യോഗിയുടെ മണ്ണില്‍ നിയോഗമാര്‍ക്ക്?


ഉത്തര്‍പ്രദേശില്‍നിന്ന് പ്രകാശന്‍ പുതിയേട്ടി

3 min read
Read later
Print
Share

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്കെതിരേയുള്ള സഖ്യത്തിന്റെ ആദ്യ പരീക്ഷണശാലകൂടിയായിരുന്നു ഗോരഖ്പുര്‍.

ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാന്‍ യോഗി ആദിത്യനാഥ് 2017-ല്‍ രാജിവെച്ച ലോക്സഭാമണ്ഡലമാണ് ഗോരഖ്പുര്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന്റെ ആലസ്യം വിട്ടുമാറുംമുമ്പ് കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് ഇവിടെ ജയിച്ചത് എസ്.പി. സ്ഥാനാര്‍ഥിയും നിഷാദ് പാര്‍ട്ടി സ്ഥാപകന്‍ ഡോ. സഞ്ജയ് നിഷാദിന്റെ മകനുമായ പ്രവീണ്‍കുമാര്‍ നിഷാദ്. യോഗി ആദിത്യനാഥിന്റെ ഗുരു മഹന്ത് അവൈദ്യനാഥ് 1989-ല്‍ കോണ്‍ഗ്രസില്‍നിന്ന് സീറ്റ് കൈക്കലാക്കിയശേഷമുള്ള ബി.ജെ.പി.യുടെ ആദ്യ തോല്‍വി. മൂന്നുതവണ ഗുരു മത്സരിച്ചുജയിച്ചശേഷമാണ് ഗോരഖ്‌നാഥ് മഠത്തിന്റെ മുഖ്യപൂജാരിയായ യോഗി ആദിത്യനാഥ് 1998-ല്‍ വരുതിയിലാക്കുന്നത്. ഏറ്റവുമൊടുവില്‍ അഞ്ചാംതവണ 2014-ല്‍ ജയിച്ചത് 3,12,783 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഈയവസ്ഥയില്‍നിന്നാണ് മഹാസഖ്യം 28,881 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ മുന്നേറിയത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്കെതിരേയുള്ള സഖ്യത്തിന്റെ ആദ്യ പരീക്ഷണശാലകൂടിയായിരുന്നു ഗോരഖ്പുര്‍.

''ആ അവസ്ഥ ഇപ്പോള്‍ മാറി. ഗോരഖ്‌നാഥ് മഠത്തിനും ക്ഷേത്രത്തിനും മണ്ഡലത്തില്‍ ഏറെ സ്വാധീനമുണ്ട്. അവിടത്തെ മുഖ്യപുരോഹിതനെന്ന നിലയില്‍ ആദിത്യനാഥിന് ആജ്ഞാശക്തിയുമുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ആദിത്യനാഥിനോട് ആലോചിക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ അദ്ദേഹത്തിന് അമര്‍ഷമുണ്ടായിരുന്നു. താനാണ് ഗോരഖ്പുരിലെ പ്രധാനി എന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്തേണ്ടത് അന്ന് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഇക്കുറി തട്ടകം വീണ്ടെടുക്കേണ്ടത് മുഖ്യമന്ത്രി എന്ന നിലയില്‍ യോഗിയുടെ ഉത്തരവാദിത്വമാണ്. അവിടെ രൂപപ്പെട്ടിട്ടുള്ള ജാതിസമവാക്യങ്ങളും അടിയൊഴുക്കുകളും പക്ഷേ, ബി.ജെ.പി.യെ അലോസരപ്പെടുത്തുന്നു. ഉത്തര്‍പ്രദേശില്‍ വാരാണസിയെക്കാള്‍ ബി.ജെ.പി.ക്ക് മുഖ്യപ്രശ്‌നമാവുക ഗോരഖ്പുര്‍ തന്നെയാണ്'' -ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. ആര്‍.പി. പഥക് പറയുന്നു.

2018-ലെ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയസ്ഥിതിയല്ല ഇപ്പോള്‍ ഗോരഖ്പുരില്‍. ജാതിസമവാക്യങ്ങള്‍ കൃത്യമാക്കാനുള്ള തന്ത്രങ്ങളും മറുതന്ത്രങ്ങളും പയറ്റിയായിരുന്നു എല്ലാവരുടെയും സ്ഥാനാര്‍ഥിപ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പില്‍ മഹാസഖ്യം സ്ഥാനാര്‍ഥിയായി വിജയിച്ച പ്രവീണ്‍കുമാര്‍ നിഷാദിപ്പോള്‍ ബി.ജെ.പി. പാളയത്തിലാണ്. നിഷാദ് വിഭാഗത്തിന്റെ വോട്ടുമുഴുവന്‍ ബി.ജെ.പി. പാളയത്തിലെത്തിക്കാനാണ് പ്രവീണിന്റെ ശ്രമം. ഇതിനെ മറികടക്കാന്‍ മഹാസഖ്യം, എസ്.പി. സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് നിഷാദ് വിഭാഗത്തില്‍തന്നെയുള്ള രാം ബുവല്‍ നിഷാദിനെ.

