ലഖ്‌നൗ: പീഡനക്കേസിലെ പ്രതിയായ ഉത്തര്‍പ്രദേശിലെ ഗോസി ലോക്‌സഭ മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയെ കാണ്മാനില്ല. കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ബി.എസ്.പി. സ്ഥാനാര്‍ഥിയായ അതുല്‍ റായ് മണ്ഡലത്തില്‍നിന്ന് അപ്രത്യക്ഷനായത്. അതേസമയം, സ്ഥാനാര്‍ഥിയില്ലെങ്കിലും ബി.എസ്.പി-എസ്.പി. പ്രവര്‍ത്തകര്‍ അതുല്‍ റായിക്ക് വേണ്ടി വോട്ടുപിടിക്കാന്‍ മണ്ഡലത്തില്‍ സജീവമായി രംഗത്തുണ്ട്.
ബി.എസ്.പി. സ്ഥാനാര്‍ഥിയായ അതുല്‍ റായ്‌ക്കെതിരെ മെയ് ഒന്നിനാണ് വാരണാസി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കോളേജ് വിദ്യാര്‍ഥിനിയാണ് ബി.എസ്.പി. നേതാവിനെതിരേ പരാതി നല്‍കിയത്. എന്നാല്‍ അതുല്‍ റായ്‌ക്കെതിരായ കേസ് ബി.ജെ.പി.യുടെ ഗൂഢാലോചനയാണെന്നാണ് ബി.എസ്.പി.യുടെ ആരോപണം.
അറസ്റ്റ് ഭയന്ന് അതുല്‍ റായ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും ബി.എസ്.പി. നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും അദ്ദേഹത്തിന് വേണ്ടി വോട്ടഭ്യര്‍ഥിച്ചിരുന്നു. ബി.ജെ.പി. ഗൂഢാലോചനയുടെ ഇരയാണ് അതുല്‍ റായ് എന്നും അദ്ദേഹത്തെ വിജയിപ്പിച്ച് ഇത്തരം ഗൂഢാലോചനകള്‍ പരാജയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഗോസിയിലെ റാലിയില്‍ മായാവതി പറഞ്ഞു. സ്ഥാനാര്‍ഥിക്കെതിരായ ആക്ഷേപങ്ങള്‍ ശക്തമാണെങ്കിലും ബി.എസ്.പി. പ്രവര്‍ത്തകരും പ്രചാരണത്തില്‍ സജീവമാണ്.
അതേസമയം, അറസ്റ്റ് ഒഴിവാക്കാനായി അതുല്‍ റായ് മലേഷ്യയിലേക്ക് കടന്നതായാണ് വിവരം. ഇതിനെതുടര്‍ന്ന് ബി.എസ്.പി. നേതാവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് അറിയിച്ചു. കേസില്‍ മെയ് 23 വരെ അറസ്റ്റ് ഒഴിവാക്കാന്‍ അതുല്‍ റായിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിക്കുന്നത് മെയ് 17-ലേക്ക് മാറ്റിവെച്ചിരുന്നു. ഇതോടെയാണ് അതുല്‍റായ് വിദേശത്തേക്ക് കടന്നത്. മെയ് 19-നാണ് ഗോസി ലോക്‌സഭ മണ്ഡലത്തിലെ വോട്ടെടുപ്പ്.
Content Highlights: rape case accused bsp candidate missing from election campaign in ghosi loksabha constituency