ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വന്‍ വിജയം നേടുമെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭര്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്ഭര്‍.
പൂര്‍വാഞ്ചലില്‍ (കിഴക്കന്‍ ഉത്തര്‍പ്രദേശ്) എസ്.പി - ബി.എസ്.പി സഖ്യത്തിന് വന്‍ ഭൂരിപക്ഷം ലഭിക്കും. തങ്ങളുമായി സഖ്യമില്ലാത്തതിനാല്‍ ബിജെപിയ്ക്ക് മുപ്പതോളം സീറ്റുകള്‍ നഷ്ടമാകുമെന്നും രാജ്ഭര്‍ പറഞ്ഞു. ഇതില്‍ ബാലിയ, ഗോരഖ്പുര്‍, ഗാസിയപുര്‍ മണ്ഡലങ്ങളും ഉള്‍പ്പെടും- രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ്പി-ബിഎസ്പി സഖ്യം 55 മുതല്‍ 60 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് രണ്ടോ മൂന്നോ സീറ്റുകള്‍ മാത്രമേ നേടാനാവുവെന്നും രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി ഒരു തരത്തിലുള്ള സൗഹൃദവും തന്റെ സഖ്യത്തിനില്ലെന്ന് രാജ്ഭര്‍ വ്യക്തമാക്കി. മിര്‍സാപുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് രാജ്ഭര്‍ കഴിഞ്ഞയാഴ്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിയുടെ പേരും പതാകയും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മന്ത്രിയായിരുന്ന ഓം പ്രകാശ് രാജ്ഭര്‍ കഴിഞ്ഞ ഏപ്രിലിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാജിക്കത്ത് നല്‍കിയത്. സീറ്റുവിഭജനത്തില്‍ തങ്ങളെ അവഗണിച്ചുവെന്നാരോപിച്ചാണ് ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വ്യക്തമായ രാഷ്ട്രീയസ്വാധീനമുള്ള നേതാവാണ് രാജ്ഭര്‍.
Content Highlights: OP Rajbhar, SP-BSP, UP, BJP