ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി- ബി.എസ്.പി. പ്രതിപക്ഷസഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മായാവതിയും അഖിലേഷും തമ്മിലുള്ള കപടസൗഹൃദം മെയ് 23-ന് അവസാനിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ഇരുവരും തമ്മിലുള്ള ശത്രുത വീണ്ടും തുടങ്ങുമെന്നുമായിരുന്നു മോദിയുടെ പരിഹാസം. ഉത്തര്‍പ്രദേശിലെ ഇത്താഹില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ ഒരു സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആ സൗഹൃദം അവസാനിക്കുകയും അവര്‍ ശത്രുക്കളാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഒരു കപടസൗഹൃദം ഉണ്ടാക്കിയിരിക്കുന്നു. പക്ഷേ, ഇതെല്ലാം മെയ് 23-ന് അവസാനിക്കും- മോദി പറഞ്ഞു.
ബി.എസ്.പി.യും സമാജ് വാദി പാര്‍ട്ടിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സമാജ് വാദി പാര്‍ട്ടിയുമായി കൈകോര്‍ത്ത മായാവതിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ആരാണ് ദളിതരെ പീഡിപ്പിച്ചതെന്ന് മായാവതിയോട് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടാകുമെന്നായിരുന്നു മോദിയുടെ വിമര്‍ശനം.
കഴിഞ്ഞദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി. നേതാവ് മായാവതിയും മെയിന്‍പുരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെത്തിയത്. 24 വര്‍ഷങ്ങള്‍ക്കുശേഷം മുലായവും മായാവതിയും ഒരുവേദിയിലെത്തിയത് സംസ്ഥാനത്തെ എസ്.പി.-ബി.എസ്.പി. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു.
Content Highlights: pm narendra modi says akhilesh mayavati friendship will end on may 23