ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മകനുമായ അഖിലേഷ് യാദവിന് 2.13 കോടി രൂപയോളം നല്‍കാനുണ്ടെന്ന് പാര്‍ട്ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ സത്യവാങ്മൂലം. അഞ്ചു വര്‍ഷത്തിനിടെ തന്റെ ആസ്തിയില്‍ നിന്ന് മൂന്ന് കോടിയുടെ കുറവുണ്ടായെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കഴിഞ്ഞ ദിവസം നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുലായം വ്യക്തമാക്കുന്നു.
എസ്പിയുടെ ശക്തി കേന്ദ്രമായ മെയിന്‍പുരിയിലാണ് മുലായം ഇത്തവണ മത്സരിക്കുന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. വസ്തുവകകളടക്കം മൊത്തം 16.52 കോടി രൂപയുടെ ആസ്തിയാണ് മുലായത്തിനുള്ളത്. 2014-ല്‍ കാണിച്ച ആസ്തി തുകയേക്കാള്‍ 3.20 കോടി കുറവാണ് ഇത്തവണ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലുള്ളത്.
2.13 കോടി രൂപ മകന്‍ അഖിലേഷ് യാദവിന് നല്‍കാനുണ്ട്. മുലയാത്തിന്റെയും ഭാര്യ സാധ്‌ന യാദവിന്റെയും വാര്‍ഷിക വരുമാനം യഥാക്രമം 32.02 ലക്ഷം രൂപയും 25.61 ലക്ഷം രൂപയുമാണ്. ഭാര്യയുടെ പേരില്‍ 5.06 കോടി രൂപയുടെ ആസ്തിയുണ്ട്. സ്വന്തം പേരില്‍ കാറില്ല. അതേ സമയം ഭാര്യയുടെ പേരില്‍ ആഡംബര കാറുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2015-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് മാത്രമേ മുലയാത്തിന്റെ പേരിലുള്ളൂ. ഐപിഎസ് ഓഫീസര്‍ അമിതാഭ് ഠാക്കൂറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് ലഖ്‌നൗ ഹസ്രത്ത്ഗഞ്ജ് പോലീസ് സ്‌റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Content Highlights: Lok Sabha elections 2019: Mulayam owes over Rs 2 crore to son Akhilesh, poll affidavit discloses