രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല


1 min read
Read later
Print
Share

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നകുല്‍നാഥും കന്യാകുമാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വസന്തകുമാറും വന്‍ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്.

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിക്ക് അതിദയനീയ പരാജയം. ബിഹാറിലെ പാടലീപുത്രയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച രമേശ് കുമാര്‍ ശര്‍മ്മയ്ക്കാണ് പണക്കൊഴുപ്പുണ്ടായിട്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ അടിപതറിയത്.

പാടലീപുത്രയില്‍ ബി.എസ്.പി, ബി.ജെ.പി., ആര്‍.ജെ.ഡി. സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് രമേശ് കുമാര്‍ ശര്‍മ്മ മത്സരത്തിനിറങ്ങിയത്. ആകെ 1558 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കെട്ടിവെച്ച കാശും പോയി. 1107 കോടി രൂപയുടെ ആസ്തിയാണ് രമേശ് കുമാര്‍ ശര്‍മ്മയ്ക്കുള്ളത്‌. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും വലിയ സമ്പന്നനും ഇദ്ദേഹമായിരുന്നു.

അതിനിടെ, രാജ്യത്തെ ധനികരായ മറ്റുസ്ഥാനാര്‍ഥികളില്‍ ചിലര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയം കുറിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നകുല്‍നാഥും കന്യാകുമാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വസന്തകുമാറും വന്‍ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്.

660 കോടി രൂപയുടെ ആസ്തിയുള്ള നകുല്‍നാഥിന് 37536 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 417 കോടി രൂപയുടെ ആസ്തിയുള്ള വസന്തകുമാര്‍ രണ്ടരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും ലോക്‌സഭയിലെത്തി. കോടികള്‍ ആസ്തിയുള്ളവരില്‍ ബെംഗളൂരു റൂറലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.കെ. സുരേഷ്, ആന്ധ്രയിലെ നാസാപുരത്തെ വൈ.എസ്.ആര്‍ സ്ഥാനാര്‍ഥി രഘുരാമ കൃഷ്ണരാജു, ഗുണ്ടൂരിലെ ടി.ഡി.പി. സ്ഥാനാര്‍ഥി ജയദേവ ഗല്ലെ എന്നിവരും ജയിച്ചുകയറി.

അതേസമയം, ധനികരായ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ രണ്ടാമതായനായ കോണ്‍ഗ്രസിന്റെ കോണ്ട വിശ്വേശര്‍ റെഡ്ഡി തെലങ്കാനയിലെ ചെവ്വല്ല മണ്ഡലത്തില്‍ പരാജയപ്പെട്ടു. അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പ്രതാപറെഡ്ഡിയുടെ മരുമകനായ അദ്ദേഹത്തിന്റെ ആസ്തി 895 കോടി രൂപയായിരുന്നു. 374 കോടി രൂപയുടെ ആസ്തിയുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഇത്തവണ പരാജയമായിരുന്നു ഫലം.

Content Highlights: richest candidate in loksabha election ramesh kumar sharma lost from bihar pataliputra

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram