ന്യൂഡല്‍ഹി: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധിയുടെ പരാജയം. 2014-ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി.
2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം. പക്ഷേ, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും രാഹുല്‍ഗാന്ധിക്ക് അടിപതറുകയായിരുന്നു.
അതേസമയം, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് ലോക്‌സഭയിലെത്തുന്നത്. ഒരുപക്ഷേ, വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്തവണ ലോക്‌സഭ കാണുകപോലുമില്ലായിരുന്നു.
Content Highlights: Smrithi Irani Defeats Rahul Gandhi in Amethi