ന്യൂഡല്‍ഹി: വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയനായ മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കും. സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് വാരാണസിയില്‍ ജനവിധി തേടുന്നത്. നേരത്തെ ശാലിനി യാദവിനെ വാരാണസിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവരെ പിന്‍വലിക്കുകയായിരുന്നു.
ബി.എസ്.എഫ്. ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചതോടെയാണ് തേജ് ബഹാദൂര്‍ യാദവ് ശ്രദ്ധേയനായത്. എന്നാല്‍ യാദവിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി അദ്ദേഹത്തെ സേനയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
ബി.എസ്.എഫില്‍നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹദൂര്‍ യാദവ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ വാരാണസിയില്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്തു.
Content Highlights: opposition alliance fields ex bsf jawan tej bhadur yadav as sp candidate in varanasi, against modi