കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന മൊഴി നസീര്‍ നല്‍കിയിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍. നസീറിനെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം നസീര്‍ തന്നോട് പറഞ്ഞതായും ജയരാജന്‍ പറഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു ജയരാജന്‍.
മൂന്ന് പേര്‍ അക്രമിച്ചുവെന്നാണ് പറഞ്ഞത്. ഇതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ആരോപണം. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയിട്ടില്ല. മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനാല്‍ സ്വാഭാവികമായും പുറത്തായതാണ്. ഒരു തരത്തിലുള്ള വ്യക്തി വൈരാഗ്യവും ഇല്ല.
അദ്ദേഹത്തിന്റെ സഹോദരനടക്കം ഇപ്പോഴും സി പി എം പ്രവര്‍ത്തകനാണ്.തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റ അടക്കം പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. സി.പി.എമ്മിനെതിരെ ഇത്തരം അപവാദ പ്രചാരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.
Content Highlights: vadakara loksabha constituency ldf candidate p jayarajan visits cot naseer