ഭോജ്പുരി നടനും ബ്രാഹ്മണനുമായ 49-കാരന്‍ രവികിഷന്‍ ശുക്ലയാണ് ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥി. നിഷാദ് വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ പ്രവീണ്‍കുമാര്‍ നിഷാദിന് തൊട്ടടുത്ത മണ്ഡലമായ സന്ത് കബിര്‍ സീറ്റും നല്‍കി. സി.പി.ഐ. സ്ഥാനാര്‍ഥിയായി ഡോ. ആശിഷ് സിങ്ങും മത്സരരംഗത്തുണ്ട്.

താരത്തെ നിര്‍ത്തിയ യോഗി തന്ത്രം

ഗോരഖ്പുരില്‍ 18,48,102 വോട്ടര്‍മാരുണ്ട്. 50 ശതമാനത്തോളം പോളിങ്ങാണ് ശരാശരി നടക്കാറ്. ഉപതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത് 48.87 ശതമാനംപേര്‍. ഇതില്‍ ഏറ്റവുംവലിയ ജാതിവിഭാഗം നിഷാദ് തന്നെയാണ്. 3.50 ലക്ഷത്തോളം വോട്ടര്‍മാരുണ്ട് ഇവര്‍ക്ക്. ദളിതര്‍ക്ക് 2.6 ലക്ഷവും യാദവര്‍ക്ക് 2.40 ലക്ഷവും വോട്ടര്‍മാരുണ്ട്. അതേസമയം, മുന്നാക്ക ജാതിക്കാരെല്ലാം ചേര്‍ന്ന് 7.5 ലക്ഷം വോട്ടുവരും. 13 ശതമാനത്തോളം മുസ്ലിംവോട്ടുമുണ്ട്. നിലവിലുള്ള എം.പി. പ്രവീണ്‍കുമാര്‍ നിഷാദിന് ഗോരഖ്പുര്‍ സീറ്റ് യോഗി നല്‍കാത്തതിനുകാരണം ബ്രാഹ്മണവോട്ടില്‍ കണ്ണുവെച്ചുള്ള ബി.ജെ.പി.യുടെ നീക്കമാണ്.

''യോഗി ആദിത്യനാഥ് ബ്രാഹ്മണരോട് താത്പര്യം കാട്ടുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. ഇത്തവണ അതുപരിഹരിക്കുകയും നിഷാദിനെ ഒപ്പംകൂട്ടുകയുമെന്ന 'ഒരുവെടിക്ക് രണ്ടുപക്ഷി' തന്ത്രമാണ് യോഗി പയറ്റിയത്. നിഷാദ് വിഭാഗത്തിന്റെ സാന്നിധ്യമാണ് ഉപതിരഞ്ഞെടുപ്പില്‍ യോഗിക്ക് അപമാനമുണ്ടാക്കിയത്. അവരുടെ പ്രധാനിയെത്തന്നെ ഒപ്പംകൂട്ടി തൊട്ടപ്പുറത്തെ സീറ്റിലേക്ക് മാറ്റാന്‍ യോഗിക്കായി. തനിക്കൊരിക്കലും ഭീഷണിയാവില്ലാത്ത നടനെ സ്വന്തം തട്ടകത്തില്‍ നിര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു'' -സിവില്‍ സര്‍വീസിന് പരിശീലിക്കുന്ന ബലിയയിലെ രാഷ്ട്രീയനിരീക്ഷകന്‍കൂടിയായ വിക്രാന്ത് പറഞ്ഞു.

യോഗി ഇച്ഛിച്ചതുപോലെ മാധ്യമപ്രവര്‍ത്തകരോടെല്ലാം രവികിഷന്‍ എപ്പോഴും പറയുന്ന മന്ത്രമിതാണ്: ''ഞാന്‍ വോട്ടുചോദിക്കുന്നത് മോദിയുടെയും യോഗിയുടെയും നാമത്തിലാണ്. അവരുടെ പ്രതിനിധി മാത്രമാണ് ഞാന്‍. എങ്കിലും ഭാവിയില്‍ എന്‍.ടി. റാമറാവുവിനെയും വിനോദ് ഖന്നയെയും പോലുള്ള ഗൗരവമുള്ള രാഷ്ട്രീയക്കാരനായി മാറണമെന്നാണാഗ്രഹം''.

