ലോകം മുഴുവന്‍ ബിജെപിയെ പിന്തുണച്ചു; എല്ലാവരോടും നന്ദി - നരേന്ദ്രമോദി


1 min read
Read later
Print
Share

സൂറത്തിലെ ട്യൂഷന്‍ സെന്ററില്‍ തീപ്പിടിത്തത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ മാത്രമല്ല, ലോകം മുഴുവനും തങ്ങളെ പിന്തുണച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ വോട്ട് ചെയ്തിട്ടില്ലെങ്കിലും പിന്തുണ നല്‍കിയെന്നും തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതിന് എല്ലാവരോടും നന്ദിയുണ്ടെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ റാലിയില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂറത്തിലെ ട്യൂഷന്‍ സെന്ററില്‍ തീപ്പിടിത്തത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്ക് ദൈവം കരുത്ത് നല്‍കാന്‍ പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആറാംഘട്ട വോട്ടെടുപ്പിന് ശേഷം എന്‍.ഡി.എയ്ക്ക് മുന്നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ പലരും എന്നെ കളിയാക്കി. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാവരും കണ്ടു. ഈ അഞ്ചുവര്‍ഷം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിനിയോഗിക്കും. ഇനിയുള്ള അഞ്ചുവര്‍ഷം എല്ലാതലത്തിലുമുള്ള വികസനത്തിന് വേണ്ടി ഉപയോഗിക്കും. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഉയരത്തിലെത്തിക്കും- മോദി പറഞ്ഞു.

ബി.ജെ.പി. ദേശീയ അധ്യക്ഷനും ഗാന്ധിനഗറില്‍നിന്നുള്ള നിയുക്ത എം.പി.യുമായ അമിത് ഷായും മോദിക്കൊപ്പം അഹമ്മദാബാദിലെ റാലിയില്‍ പങ്കെടുത്തിരുന്നു. മോദി ഗുജറാത്തിന്റെ അഭിമാനമാണെന്നും തീവ്രവാദത്തിന് അദ്ദേഹം ചുരുങ്ങിയ കാലയളവില്‍ തക്കതായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: PM Narendra Modi addresses bjp rally in ahamedabad

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram