ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിലും പെട്ടി കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഹെലികോപ്റ്ററും പെട്ടിയും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി തടയുകയും ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തതാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിക്കാന്‍ കാരണമായത്. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബി.ജെ.ഡി. രംഗത്തെത്തി.
കഴിഞ്ഞദിവസം ഒഡീഷയിലെത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ധര്‍മ്മേന്ദ്ര പ്രധാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയുടെ ഹെലികോപ്റ്ററും സീല്‍ ചെയ്തനിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. മാത്രമല്ല, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതോടെയാണ് മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയില്‍ പണമാണെന്ന ആരോപണവുമായി ബി.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയത്.
മന്ത്രിയുടെ കൈവശമുണ്ടായിരുന്ന പെട്ടിയില്‍ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമാണ് ബി.ജെ.ഡി.യുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് ബി.ജെ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ഒരു പെട്ടി പുറത്തേക്ക് കൊണ്ടുപോയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയവേളയിലായിരുന്നു സംഭവം. ഇതിനുപിന്നാലെ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവരുടെ ഹെലികോപ്റ്ററുകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒഡീഷയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവമുണ്ടായി.
Content Highlights: union minister dharmendra pradhan prevents election officers from examining his suitcase and chopper