ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി.) അധ്യക്ഷനായ രാജ്ഭര്‍ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി.-എസ്.പി. സഖ്യം മികച്ചവിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിന്റെ നടപടി.
സഖ്യകക്ഷി മന്ത്രിയായ രാജ്ഭറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി യു.പി. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
സീറ്റ് ധാരണയുടെ പേരില്‍ ബി.ജെ.പി.യുമായി അകല്‍ച്ചയിലായിരുന്ന രാജ്ഭര്‍ നേരത്തെ രാജി നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യധാരണകള്‍ മറികടന്ന് എസ്.ബി.എസ്.പി. സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും പ്രതിപക്ഷ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതുമാണ് യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചത്.
അതേസമയം, മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഒ.പി. രാജ്ഭര്‍ പ്രതികരിച്ചു. മഹാസഖ്യം ഉത്തര്‍പ്രദേശില്‍ മികച്ചവിജയം നേടുമെന്ന് രാജ്ഭര്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ബി.ജെ.പി. സഖ്യകക്ഷിയായിരുന്നെങ്കിലും അടുത്തിടെയായി എസ്.ബി.എസ്.പി. അധ്യക്ഷന്‍ ബി.ജെ.പി.യുമായി ഇടഞ്ഞിരുന്നു. ഇതിനിടെ മിര്‍സാപുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും മഹാരാജ്ഗഞ്ചിലെ മഹാസഖ്യ സ്ഥാനാര്‍ഥിക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരില്ലെന്നും ദളിതരുടെ മകളാവും ഇന്ത്യയിലെ അടുത്ത പ്രധാനമന്ത്രിയെന്നും രാജ്ഭര്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Uttar Pradesh cm yogi adityanath removed minister op rajbhar from his ministry