ഭീഷണിയായി യുവവാഹിനിഭാരത്

യോഗിയുടെ കുതിപ്പിനുതടയിടാന്‍ പക്ഷേ, അദ്ദേഹത്തിന്റെതന്നെ പഴയ പടക്കുതിരകള്‍ രംഗത്തുണ്ട്. പശുസംരക്ഷണത്തിന്റെയും മുസ്ലിം വിദ്വേഷത്തിന്റെയും ഹിന്ദുസംരക്ഷണത്തിന്റെയും പ്രായോക്താക്കളായ യോഗിയുടെ സ്വകാര്യസേന ഹിന്ദുയുവവാഹിനിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സുനില്‍സിങ് രൂപംനല്‍കിയ ഹിന്ദുയുവവാഹിനി ഭാരത് അദ്ദേഹത്തിനെതിരേ പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ആദിത്യനാഥിന്റെ വലംകൈയായിരുന്ന സുനില്‍സിങ് നിയമസഭാതിരഞ്ഞെടുപ്പില്‍ ഹിന്ദുയുവവാഹിനിനേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചപ്പോഴാണ് വിമതനായത്. പന്ത്രണ്ടോളം പ്രവര്‍ത്തകര്‍ക്കൊപ്പംചേര്‍ന്ന് യോഗിയെ 'ഭസ്മാസുരന്‍' എന്നുവിളിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയപ്പോള്‍ സുനില്‍സിങ് അറസ്റ്റിലായി; അതും ദേശീയ സുരക്ഷാനിയമമനുസരിച്ച്. സുനില്‍സിങ് സ്വതന്ത്രനായി നാമനിര്‍ദേശപത്രിക നല്‍കിയെങ്കിലും തള്ളി.

''സാങ്കേതികകാരണം പറഞ്ഞ് നാമനിര്‍ദേശപത്രിക തള്ളിയതിനുപിന്നില്‍ യോഗി ആദിത്യനാഥാണ്. അദ്ദേഹത്തിന്റെ കൂടെ 22 വര്‍ഷം സന്തതസഹചാരിയായി ഉണ്ടായ ആളെന്ന നിലയില്‍ എങ്ങനെയാണ് അദ്ദേഹം ജയിക്കുന്നതെന്നറിയാം. ഇത്തവണ ഞങ്ങളുടെ പ്രവര്‍ത്തനം തോല്‍പ്പിക്കാനാണ്'' -സുനില്‍സിങ് പറയുന്നു.

ഹിന്ദുയുവവാഹിനി ഭാരതിന്റെ 13,000 പ്രവര്‍ത്തകര്‍ മഹാസഖ്യം സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുമെന്നും സുനില്‍സിങ് വ്യക്തമാക്കുന്നു.

നിഷാദ് വോട്ടില്‍ തൂങ്ങാന്‍ നിഷാദ്

സിനിമാതാരം എതിരാളി ആയതിലൊന്നും ഭയമില്ലെന്നാണ് മഹാസഖ്യം സ്ഥാനാര്‍ഥി രാം ബുവല്‍ നിഷാദിന്റെ പക്ഷം. എല്ലാ മതത്തിലും ജാതിയിലും പെട്ട താഴെത്തട്ടിലുള്ളവരുടെ ഉറച്ച പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. നിഷാദ് പാര്‍ട്ടിയുടെ പ്രമുഖനേതാവ് ബി.ജെ.പി. പാളയത്തില്‍ പോയത് രാഷ്ട്രീയവഞ്ചനയാണെന്നും നിഷാദ് വോട്ടുകളില്‍ വലിയവിഭാഗം ഇത്തവണ തനിക്കുലഭിക്കുമെന്നുമാണ് രാംബുവല്‍ നിഷാദിന്റെ വിലയിരുത്തല്‍. ഈ ചിന്താഗതി വലിയ വിഭാഗം നിഷാദ് വിഭാഗക്കാരില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രൊഫ. ആര്‍.പി. പഥക്കും ചൂണ്ടിക്കാട്ടുന്നു. 1999-ല്‍ യോഗി ആദിത്യനാഥ് മണ്ഡലത്തില്‍ രണ്ടാംതവണ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 7,339 ആയി കുറഞ്ഞിരുന്നു. അന്ന് എസ്.പി. സ്ഥാനാര്‍ഥി നിഷാദ് വിഭാഗത്തില്‍പ്പെട്ട ജമുനപ്രസാദ് നിഷാദായിരുന്നു. ഈ രാഷ്ട്രീയക്കളിയില്‍നിന്ന് പാഠംപഠിച്ചാണ് പിന്നീട് ഓരോതവണയും യോഗി ഭൂരിപക്ഷം കൂട്ടിയത്.

കാര്‍ഡിറക്കി കോണ്‍ഗ്രസും

ജാതിക്കളിയില്‍ ഒരു കൈനോക്കാന്‍ കോണ്‍ഗ്രസും അരയും തലയും മുറുക്കി രംഗത്തുണ്ട്. പ്രമുഖ അഭിഭാഷകനും പ്രശസ്ത ബ്രാഹ്മണമുഖവുമായ മധുസൂദനന്‍ ത്രിപാഠിയാണ് കോണ്‍ഗ്രസിന്റെ തുരുപ്പുചീട്ട്. ക്ഷത്രിയനായ യോഗിയോട് ബ്രാഹ്മണര്‍ക്കുള്ള വൈമുഖ്യം മുതലെടുക്കുന്നതിനൊപ്പം മുസ്ലിംവോട്ടുകളില്‍ കുറച്ചും നേടാനായാല്‍ അവസ്ഥ മെച്ചപ്പെടുത്താമെന്നാണ് കോണ്‍ഗ്രസിന്റെ ചിന്ത.

Content Highlights: loksabha election gorakhpur constituency yogi adityanath

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram