കൊല്‍ക്കത്ത: ഫോനി കൊടുങ്കാറ്റിന്റെ വിഷയത്തിലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ താംലൂകില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ വിമര്‍ശനം. ഫോനിയുടെ പശ്ചാത്തലത്തില്‍ താന്‍ രണ്ടുതവണ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും മോദി വ്യക്തമാക്കി.
സ്പീഡ് ബ്രേക്കര്‍ ദീദി ചുഴലിക്കാറ്റ് വിഷയത്തിലും രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചു. രണ്ട് തവണ അവരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. അത് അവരുടെ ധാര്‍ഷ്ട്യം കാരണമാണ്- മോദി ആരോപിച്ചു. ഒഡീഷയിലെ ഫോനി ബാധിത പ്രദേശങ്ങളെ കുറിച്ച് താന്‍ വിലയിരുത്തിയതായി പറഞ്ഞ മോദി സംസ്ഥാനത്ത രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ അഭിനന്ദിക്കുകയും ചെയ്തു.
ഞായറാഴ്ച മോദി ബംഗാള്‍ ഗവര്‍ണറെ വിളിച്ച് സംസ്ഥാനത്തെ ഫോനി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ അവഗണിക്കുന്നതാണ് പ്രധാനമന്ത്രിയുടെ നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ രണ്ട് തവണ ബംഗാള്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും മറുപടി ലഭിക്കാത്തതിനാലാണ് ഗവര്‍ണറെ വിളിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം. രണ്ട് തവണ പ്രധാനമന്ത്രിയുടെ ഓഫീസ് മമതയെ വിളിക്കാന്‍ ശ്രമിച്ചപ്പോഴും മുഖ്യമന്ത്രി യാത്രയിലാണ് എന്നായിരുന്നു മറുപടി.
content highlights: PM Modi accuses Mamata of playing politics over cyclone