടായി. അതു ഫലം കണ്ടതോടെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനമെമ്പാടുമുള്ള ഐക്യത്തിനു വഴി തെളിഞ്ഞു. ആ രാഷ്ട്രീയരസതന്ത്രം അക്ഷരാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവായിരുന്നു മെയിന്‍പുരിയിലെ മായാവതി-മുലായം ഒത്തുചേരല്‍.
Content Highlights: SP-BSP joint rally in UP: Mayawati, Mulayam Singh Yadav