ആന്ധ്രയിലെ ലോക്സഭാ, നിയമസഭാ സീറ്റുകള്‍ തൂത്തുവാരി വൈ.എസ്.ആര്‍. കോണ്‍ഗ്രസ്‌


2 min read
Read later
Print
Share

ആകെയുള്ള 174 സീറ്റുകളിൽ 145 സീറ്റുകളിലും വൈഎസ്ആർ കോൺഗ്രസ് വ്യക്തമായ ലീഡാണ് നിലനിർത്തുന്നത്. ആന്ധ്രയിലെ അഞ്ചിൽ നാല് നിയമസഭാ സീറ്റുകളും ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിക്ക് ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഹൈദരാബാദ്: ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടി.ഡി.പിയെ മലര്‍ത്തിയടിച്ച് വൈ.എസ്. ആര്‍ കോണ്‍ഗ്രസ്. ആകെയുള്ള 25 സീറ്റുകളിലും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കരുത്തുതെളിയിച്ചത്.

മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കി. ആകെയുള്ള 174 സീറ്റുകളിൽ 145 സീറ്റുകളിലും വൈഎസ്ആർ കോൺഗ്രസ് വ്യക്തമായ ലീഡാണ് നിലനിർത്തുന്നത്. ആന്ധ്രയിലെ അഞ്ചിൽ നാല് നിയമസഭാ സീറ്റുകളും ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിക്ക് ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

57 വര്‍ഷം ആന്ധ്ര ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സീറ്റു പോലും നേടാനായില്ല. വിശാഖപട്ടണം, വിജയവാഡ, നെല്ലൂര്‍, ഗുണ്ടൂര്‍, ഓംഗോള്‍, കാക്കിനാഡ തുടങ്ങി എല്ലാ മണ്ഡലങ്ങളിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ തേരോട്ടമാണ് കണ്ടത്. മിക്കയിടത്തും ടി.ഡി.പി. ഏറെ പിന്നിലായി.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പി ഇത്തവണ കോണ്‍ഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ ടിഡിപിക്ക് 39 സീറ്റുകൾ പരമാവധി ലഭിച്ചേക്കുമെന്നാണ് നിലവിലെ ലീഡുനില പരിശോധിക്കുമ്പോൾ കാണുന്നത്. തലസ്ഥാനനഗരിയായി പ്രഖ്യാപിച്ച അമരാവതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞതും ആന്ധ്ര പ്രത്യേക പദവിയെന്ന ആവശ്യം നിര്‍വഹിക്കാന്‍ സാധിക്കാത്തതും ടി.ഡി.പിക്ക് തിരിച്ചടിയായി.

ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടക്കം മുതലേ ആത്മവിശ്വാസത്തിലായിരുന്നു. ഭരണ വിരുദ്ധവികാരവും കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളും വൈ.എസ്.ആറിന് തുണയായി. അധികാരത്തിലെത്തിയാല്‍ അമരാവതിയായിരിക്കും തട്ടകമെന്ന് പാര്‍ട്ടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയിച്ചാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് താമസിക്കാനുള്ള മുഖ്യമന്ത്രി ഭവനം വരെ വൈ.എസ്.ആര്‍ നിര്‍മ്മിച്ചു. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം പണികഴിപ്പിച്ചത്.

2014ല്‍ ടി.ഡി.പി പതിനഞ്ചും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എട്ടും ബി.ജെ.പി രണ്ടും സീറ്റുകള്‍ നേടിയിരുന്നു.ഒരു സീറ്റ് പോലും നേടാതിരുന്ന കോണ്‍ഗ്രസ് ഇക്കുറി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പടയൊരുക്കം നടത്തിയെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. കോൺഗ്രസ് ഇത്തവണയും ആന്ധ്രയിൽ നിലം തൊട്ടില്ല.

Content Highlights: ysr congress sweeps loksabha seats in andhra pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram