ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ വീണ്ടും വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തിരക്ഷയ്ക്കുള്ള യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്നാണ് മോദിയുടെ പുതിയ ആരോപണം. ഡല്‍ഹി രാംലീല മൈതാനത്തെ തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നമ്മുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കാന്‍ ഐ.എന്‍.എസ്. വിരാട് യുദ്ധക്കപ്പല്‍ നിര്‍ത്തിയിട്ട വേളയില്‍ അതൊരു ദിവസം രാജീവ് ഗാന്ധിക്കും കുടുംബത്തിനും ഒരു ദ്വീപിലേക്ക് അവധിക്കാലയാത്ര നടത്താന്‍ വിട്ടുകൊടുത്തു. ഐ.എന്‍.എസ്. വിരാടിനെ ടാക്‌സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേത്.
പത്തുദിവസമാണ് അവധിക്കാലയാത്രയ്ക്കായി ഉപയോഗിച്ചത്. കുടുംബാംഗങ്ങളെ സ്വീകരിക്കാന്‍ കപ്പലയച്ചു. രാജീവിന്റെ ഭാര്യയുടെ ബന്ധുക്കളും അതിലുണ്ടായിരുന്നു. വിദേശികളെ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ കയറ്റി ദേശസുരക്ഷ അവര്‍ ബലികഴിക്കുകയും ചെയ്തു. രാജീവും കുടുംബവും താമസിച്ച ദ്വീപില്‍ ഒരു സൗകര്യവുമുണ്ടായിരുന്നില്ല. അവര്‍ക്കായി ഇന്ത്യന്‍ നാവികസേനയ്ക്ക് എല്ലാം ചെയ്തുകൊടുക്കേണ്ടിവന്നു. ഇവിടെ ഒരു കുടുംബം ഒന്നാമതായെങ്കില്‍ രാജ്യസുരക്ഷ രണ്ടാമതായിപ്പോയി'' - പ്രധാനമന്ത്രി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് കുടുംബാധിപത്യ പാര്‍ട്ടിയെന്നുമാത്രമല്ല, അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരും കുടുംബവാഴ്ചയാണ് നടപ്പാക്കുന്നത്. പഞ്ചാബിലും മധ്യപ്രദേശിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലുമൊക്കെ അതുകാണാനുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നാലുതരം സംസ്‌കാരങ്ങള്‍ കണ്ടു. പേരില്‍മാത്രം പ്രശസ്തിനേടിയവരായിരുന്നു ആദ്യത്തേത്. വിദേശചിന്താഗതിയും സങ്കല്പത്തില്‍മാത്രം പ്രവര്‍ത്തനമുള്ള ഇടതുപക്ഷമാണ് രണ്ടാമത്തെ കൂട്ടര്‍.
മൂന്നാമത്തേതാവട്ടെ, പണവും ബലവും ഉപയോഗിച്ചുപ്രവര്‍ത്തിച്ചവര്‍. എന്നാല്‍, എല്ലാവരുടെയും വികസനത്തിന് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി.യാണ് നാലാമത്തെ രാഷ്ട്രീയസംസ്‌കാരമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അഞ്ചാമത്തെ ഒരുകൂട്ടരുണ്ടെന്നും ഒരുപണിയും ചെയ്യാത്തവരാണ് അവരെന്നും ഡല്‍ഹി ഭരിക്കുന്ന എ.എ.പി.യെ പരാമര്‍ശിച്ച് മോദി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് പെട്ടെന്ന് 'ന്യായ്' പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍, അവരെ സിഖ് കലാപത്തെക്കുറിച്ച് നാം ഓര്‍മിപ്പിക്കണം. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളും പ്രധാനമന്ത്രി വിവരിച്ചു. വ്യാപാരം നടത്തല്‍ എളുപ്പമാക്കുക മാത്രമല്ല, ജീവിതംതന്നെ എളുപ്പമാക്കാന്‍ കഴിഞ്ഞതാണ് നേട്ടം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കി. ജി.എസ്.ടി.യോടെ സമ്പദ് വ്യവസ്ഥ സുശക്തമായെന്നും മോദി അവകാശപ്പെട്ടു.
Content Highlights:PM Modi Targets Rajiv Gandhi Again, Alleges "Family Holiday" On Navy Ship