കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബി.ജെ.പിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ആരോപണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാലാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. കള്ളവോട്ട് ചെയ്യാന്‍ വ്യാപകമായ ശ്രമമാണ് മണ്ഡലങ്ങളില്‍ നടന്നത്. ഇതിന്റെ തെളിവ് കയ്യിലുണ്ട്. കുന്ദമംഗലത്ത് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി പോലും കള്ളവോട്ട് ചെയ്യാനെത്തി. എന്നാല്‍ ഇതിലെല്ലാം അവര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വോട്ട് കച്ചവട ആരോപണവുമായി രംഗത്ത് വന്നതെന്നും ടി.സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തിഹത്യ മുഖമുദ്രയാക്കാനാണ് തിരഞ്ഞെടുപ്പില്‍ സി.പി.എം ശ്രമിച്ചത്. തിരഞ്ഞെടുപ്പിന്റെ തലേദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദമില്ലാതെ എം.കെ രാഘവനെതിരേ കെസെടുത്തത് ഇതിന്റെ ഉദാഹരണമാണ്. കള്ളവോട്ട് ചെയ്യാന്‍ വന്നയാള്‍ പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ട് പോയത് പോലും പോലീസാണ്. തങ്ങള്‍ ജയിക്കുമ്പോള്‍ അത് ജനാധിപത്യപരവും മറ്റുള്ളവര്‍ ജയിക്കാന്‍ പോവുമ്പോള്‍ അത് വര്‍ഗീയ രീതിയിലും ചിത്രീകരിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണ്. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പോലും പരിഗണിക്കാതെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.
മോദിക്കെതിരേയുള്ള കേരള ജനതയുടെ വികാരവും ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനേതിരേയുള്ള വിശ്വാസികളുടെ വികാരവും യു.ഡി.എഫിന് അനുകൂലമായി. കഴിഞ്ഞതവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിച്ച് കയറും. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം എം.കെ രാഘവനെതിരേ ഒരു കേസുണ്ടാക്കി വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇതിനെല്ലാം മെയ് 23-ന് ശേഷം കോഴിക്കോട്ടെ ജനങ്ങളോട് സി.പി.എം മറുപടി പറയേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു. കോഴിക്കോട്ടും വടകരയിലും ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് ബുധനാഴ്ച രാവിലെയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആരോപിച്ചിത്.
Content Highlights:T Sidhique againdt CPM On Vote Sharing Allegation