ഫിറോസാബാദ്: ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ പടുത്തുയര്‍ത്തിയ മഹാസഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കി ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവന. ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് റാലിക്കിടെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരോട് മായാവതി പറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്.
പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചതാണ് മായാവതിയെ ചൊടിപ്പിച്ചത്. നിങ്ങള്‍ പ്രസംഗത്തിനിടെ ശബ്ദമുണ്ടാക്കുന്നു. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ഫിറോസാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞു.
ബിഎസ്പിയേയും എസ്പിയേയും കൂടാതെ അജിത് സിങിന്റെ ആര്‍എല്‍ഡിയും മഹാസഖ്യത്തിലുണ്ട്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതാണ് അഭിപ്രായ സര്‍വേകളെന്നും മായാവതി റാലിക്കിടെ പറഞ്ഞു.
മാധ്യമങ്ങളെ ഉപയോഗിച്ച് പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ് സര്‍വേകള്‍. വോട്ടര്‍മാര്‍ ഇത് കണ്ട് വഴിതെറ്റരുതെന്നും മായാവതി പറഞ്ഞു. 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മായാവതിയും മുലായം സിങ് യാദവും വേദി പങ്കിട്ടിരുന്നു.
Content Highlights: "Learn From BSP": Mayawati Tries To Discipline Samajwadi Workers At Rally