ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രൂപീകരിച്ച എസ്പി-ബിഎസ്പി കക്ഷികളുടെ മഹാസഖ്യം തിരഞ്ഞെടുപ്പിനു ശേഷവും തുടരും. ഉത്തര്‍പ്രദേശില്‍ 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് എസ്പി നേതാവ് അഖിലേഷ് യാദവിന്റെയും ബിഎസ്പി നേതാവ് മായാവതിയുടെയും തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
വൈകാതെ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് അതിനുള്ള ആദ്യ വേദിയാകുമെന്നാണ് കരുതുന്നത്. സിറ്റിങ് എംഎല്‍എമാരായ 11 പേര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്രയും സീറ്റുകളിലേയ്ക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
എസ്പിയുമായുള്ള സഖ്യം തുടരുമെന്ന് ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയില്‍ മായാവതി വ്യക്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടുന്നതിന് ലക്ഷ്യംവെച്ച് രൂപവത്കരിച്ച മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഒറ്റ സീറ്റുപോലുമില്ലാതിരുന്ന ബിഎസ്പിക്ക് പത്ത് സീറ്റുകള്‍ നേടാനായി. എന്നാല്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് അടക്കമുള്ളവരുടെ പരാജയം എസ്പിക്ക് തിരിച്ചടിയായി.
Content Highlights: sp bsp alliance will continue in up, lok sabha election 2019